Skip to main content
മൂലമറ്റം

moolamattom power station

 

അറ്റകുറ്റപ്പണിക്കള്‍ക്കായി മൂലമറ്റം വൈദ്യുതി നിലയം അടച്ചിടുന്നതിനാല്‍ സംസ്ഥാനത്ത് ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ പകലും രാത്രിയും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തും. വൈകുന്നേരം ആറിനും രാത്രി പത്തിനുമിടയില്‍ എല്ലാ പ്രദേശത്തും അര മണിക്കൂര്‍ വീതം നിയന്ത്രണമുണ്ടാകും. പകല്‍ രാവിലത്തെ പീക്ക് സമയത്തായിരിക്കും നിയന്ത്രണം. ചില പ്രദേശങ്ങളില്‍ കൂടുതല്‍ സമയം നിയന്ത്രണം വന്നേക്കാം.

 

കേന്ദ്ര വൈദ്യുതി വിഹിതം കുറഞ്ഞതിനെ തുടര്‍ന്ന് സംസ്ഥാനത്ത് രണ്ടു ദിവസമായി വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. താല്‍ച്ചര്‍, സിംഹാദ്രി നിലയങ്ങളില്‍ നിന്ന് ലഭിക്കേണ്ട 450 മെഗാവാട്ട് വൈദ്യുതിയാണ് കുറഞ്ഞത്. മഹാനദി കല്‍ക്കരിപ്പാടത്തെ തൊഴിലാളി സമരം കാരണം കല്‍ക്കരി ലഭ്യത കുറഞ്ഞതിനാല്‍ ഈ നിലയങ്ങളില്‍ ഉല്‍പാദനം കുറഞ്ഞിരിക്കുകയാണ്. മൂലമറ്റം നിലയം അടച്ചിടുന്ന അവസരത്തിലും കേന്ദ്ര വിഹിതത്തിലെ കുറവ് തുടര്‍ന്നാല്‍ സംസ്ഥാനത്തെ സ്ഥിതി കൂടുതല്‍ രൂക്ഷമാകും. മൂലമറ്റം അടച്ചിടുമ്പോള്‍ ഉണ്ടാകുന്ന പകല്‍ 400 മെഗാവാട്ടിന്റേയും പീക്ക് സമയത്ത് 700 മെഗാവാട്ടിന്റേയും കുറവ് കായംകുളം താപനിലയത്തില്‍നിന്നും മറ്റ് ഏജന്‍സികളില്‍നിന്നും വൈദ്യുതി വാങ്ങി നികത്താനാണ് തീരുമാനം.

 

ഭൂഗര്‍ഭ അറയ്ക്കുള്ളിലെ കേന്ദ്രീകൃത ശീതികരണ സംവിധാനവും വെന്റിലേഷനും പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായി ശനിയാഴ്ച രാത്രി 11 മുതലാണ് മൂലമറ്റത്ത് ഉല്‍പാദനം നിര്‍ത്തുക. അറ്റകുറ്റപ്പണിക്ക് ശേഷം ഡിസംബര്‍ രണ്ടാം തീയതി വൈകുന്നേരം അഞ്ച് മുതല്‍ വീണ്ടും പ്രവര്‍ത്തിച്ചുതുടങ്ങും. ഈ മാസം ആദ്യം പവര്‍ഹൗസില്‍ ഉണ്ടായ രണ്ട് പൊട്ടിത്തെറികളെ തുടര്‍ന്ന് സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കിയിരുന്നു. ജനറേറ്ററുകളില്‍ കൂടുതല്‍ പരിശോധനകളും ഈ ദിവസങ്ങളില്‍ ഉണ്ടാകും.