Skip to main content
തിരുവനന്തപുരം

കോഴിക്കോട്‌ ജില്ലാ ജയിലില്‍ ടി.പി. വധക്കേസ്‌ പ്രതികള്‍ മൊബൈല്‍ ഫോണും ഫേസ്‌ബുക്കും ഉപയോഗിച്ചതു സംബന്ധിച്ചുണ്ടായ വിവാദ പരാമര്‍ശങ്ങളെത്തുടര്‍ന്ന്‍ ജയില്‍ ഡി.ജി.പി അലക്സാണ്ടര്‍ ജേക്കബ്ബിനെ ഡി.ജി.പി സ്ഥാനത്ത് നിന്ന് മാറ്റി. പ്രതികളെ ന്യായീകരിച്ച് നടത്തിയ വിവാദ പരാമര്‍ശത്തെത്തുടര്‍ന്നാണ് നടപടി. ജയില്‍ ചട്ടലംഘനവിവാദത്തില്‍ പ്രതികളെ ന്യായീകരിക്കുകയല്ല ചെയ്‌തതെന്നും എന്നാല്‍ ആ രീതിയിലേക്കു വിവാദം വഴിതിരിഞ്ഞതില്‍ ദുഃഖമുണ്ടെന്നും അലക്‌സാണ്ടര്‍ ജേക്കബ്‌ ആഭ്യന്തരമന്ത്രിക്കു നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇദ്ദേഹം നല്‍കിയ വിശദീകരണം തൃപ്തികരമല്ലാത്തതിനെത്തുടര്‍ന്നാണ് പുതിയ നടപടി.

 

അലക്‌സാണ്ടര്‍ ജേക്കബിന് പുതിയ ചുമതല നല്‍കിയിട്ടില്ല. ഇന്റലിജന്‍സ് മേധാവി ടി.പി. സെന്‍കുമാറിന് ജയില്‍ വകുപ്പിന്റെ പൂര്‍ണ അധിക ചുമതല നല്‍കി. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നിര്‍ദേശ പ്രകാരം വെള്ളിയാഴ്ച രാത്രി ഏഴരയോടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇതുസംബന്ധിച്ച ഫയലില്‍ ഒപ്പുവെയ്ക്കുകയായിരുന്നു. ജയില്‍ മേധാവിക്ക് ജയിലിന്റെ പ്രവര്‍ത്തനങ്ങളില്‍ നിയന്ത്രണം നഷ്ടപ്പെട്ടുവെന്നും ആഭ്യന്തരവകുപ്പ് വിലയിരുത്തി.

 

അതേസമയം താന്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ അലക്‌സാണ്ടര്‍ ജേക്കബ് ദുഃഖം പ്രകടിപ്പിച്ചു. മാധ്യമപ്രവര്‍ത്തകരുടെ സമ്മര്‍ദം കാരണമാണ് പരാമര്‍ശങ്ങള്‍ നടത്തിയതെന്ന് അദ്ദേഹം ആഭ്യന്തരമന്ത്രിയെ അറിയിച്ചു. പ്രതികളെ ന്യായീകരിക്കാന്‍ ശ്രമിച്ചില്ല. വിചാരണത്തടവുകാരനായ പി. മോഹനനെ ഭാര്യ കെ.കെ. ലതിക എം.എല്‍.എ. കണ്ടതു തെറ്റല്ലേയെന്ന ചോദ്യത്തിന്‌ എന്താണു തെറ്റെന്ന മറുചോദ്യമാണ് ഡി.ജി.പി ചോദിച്ചത്. വാര്‍ത്ത വന്നപ്പോള്‍ അതു വളച്ചൊടിക്കപ്പെട്ടെന്നും അലക്‌സാണ്ടര്‍ ജേക്കബ്‌ ആരോപിച്ചു.

 

ആഭ്യന്തര വകുപ്പ് നടപ്പാക്കുന്നത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ തീരുമാനങ്ങളാണെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. ഡി.ജി.പിയെ തല്‍സ്ഥാനത്ത് നിന്നും നീക്കിയത് മാധ്യമാങ്ങളോട് തെറ്റായ പരാമര്‍ശം നടത്തിയതിന്റെ ഭാഗമായിട്ടാണെന്നും അദ്ദേഹം പറഞ്ഞു.