
നാല്‍പ്പത്തിനാലാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള (ഐ.എഫ്.എഫ്.ഐ) നവംബര്‍ 20-ന് ഗോവയില്‍ ആരംഭിക്കും. മേളയില്‍ 160 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. പത്ത് ദിവസങ്ങളിലായി നടക്കുന്ന മേള 30-ന് സമാപിക്കുമെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ജോയിന്റ് ഡയറകടർ എസ്. സുബ്രഹ്മണ്യം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
15 ചിത്രങ്ങളാണ് ഇത്തവണ മികച്ച ചിത്രത്തിനായുള്ള സുവര്‍ണ്ണ മയൂരത്തിനായി മത്സരിക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള സിനിമകളുടെ പ്രത്യേക വിഭാഗം ഇത്തവണത്തെ പ്രത്യേകതയാണ്. ഇന്ത്യന്‍ പനോരമാ വിഭാഗത്തില്‍ 25 ഫീച്ചര്‍ ഫിലിമുകളും 15 നോണ്‍ ഫീച്ചര്‍ ഫിലിമുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യന്‍ പനോരമയില്‍ ഇത്തവണ ആറ് ചിത്രങ്ങള്‍ ആണ് പ്രദര്‍ശിപ്പിക്കുക. പി.വി ഷാജികുമാറിന്റെ കഥയെ ആസ്പദമാക്കി കെ.ആര് മനോജ് സംവിധാനം ചെയ്ത കന്യക ടാക്കീസ് ആണ് ഉദ്ഘാടന ചിത്രം. കമല്‍ സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം സെല്ലുലോയ്ഡ്, ജോയ് മാത്യുവിന്റെ ഷട്ടര്‍, ശ്യാമപ്രസാദ് സംവിധാനം ചെയ്ത ആര്‍ട്ടിസ്റ്റ്, സലീം അഹമ്മദിന്റെ കുഞ്ഞനന്തന്റെ കട, സിദ്ധാര്‍ഥ് ശിവയുടെ 101 ചോദ്യങ്ങള്‍ എന്നിവയാണ് ഇന്ത്യന്‍ പനോരമയിലെ മറ്റ് മലയാള ചിത്രങ്ങള്‍.
ജിറി മെൻസിലിന്റെ 'ദ ഡോൺ ജൂവാൻസ്' ആണ് ഉദ്ഘാടന ചിത്രം. ജസ്റ്റിൻ ചാഡ്വിക് സംവിധാനം ചെയ്ത 'മണ്ടേല ലോങ് വാക്ക് ടു ഫ്രീഡം' സമാപന ചിത്രവും. കൺട്രി ഫോക്കസ് വിഭാഗത്തിൽ ജപ്പാനിൽ നിന്നുള്ള ചിത്രങ്ങൾ പ്രദർശിപ്പിക്കും. കലാമൂല്യവും സാങ്കേതിക മികവുമുള്ള തിരഞ്ഞെടുക്കുന്ന മികച്ച ചിത്രത്തിന് ഇന്ത്യന്‍ സിനിമ സെന്റിനറി അവാര്‍ഡ് നല്‍കും. മൊത്തം 13.2 കോടി രൂപ സമ്മാനത്തുകയുള്ള പുരസ്കാരങ്ങള്‍ വിതരണം ചെയ്യും.
