Skip to main content
ന്യൂഡല്‍ഹി

പശ്ചിമഘട്ട സംരക്ഷണത്തിനായി കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഉത്തരവിറക്കി. ഡോ. കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള ഉന്നതതലസമിതി ഏപ്രില്‍ 15-ന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് സംബന്ധിച്ച് കേരളം ഉള്‍പ്പെടെയുള്ള ആറ് സംസ്ഥാനങ്ങളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും അഭിപ്രായം കണക്കിലെടുത്ത ശേഷമാണ് ഈ നടപടി.

 

ഉത്തരവനുസരിച്ച് പശ്ചിമഘട്ടത്തിന്‍റെ 40 ശതമാനത്തോളം വരുന്ന ജൈവവൈവിധ്യ പ്രദേശത്തെ നാച്വറല്‍ ലാന്‍ഡ്സ്കേപ് (സ്വാഭാവിക വനപ്രദേശം) ആയി പ്രഖ്യാപിച്ചു. കസ്തൂരി രംഗന്‍ കമ്മിറ്റി പരിസഥിതി ദുര്‍ബല പ്രദേശങ്ങള്‍ എന്ന് കണ്ടെത്തിയ ഇടങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഉണ്ടാകുക. ഖനനം, ക്വാറികള്‍, തുടങ്ങിവ അനുവദിക്കുകയില്ല. 20000 സ്‌ക്വയര്‍മീറ്ററില്‍ അധികം ഉള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി ലഭിക്കില്ല. ടൗണ്‍ഷിപ്പുകള്‍ക്കും മറ്റ് വികസന പരിപാടികള്‍ക്കും നിയന്ത്രണമുണ്ട്. വലിയ തോതില്‍ മലിനീകരണം ഉണ്ടാക്കുന്ന വ്യവസായ പദ്ധതികള്‍ക്കും അനുമതി ലഭിക്കുകയില്ല. അതേസമയം ഏപ്രില്‍ 17-ന് മുമ്പ് ലഭിച്ച അപേക്ഷകളില്‍ പഴയ നിയമ പ്രകാരം മാത്രമേ നടപടിയുണ്ടാകൂ എന്ന് ഉത്തരവില്‍ പറയുന്നുണ്ട്. താപവൈദ്യുതി നിലയങ്ങള്‍ക്കും പുതിയ ഉത്തരവ് പ്രകാരം പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ അനുമതി ലഭിക്കില്ല.

 

ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന വ്യവസ്ഥകള്‍ കേരളം അംഗീകരിക്കില്ലെന്നും റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുമ്പോള്‍ കര്‍ഷകരുടെ പാര്‍പ്പിടം, കൃഷി എന്നിവയെ ബാധിക്കില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സംസ്ഥാനത്തിന്റെ വിദഗ്ധ സമിതിയുടെ പഠനം തുടരും. ആവശ്യമല്ലെങ്കില്‍ വീണ്ടും കേന്ദ്രത്തെ സമീപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. റിപ്പോര്‍ട്ട് അതേപടി നടപ്പാക്കരുതെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. ഇത് കേന്ദ്രം തള്ളി.

 

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പ്രതിഷേധത്തെ തുടര്‍ന്ന് കണ്ണൂര്‍ കൊട്ടിയൂരില്‍  നാട്ടുകാര്‍ കര്‍ണാടക വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞു. നാട്ടുകാര്‍ ബന്ദികളാക്കിയ 5 വനംവകുപ്പ് ഉദ്യോഗസ്ഥരെ പിന്നീട് മോചിപ്പിച്ചു. ഇതിനിടെ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മലയോര മേഖലകളില്‍ വെള്ളിയാഴ്ച ഹര്‍ത്താല്‍ ആചരിക്കും. യു.ഡി.എഫും എല്‍.ഡി.എഫും ഹര്‍ത്താലില്‍ പങ്കെടുക്കുന്നുണ്ട്. രാവിലെ ആറുമണി മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ഇടുക്കി ജില്ലയില്‍ ശനിയാഴ്ച എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.