Skip to main content

kejriwal janata darbar

 

മിമിക്രിയെ കലയായി അംഗീകരിച്ച് അത് ആസ്വദിക്കുന്ന മനുഷ്യന്റെ മാനസികാവസ്ഥയില്‍ സ്വാഭാവികമായി ഉണ്ടാവുന്ന പരിണാമമുണ്ട്. ആ അയഥാര്‍ഥമായതിനെ കൂടുതല്‍ ഇഷ്ടപ്പെടുകയും എന്നാല്‍ അതിലെ യാഥാര്‍ഥ്യത്തിന്റേതായ നിഴലിപ്പിനോട് പ്രേമവും അഭിനിവേശവും ഉണ്ടാവുകയും ചെയ്യും. ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാള്‍ ഇത് നന്നായി മനസ്സിലാക്കിയ വ്യക്തിയാണ്. അവികസിത, വികസ്വര രാജ്യങ്ങളിലെ തനതു സംസ്കാരത്തെ തദ്ദേശവാസികള്‍ അറിയാതെ, അവരുടെ ഉന്നമനത്തിനു വേണ്ടിയാണെന്ന് അവരെ ബോധ്യപ്പെടുത്തി, അവരെക്കൊണ്ട് അവരുടെ തന്നെ നാശത്തിന്നാധാരമായ കാര്യങ്ങള്‍ ആവേശപൂര്‍വ്വം സ്വീകരിപ്പിക്കുന്ന പ്രക്രിയ കഴിഞ്ഞ അമ്പതു വര്‍ഷമായി വികസിത രാജ്യങ്ങള്‍ തുടര്‍ന്നു വരുന്ന നടപടിയാണ്. അതിനവര്‍ വിദഗ്ധമായി ഉപയോഗിക്കുന്ന സ്ഥാപനങ്ങളാണ് ഐക്യരാഷ്ട്രസഭയും ലോകാരോഗ്യ സംഘടനയുമൊക്കെ. ഒരുനിമിഷം ആലോചിച്ചാല്‍ ഓരോ വ്യക്തിക്കും അത് മനസ്സിലാകുന്നതേ ഉള്ളു. ഊ ഭൂപ്രതലം മനുഷ്യനുള്‍പ്പടെ ഒരു ജീവിജാലത്തിനും സ്വച്ഛമായി ജീവിക്കാന്‍ പറ്റാത്ത ഇടമായി മാറിയതും അതുകൊണ്ടാണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെല്ലാം തന്നെ കേരളത്തില്‍ ക്യാന്‍സര്‍ സെന്റര്‍ തുടങ്ങേണ്ടി വരുന്നതും അതുകൊണ്ടു തന്നെ. പ്രത്യക്ഷത്തില്‍ രക്ഷയ്ക്കെന്നു തോന്നിപ്പിച്ചാണ് ഈ പദ്ധതികള്‍ ഓരോന്നും സ്വീകാര്യമാക്കുന്നത്. നാശം വന്നു കഴിയുമ്പോള്‍ മാത്രമേ അപകടം അറിയുകയുള്ളു. നിലവിലുള്ള സംവിധാനത്തിന്റെ ജീര്‍ണ്ണതയുടെ പരമകാഷ്ഠയിലെത്തിയതാണ് അരവിന്ദ് കേജ്രിവാളിന്റേയും ആം ആദ്മി പാര്‍ട്ടിയുടേയും ആവിര്‍ഭാവത്തിന്റേയും സ്വീകാര്യതയുടേയും കാരണം. ആ ജീര്‍ണ്ണതയുടെ ഫലമായുണ്ടായ അസംതൃപ്തിയും അടക്കിയ രോഷവുമാണ് കേജ്രിവാളും കൂട്ടരും വിദഗ്ധമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്. അതില്‍ കേജ്രിവാള്‍ ഉപയോഗിക്കുന്ന തന്ത്രങ്ങള്‍ എല്ലാം തന്നെ ഗാന്ധിജി ദേശീയ പ്രസ്ഥാനത്തില്‍ ഉപയോഗിച്ചതും. ഇന്ത്യന്‍ ജനതയുടെ കോശസ്മൃതികളില്‍ ഉറങ്ങിക്കിടന്ന ഗാന്ധിയെ കേജ്രിവാള്‍ എല്ലാ അര്‍ഥത്തിലും ഉണര്‍ത്തി. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോകുമ്പോള്‍ അവര്‍ നമ്മുടെ സുഹൃത്തുക്കളായിരിക്കണം എന്ന ഓര്‍മ്മിപ്പിക്കലിലായിരുന്നു ഗാന്ധിജി അഹിംസാ സിദ്ധാന്തത്തെ ആധാരമാക്കി ദേശീയ പ്രസ്ഥാനത്തെ നയിച്ചത്. അഹിംസയില്‍ വിദ്വേഷത്തിന് സ്ഥാനമില്ല. കേജ്രിവാളും കൂട്ടരും വിദ്വേഷത്തിന്റെ സര്‍ഗ്ഗാത്മകതയെ ഉപയോഗിച്ച് സ്വന്തം സഹോദരങ്ങളെ ശത്രുക്കളായി ചിത്രീകരിച്ച് ഞങ്ങള്‍ മാത്രം നല്ലവര്‍ മറ്റുള്ളവര്‍ എല്ലാം അധമര്‍ എന്ന സമവാക്യം പരത്തിയാണ് ആം ആദ്മിയിലേക്ക് ആളെക്കൂട്ടുന്നതും തെരഞ്ഞെടുപ്പിനെ നേരിടുന്നതും. മിമിക്രി ആസ്വദിച്ചു ശീലിച്ച ജനം അത് വിശ്വസിക്കുന്നു.

