കല്‍ക്കരിപ്പാടം ഇടപാടില്‍ വീഴ്ചപറ്റിയെന്ന് സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍. ഇടപാട് കൂടുതല്‍ സുതാര്യമാക്കേണ്ടിയിരുന്നുവെന്ന് അറ്റോര്‍ണി ജനറല്‍ (എ.ജി) ജി.ഇ വഹന്‍വതി കോടതിയെ അറിയിച്ചു. ഊര്‍ജ രംഗത്തെ വളര്‍ച്ച അടക്കം നല്ല ഉദ്ദേശത്തോടെയാണ് കല്‍ക്കരിപ്പാടങ്ങള്‍ വിതരണം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ നടപടിക്രമങ്ങളില്‍ സാങ്കേതികമായ പിഴവ് സംഭവിക്കുകയായിരുന്നുവെന്നും എ.ജി അറിയിച്ചു.
കല്‍ക്കരിപ്പാടങ്ങള്‍ വിതരണം ചെയ്ത നടപടിക്രമത്തില്‍ ചില വീഴ്ചകള്‍ സംഭവിച്ചുവെന്നും ഇടപാട് കുറേക്കൂടി സുതാര്യമാകേണ്ടിയിരുന്നുവെന്നും സംസ്ഥാനങ്ങളുമായി ഇതു സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടത്തേണ്ടിയിരുന്നുവെന്നും എന്നാല്‍ ഇതുണ്ടാകാതിരുന്നത് വീഴ്ചയാണെന്ന് സമ്മതിക്കുന്നു എന്നും എ.ജി സുപ്രീംകോടതിയെ അറിയിച്ചു. കേസിന്റെ വിചാരണ സുപ്രീംകോടതിയില്‍ തുടരുകയാണ്.
മൂന്നു പൊതുതാല്പര്യ ഹർജ്ജികളുടെ അടിസ്ഥാലത്തില്‍ 1993 മുതലുള്ള കല്‍ക്കരിപ്പാട വിതരണം സുപ്രീംകോടതി പരിശോധിച്ച് വരികയാണ്. സി.എ.ജി പാര്‍ലമെന്റിന് നല്കിയ റിപ്പോര്‍ട്ട് അനുസരിച്ച് ഇടപാടില്‍ ഒന്നേമുക്കാല്‍ ലക്ഷം കോടി രൂപയുടെ അഴിമതിയാണ് നടന്നത്.
