Skip to main content
കൊച്ചി

kochi biennale

 

കൊച്ചി-മുസ്സിരിസ് ബിനാലെയുടെ രണ്ടാം പതിപ്പ് 12-12-14 ന് ആരംഭിക്കും. മട്ടാഞ്ചേരി പെപ്പര്‍ ഹൗസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയാണ് ബിനാലെ 2014-ന്റെ തിയ്യതി പ്രഖ്യാപിച്ചത്. ബിനാലെയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായ 'പെപ്പര്‍ ഹൗസ് ആര്‍ട്ട് റസിഡന്‍സി'യുടെ ഉദ്ഘാടനം ബിനാലെയുടെ പുതിയ ക്യുറേറ്റര്‍ ജിതീഷ് കല്ലാട്ട് നിര്‍വ്വഹിച്ചു. 

 

അന്തരിച്ച സൗത്ത് ആഫ്രിക്കന്‍ നേതാവ് നെല്‍സന്‍ മണ്ടേലയെ അനുസ്മരിക്കുന്ന വാചകം ആലേഖനം ചെയ്ത വേദിയിലായിരുന്നു ചടങ്ങ്. ഡൊമിനിക് പ്രസന്റേഷന്‍ എം.എല്‍.എ , കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ഭാരവാഹികളായ ബോസ് കൃഷ്ണമാചാരി, റിയാസ് കോമു, ഹോര്‍മിസ് തരകന്‍, ബോണി തോമസ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. കൊച്ചിയിലെ പഴയകാല ഹാര്‍മോണിയം വിദഗ്ധന്‍ ഭാഷാ ഭായിയുടെ ഹാര്‍മോണിയം സംഗീത്തോടെയായിരുന്നു ചടങ്ങ് ആരംഭിച്ചത്. 

 

കലാകാരന്‍മാര്‍ക്ക് കൊച്ചി കായലോരത്തെ പെപ്പര്‍ ഹൗസില്‍ താമസിച്ച് കലാരചന നടത്തുന്നതിനുള്ള അവസരമാണ് ആര്‍ട്ട് റസിഡന്‍സി ഒരുക്കുക. യു.എസില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കലാകാരി അവന്തിക ബാവ, ജര്‍മ്മന്‍ കലാകാരി അഞ്ച ബോന്‍ഹോഫ്, മലയാളിയായ ലിയോണ്‍ കെ.എല്‍ എന്നിവരാണ് ആദ്യ റസിഡന്‍സി കലാകാരന്‍മാര്‍. 

 

ഗൊയ്‌ഥെ ഇന്‍സ്റ്റിറ്റിയൂട്ട്, ബാഗ്ലൂറസിഡന്‍സി, പെപ്പര്‍ ഹൗസ് എന്നീ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് ആര്‍ട്ട് റസിഡന്‍സി സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി പെപ്പര്‍ ഹൗസില്‍ സമകാലിക ദൃശ്യകലാ ലൈബ്രറിയും ആരംഭിച്ചിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള സമകാലിക ചിത്രകല, ശില്‍പകല, നൃത്തകല, സിനിമ, വാസ്തു ശില്പകല, ഗ്രന്ഥങ്ങളും സി.ഡി കളും ലൈബ്രറിയില്‍ പൊതുജനങ്ങള്‍ക്ക് പരിശോധനക്ക് ലഭ്യമാവും.