 

ഗാന്ധിജിയുടെ ലളിതജീവിതവും വളരെ ചെലവേറിയ പദ്ധതിയായിരുന്നു. അത് പ്രത്യക്ഷത്തിലെ ചെലവുമാത്രമാണ്. എന്നാല്‍ ആ ലാളിത്യത്തിലൂടെ ഗാന്ധിജി സംവേദിക്കാന്‍ ഉദ്ദേശിച്ച മൂല്യം അമൂല്യമായിരുന്നു. അതുമായി തട്ടിച്ചുനോക്കുമ്പോള്‍ അതിനുവേണ്ടി ചെലവായ തുകയും ബദ്ധപ്പാടുകളും തുലോം തുച്ഛം. മ്യൂസിയങ്ങളിലൂടെയല്ലാതെ ജൈവമായി സമൂഹത്തിലൂടെ മൂല്യത്തെ സംരക്ഷിക്കുന്ന ഭാരതീയ  മാതൃകയായിരുന്നു അത്. കേജ്രിവാളും അതേ ഗാന്ധി സങ്കേതം ഉപയോഗിച്ചു. ഗാന്ധിജി ലോകത്തിന് ഒരു ജീവിത വീക്ഷണമായിട്ടാണ് എല്ലാം പ്രതീകാത്മകമായി ചെയ്തത്. കേജ്രിവാള്‍ സുരക്ഷ ഒഴിവാക്കുന്നതും സാധാരണക്കാരനായി  സ്വയം ഉയര്‍ത്തിക്കാട്ടാനായി ഇപ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്തിരുന്നു ചെയ്യുന്നതെല്ലാം മറ്റുള്ളവരുടെ ജീര്‍ണ്ണതയെ ഉയര്‍ത്തിക്കാട്ടാന്‍ വേണ്ടിയാണ്. സമൂഹത്തില്‍ വ്യാപിക്കുന്ന വിപരീതാത്മകതയെ സമാഹരിക്കല്‍. ഇവിടെയാണ് ആം ആദ്മി പാര്‍ട്ടി രാഷ്ട്രീയത്തിന് പകരം ജനായത്ത പശ്ചാത്തലത്തില്‍ അരാഷ്ട്രീയതയെ പ്രോത്സാഹിപ്പിക്കുന്നത്. ഇപ്പോഴും ആ പാര്‍ട്ടിക്ക് രാഷ്ട്രീയമായി ചിന്തിക്കാനോ ശബ്ദിക്കാനോ കഴിയുന്നില്ല. ജനക്കൂട്ടത്തിന്റെ വികാരക്കൂട്ടായ്മയെയാണ് ജനായത്ത സംവിധാനത്തിന്റെ അടിസ്ഥാനമായി ആം ആദ്മി കാണുന്നതെന്നു തോന്നും അവരുടെ ഓരോ നടപടികള്‍ കാണുമ്പോള്‍. അധികാരത്തിലേറി ഒരു മാസം തികയുന്നതിനു മുന്‍പു തന്നെ അദ്ദേഹത്തിന് ദര്‍ബാര്‍ ഉപേക്ഷിക്കേണ്ടി വന്നു. ഇന്ന് ഇന്ത്യയില്‍ ഒരുപക്ഷേ ഏറ്റവുമധികം സുരക്ഷാ സംവിധാനം അനുഭവിക്കുന്ന ഭരണാധികാരിയും കേജ്രിവാള്‍ തന്നെ. കാരണം സാധാരണ വേഷക്കാരായ സുരക്ഷാ ഉദ്യോഗസ്ഥര്‍ പലരീതിയില്‍ അദ്ദേഹത്തിന് സുരക്ഷയൊരുക്കുന്നതില്‍ പലവിധം തങ്ങളുടെ കൃത്യനിര്‍വഹണം നിര്‍വഹിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന് യു.പി സര്‍ക്കാര്‍ ഏറ്റവും മുന്തിയ സെഡ് വിഭാഗം സുരക്ഷ ഒരുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

