Skip to main content
കൊച്ചി

jithish kallat2014 ഡിസംബറില്‍ ആരംഭിക്കുന്ന കൊച്ചി-മുസ്സിരിസ് ബിനാലെയുടെ രണ്ടാംപതിപ്പിന്റെ ക്യൂറേറ്ററായി ജിതീഷ് കല്ലാട്ടിനെ തെരഞ്ഞെടുത്തു. ആദ്യപതിപ്പില്‍ രണ്ടുപേര്‍ ചേര്‍ന്നാണ് ബിനാലെ ക്യൂറേറ്റ് ചെയ്തതെങ്കില്‍ അടുത്ത പതിപ്പില്‍ ഒരാള്‍ മാത്രമാണ് ക്യൂറേറ്ററായി ഉണ്ടാകുക. കൊച്ചി മേയര്‍ ടോണി ചമ്മിണിയാണ് വാര്‍ത്താസമ്മേളനത്തില്‍ ക്യൂറേറ്ററെ പ്രഖ്യാപിച്ചത്. ബിനാലെ പോലെയുള്ള കലാ പ്രദര്‍ശനങ്ങള്‍ക്കായി കൊച്ചിയില്‍ സ്ഥിരം വേദി സ്ഥാപിക്കാനുദ്ദേശ്യമുണ്ടെന്ന് മേയര്‍ പറഞ്ഞു.

 

രാജ്യത്തെ പ്രമുഖരായ ആര്‍ട്ടിസ്റ്റുമാരും ക്യൂറേറ്റര്‍മാരും ഗ്യാലറിയുമായി ബന്ധപ്പെട്ടവരും കലാനിരൂപകരും ഉള്‍പ്പെടുന്ന ബിനാലെയുടെ പ്രത്യേക ഉപദേശകസമിതിയാണ് പുതിയ ക്യൂറേറ്ററെ നിശ്ചയിച്ചത്. ബിനാലെ ആദ്യപതിപ്പിന്റെ ക്യൂറേറ്റര്‍മാരായ ബോസ് കൃഷ്ണമാചാരിയും റിയാസ് കോമുവും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ഉപദേശകസമിതി ഒക്ടോബര്‍ 15ന് മുംബൈയില്‍ യോഗം ചേര്‍ന്നാണ് അന്തിമതീരുമാനമെടുത്തത്.

 

അന്തര്‍ദ്ദേശീയതലത്തില്‍ ആദരിക്കപ്പെടുന്ന ഇന്ത്യയിലെ സമകാലീന കലാകാരനാണ് ജിതീഷ് കല്ലാട്ടെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ് കൂടിയായ ബോസ് കൃഷ്ണമാചാരി പറഞ്ഞു. കലാ വിമര്‍ശനത്തില്‍ പാണ്ഡിത്യമുള്ള സമീപനവും സ്വന്തം കലാസൃഷ്ടിയോട് സൂക്ഷ്മതയുള്ള സമീപനവും പുലര്‍ത്തുന്ന പ്രതിഭാധനനാണ് ജിതീഷെന്ന് ഫൗണ്ടേഷന്‍ ട്രസ്റ്റികളിലൊരാളായ റിയാസ് കോമു അഭിപ്രായപ്പെട്ടു. അളവറ്റ ആവേശവും ഉത്തേജനവും നല്‍കുന്ന പദ്ധതി ഏറ്റടുക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ജിതീഷ് കല്ലാട്ട് പറഞ്ഞു.   

 

ബിനാലെയിലേക്കുള്ള വിഷയങ്ങളും ക്ഷണിക്കപ്പെടേണ്ട കലാകാരന്മാരേയും അവരുടെ കലാസൃഷ്ടികളും തീരുമാനിക്കുന്നത് ക്യൂറേറ്ററായിരിക്കും. ബിനാലെയുടെ വേദിയും സൃഷ്ടികളുടെ വിന്യാസവും നിശ്ചയിക്കുന്നതും ക്യൂറേറ്ററാണ്. 2014-ലെ ബിനാലെയ്ക്കു മുന്നോടിയായി ഒട്ടേറെ വ്യത്യസ്തങ്ങളായ വിദ്യാഭ്യാസ, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് ഫൗണ്ടേഷന്‍ പദ്ധതിയിടുന്നുണ്ട്.

 

പെയിന്റിംഗ്, ശില്‍പം, സ്ഥലകേന്ദ്രീകൃത വിന്യാസം, ആനിമേഷന്‍ വീഡിയോ, ഫോട്ടോഗ്രഫി എന്നിങ്ങനെ വ്യത്യസ്ത മാധ്യമങ്ങളില്‍ സൃഷ്ടികള്‍ ഒരുക്കിയിട്ടുള്ള ജിതീഷ് മുംബൈയിലാണ് ജനിച്ചു വളര്‍ന്നത്. 39-കാരനായ അദ്ദേഹം ഇപ്പോള്‍ സാന്‍ജോസ് മ്യൂസിയം ഓഫ് ആര്‍ട്ടില്‍ 'എപ്പിലോഗ്' എന്ന പേരില്‍ ഒരു സോളോ എക്‌സിബിഷന്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ലണ്ടനിലെ ടെയ്റ്റ് മോഡേണും ബെര്‍ലിനിലെ മാര്‍ട്ടിന്‍ ഗോര്‍പ്പിയസ് ബാവുവും ഉള്‍പ്പെടെ ലോകപ്രശസ്തങ്ങളായ ഒട്ടേറെ മ്യൂസിയങ്ങളിലും ആര്‍ട്ട് ഗ്യാലറികളിലും ജിതീഷിന്റെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. കൂടാതെ ഹവാന ബിനാലെ, ഗ്വാംജു ബിനാലെ, ഏഷ്യ പസഫിക് ട്രിനാലെ, ഫുക്കുവോക്ക ഏഷ്യന്‍ ആര്‍ട്ട് ട്രിനാലെ, ഏഷ്യന്‍ ആര്‍ട്ട് ബിനാലെ, ക്യുരിറ്റിബാ ബിനാലെ, ഗ്വാംഷ്വ ട്രിനാലെ, കീവ് ബിനാലെ തുടങ്ങിയവയിലും ജിതീഷ് പങ്കാളിയാണ്. 

 

ഇന്ത്യയിലേയും വിദേശങ്ങളിലേയും അനവധി ഗ്യാലറികളില്‍ ജിതീഷ് ഒറ്റയ്ക്കും പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. മുംബയിലെ ബാവു ദാജി ലാഡ് മ്യൂസിയം, മെല്‍ബോണിലെ ഇയാന്‍ പോട്ടര്‍ മ്യൂസിയം ഓഫ് ആര്‍ട്‌സ്, ചിക്കാഗോയിലെ ആര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവിടങ്ങളില്‍ സമീപനാളുകളിലാണ് ജിതീഷിന്റെ പ്രദര്‍ശനങ്ങള്‍ നടന്നത്.