Skip to main content

 

നാല്‍പ്പത്തി നാലാമത് ഗോവ അന്താരാഷ്‌ട്ര ചലച്ചിത്ര മേളക്ക് തിരി തെളിഞ്ഞു. ഓസ്‌കര്‍ ജേതാവും പ്രശസ്ത ഹോളിവുഡ്‌ നടിയുമായ സൂസന്‍ സാറന്‍ഡണ്‍ മേള ഉദ്‌ഘാടനം ചെയ്‌തു. ബോളിവുഡ്‌ താരം രേഖ, ആശാ ഭോസ്‌ലെ, കമലഹാസന്‍, റാണി മുഖര്‍ജി, രമേഷ്‌ സിപ്പി, ഹുമാ ഖുറേഷി, ആലിയ ഭട്ട്‌ തുടങ്ങിയ പ്രമുഖര്‍ ഉദ്‌ഘാടനച്ചടങ്ങിനെത്തിയിരുന്നു. സംവിധായകനും നടനുമായ ജിറി മന്‍സിലിന്റെ ദ ഡോണ്‍ ജുവാന്‍സ് ആയിരുന്നു ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചത്.

 

ചലച്ചിത്രോത്സവത്തിന്റെഭാഗമായി ലോക ചലച്ചിത്രപ്രതിഭക്ക് നല്‍കുന്ന 10 ലക്ഷം രൂപയുടെ സമഗ്രസംഭാവനക്കുള്ള പുരസ്കാരം കേന്ദ്രമന്ത്രി മനീഷ് തിവാരിയും ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറും ചേര്‍ന്ന് ചെക് ചലച്ചിത്ര സംവിധായകന്‍ ജിറി മന്‍സിലിന് സമ്മാനിച്ചു. ഇന്ത്യന്‍ സിനിമാ ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായുള്ള ഈ വര്‍ഷത്തെ പുരസ്‌കാരം വഹീദാ റഹ്മാനു ലഭിച്ചു. ഇനി മുതല്‍ എല്ലാ വര്‍ഷവും ഈ അവാര്‍ഡ് നല്‍കുമെന്ന് കേന്ദ്രമന്ത്രി മനീഷ് തീവാരി പറഞ്ഞു.

 

പനോരമ വിഭാഗത്തില്‍ മലയാളി കെ.ആര്‍. മനോജിന്റെ ‘കന്യകാ ടാക്കീസ്’ ആണ് വ്യാഴാഴ്ച ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിക്കുന്നത്. കുഞ്ഞനന്തന്റെ കട, സെല്ലുലോയ്ഡ്, 101 ചോദ്യങ്ങള്‍, ആര്‍ട്ടീസ്റ്റ്, ഷട്ടര്‍ എന്നീ സിനിമകളും പനോരമയുടെ സ്‌ക്രീനിലെത്തും. മത്സരവിഭാഗത്തില്‍ പതിനഞ്ച് സിനിമകളാണ് സുവര്‍ണമയൂരത്തിനായുള്ളത്. പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന മേളയില്‍ 75 രാജ്യങ്ങളില്‍ നിന്നുള്ള 327 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.