 

ഭരണാധികാരി  മാതൃകയാവണം. എല്ലാ അര്‍ഥത്തിലും. എന്നാല്‍, അത് മറ്റുള്ളവര്‍ ചെയ്യുന്നത് ചെയ്യാത്ത എളുപ്പവിദ്യയാകരുത്. അത് ശ്രദ്ധ ക്ഷണിക്കാന്‍ മാത്രമേ ഉതകൂ. ഒടുവില്‍ നിലവിലുള്ള സംവിധാനങ്ങള്‍ തകരുകയും അരാജകത്വാവസ്ഥ സംജാതമാവുകയും ചെയ്യും. അതുകൊണ്ടും കുഴപ്പമൊന്നുമില്ല. അതില്‍ നിന്നും പുത്തന്‍ സംവിധാനങ്ങള്‍ ഉയര്‍ന്നു വരും. പക്ഷേ വില ചിലപ്പോള്‍ അല്‍പ്പം കൂടുതല്‍ നല്‍കേണ്ടി വരുമെന്നു മാത്രം. ആ വില എന്താവുമെന്ന് കാലം നിശ്ചയിക്കുകയും ചെയ്യും. മുന്നില്‍ കാണുന്ന ലോകസഭാ തിരഞ്ഞെടുപ്പിനായി  ദില്ലി സംസ്ഥാന ഭരണത്തെ കേജ്രിവാള്‍ ഉപയോഗിക്കുവാന്‍ ശ്രമിക്കുകയാണെങ്കില്‍ അത് ചരിത്രപരമായ ഏറ്റവും വലിയ അഴിമതി തന്നെയായേക്കും. ഗാന്ധിസത്തിന്റെ പ്രയോഗം സ്വതന്ത്ര ഇന്ത്യയില്‍ വികലമാക്കപ്പെടുകയും വളച്ചൊടിക്കപ്പെടുകയുമൊക്കെ ചെയ്തിട്ടുണ്ട്. ഒടുവില്‍ ഗാന്ധിജിയും ഗാന്ധിസവും വെറും വഴിപാടായപ്പോഴാണ് ആം ആദ്മി പാര്‍ട്ടിയുടെ ഉദയം. ആം ആദ്മി പാര്‍ട്ടി ഗാന്ധിസത്തിനു വരുത്തിവയ്ക്കുന്ന വ്യതിയാനം കഴിഞ്ഞ ആറു പതിറ്റാണ്ടുകള്‍ കൊണ്ട് രാജ്യത്തെ വിവിധ രാഷ്ട്രീയപാര്‍ട്ടികളും സര്‍ക്കാരുകളും വരുത്തിവച്ച അപകടത്തേക്കാള്‍ വലുതു തന്നെയാകും. അവിടെയാണ് ആം ആദ്മി പാര്‍ട്ടിയുടെ അരാഷ്ട്രീയത്വം വിനാശകരമാകുന്നത്. ജനായത്ത സംവിധാനത്തെ ക്ഷീണിപ്പിക്കാന്‍ ഏറ്റവും നല്ല വിദ്യയെന്നുള്ളത് അരാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുക എന്നതാണ്. വികസിതരാജ്യങ്ങള്‍ സന്നദ്ധ സംഘടന (എന്‍.ജി.