കാന്‍സര്‍ബാധയെ തുടര്‍ന്ന് അന്തരിച്ച നടി ശ്രീവിദ്യക്ക് അവരുടെ അവസാനകാലത്ത് ശരിയായ ചികിത്സ ലഭിച്ചില്ലെന്ന് വെളിപ്പെടുത്തല്‍. പ്രമുഖ ക്യാന്‍സര്‍ രോഗ വിദഗ്ധനും ശ്രീവിദ്യയെ അവസാന കാലത്ത് പരിചരിക്കുകയും ചെയ്ത ഡോ.എം.കൃഷ്ണന് നായരാണ് ‘ആര്.സി.സിയും ഞാനും’ എന്ന തന്റെ ആത്മകഥയില്‍ ഇക്കാര്യം വ്യക്തമാക്കുന്നത്.
ശ്രീവിദ്യക്ക് ഏതു മരുന്ന് അല്പമെങ്കിലും ആശ്വാസം നല്‍കുമെന്ന അന്വേഷണത്തിലാണ് പുതിയ മരുന്ന് വിപണിയിലെത്തിയതായി അറിയുന്നത്. ഒരു ഡോസിനു തന്നെ ഒരു ലക്ഷത്തോളം രൂപ വിലയുണ്ട്. അതു വഹിക്കാന്‍ ശ്രീവിദ്യക്ക് ആകുമോ എന്ന കാര്യം ചോദിച്ചപ്പോഴാണ് സ്വത്തെല്ലാം ഒരു ട്രസ്റ്റിന് കൈമാറിയതായി അറിയുന്നത്. തുടര്‍ന്ന് ചികിത്സാ ചെലവ് വഹിക്കുന്ന കാര്യം ട്രസ്റ്റിനോട് ചോദിക്കാന്‍ സഹപ്രവര്‍ത്തകനായ ഡോക്ടര്‍ സാബുവിനെ ചുമതലപ്പെടുത്തി. എന്നാല്‍ ഇത്രയും വലിയ തുകക്ക് ചികിത്സ നല്‍കാനാകില്ലെന്നും മറ്റെന്തെങ്കിലും ചികിത്സ നല്‍കാനാണ് കെ. ബി ഗണേഷ്കുമാര് ചെയര്‍മാനായ ട്രസ്റ്റ് ആവശ്യപ്പെട്ടതെന്നുമാണ് ഡോക്ടറുടെ വെളിപ്പെടുത്തല്‍. ശ്രീവിദ്യയുടെ കോടിക്കണക്കിന് വരുന്ന സ്വത്തുവകകള്‍ ട്രസ്റ്റിന് കൈമാറിക്കഴിഞ്ഞ സാഹചര്യത്തിലായിരുന്നു ഇത്.
ഈ സംഭവങ്ങളെല്ലാം അറിഞ്ഞ് ഒരു സ്വകാര്യ മരുന്ന് കമ്പനി പിന്നീട് സഹായത്തിനെത്തി. അവര്‍ ശ്രീവിദ്യക്കായി കുറഞ്ഞ നിരക്കില്‍ മരുന്ന് നല്‍കിയെന്നും ഡോക്ടര്‍ എം കൃഷ്ണന് നായര്‍ ആത്മകഥയില്‍ പറയുന്നു. ശ്രീവിദ്യയോട് ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന നടനും മുന്‍മന്ത്രിയും ആയ കെ.ബി ഗണേഷ് കുമാറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ് ഡോക്ടറുടെ വെളിപ്പടുത്തല്‍.