Skip to main content
കോഴിക്കോട്

കോഴിക്കോട് ചക്കിട്ടപ്പാറയില്‍ കര്‍ണാടക കമ്പനിക്ക് ഇരുമ്പയിര് ഖനനത്തിന് അനുമതി നല്‍കിയ നടപടി സര്‍ക്കാര്‍ റദ്ദാക്കി. കൊയിലാണ്ടി താലൂക്കിലെ ചക്കിട്ടപ്പാറയില്‍ പ്ലാന്‍റെഷന്‍ കോര്‍പ്പറേഷന്‍റെ കൈവശമുള്ള 406.45 ഹെക്ടര്‍ സ്ഥലത്തെ ഖനനത്തിനു നല്‍കിയ അനുമതിയാണ് റദ്ദാക്കിയത്. ഇതു സംബന്ധിച്ച അന്തിമ തീരുമാനം മുഖ്യമന്ത്രിയുമായി ചര്‍ച്ചചെയ്ത ശേഷമുണ്ടാകുമെന്നും വ്യവസായ വകുപ്പ് അറിയിച്ചു.

 

പരിസ്ഥിതി ലോല മേഖലയില്‍പ്പെടുന്ന ചക്കിട്ടപ്പാറയില്‍ ഖനനം നടത്താന്‍ കമ്പനിക്ക് അനുമതി നല്‍കിയത് ഇടത് സര്‍ക്കാരിന്റെ കാലത്താണെന്നാണ് കഴിഞ്ഞ ദിവസം വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടി ഇതുസംബന്ധിച്ച് പറഞ്ഞിരുന്നത്. അനുമതി തേടി കമ്പനി രണ്ടു തവണ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിരുന്നുവെന്നും വ്യവസായ വകുപ്പ് ആരോപിച്ചു.

 

ഇതിനിടെ ചക്കിട്ടപ്പാറയിലെ ഇരുമ്പയിര് ഖനനാനുമതിക്ക് പിന്നില്‍  മുന്‍മന്ത്രി എളമരം കരീമും വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടിയുമാണെന്ന് ബി.ജെ.പി നേതാവ് പി.സുരേന്ദ്രന്‍ ആരോപിച്ചു. ഖനിക്ക് വനം-വന്യജീവി, പരിസ്ഥിതി, മൈനിംഗ് മന്ത്രാലയങ്ങള്‍ അനുമതി നല്‍കിയത് വേണ്ടത്ര പരിശോധന നടത്താതെയാണെന്നും ആരോപണം ഉയര്‍ന്നിരുന്നു.