ഒ)കളിലൂടെ ഇന്ത്യയില്‍ ഇക്കാലമത്രയും ശ്രമിച്ചുകൊണ്ടിരുന്നുതും തുടരുന്നതും അതുതന്നെയാണ്. ജീര്‍ണ്ണതയുടെ പാതയിലൂടെ നീങ്ങുന്ന മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ ഇപ്പോഴും ശീലിച്ച വഴി വിടാന്‍ തയ്യാറാകാതെ പഴയ തന്ത്രങ്ങളുമായി മുന്നോട്ടു പോകുന്നു എന്നത് ദുരന്തം തന്നെ. ആം ആദ്മി പാര്‍ട്ടിക്ക് അത് വളവും. അതിനാല്‍ അവരുടെ വളര്‍ച്ച സ്വാഭാവികവും. കേജ്രിവാളിന്റേയും കൂട്ടരുടേയും മുന്നിലുള്ള വെല്ലുവിളി ഒരേസമയം കാലത്തിനുതകുന്ന പ്രതീകാത്മക പ്രവര്‍ത്തനത്തെ രാജ്യത്തിന്റെ സാംസ്കാരിക ഭൂമികയില്‍ പ്രായോഗികമായി  എങ്ങനെ വിനിയോഗിക്കാം എന്നുള്ളതാണ്. അവിടെയാണ് രാഷ്ട്രീയ വീക്ഷണം അനിവാര്യമായി വരുന്നത്. ആം ആദ്മിക്ക് ഇതുവരെ ഇല്ലാത്തതും അതാണ്. അതുകൊണ്ടാണ് അസംതൃപ്തരായവര്‍ ആം ആദ്മിയിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. കവി കുഞ്ഞിരാമന്‍ നായരുടെ വാക്കുകള്‍ പ്രസക്തമാകുന്നു. കാക്കകളുടെ കൂടെ കൊത്തിപ്പറക്കി  അവയിലൊന്നായി നടന്ന് കുയിലിനേപ്പോലെ പാടുന്നവനായിരിക്കണം ജനായത്ത സംവിധാനത്തിലെ നേതാവ്. ഗാന്ധിജിയുടെ സ്മരണപോലും ആ കുയില്‍നാദത്തിന്റെ  നാമറിയുന്ന മധുരമാണ്. ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് കാക്കക്കൂട്ടക്കരച്ചിലാണ് ഇതുവരെ കേള്‍ക്കാന്‍ കഴിയുന്നത്. ആ കൂട്ടക്കരച്ചലില്‍ പൊറുതിമുട്ടി രക്ഷപ്പെട്ടോടുന്ന ചിത്രമാണ് ദര്‍ബാര്‍ അവസാനിപ്പിച്ചതിലൂടെ തെളിഞ്ഞുവരുന്നതും. മിമിക്രി തല്‍ക്കാല രസം പകരുമെങ്കിലും അത് സര്‍ഗാത്മകതയുള്ള കലയല്ല. അതിനെ കലയ്ക്ക് പകരമായി കാണുന്നതും പ്രയോഗിക്കുന്നതും ആശാവഹമല്ല.

Tags