Skip to main content
തിരുവനന്തപുരം

സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെ അടുത്തയാഴ്ച സേവനം തുടങ്ങു 'ഷീ ടാക്‌സി'യുടെ ഗുഡ്‌വില്‍ അംബാസഡറായി മഞ്ജു വാര്യര്‍ എത്തുന്നു. ലിംഗസമത്വമെന്ന ലക്ഷ്യത്തോടെ സാമൂഹ്യനീതി വകുപ്പിനു കീഴില്‍ രൂപീകരിച്ച ജെന്‍ഡര്‍ പാര്‍ക്കിന്റെ നൂതന സംരംഭത്തിന് പിന്തുണയുയാണ് മഞ്ജു വാര്യര്‍ എത്തുന്നത്. നവംബര്‍ 19-ന് 'ഷീ ടാക്‌സി'യുടെ ആദ്യഘട്ടമായി വനിതകളുടെ ഉടമസ്ഥതയിലുള്ളതും വനിതകള്‍ തന്നെ ഓടിക്കുന്നതുമായ കാറുകള്‍ തലസ്ഥാനത്ത് നിരത്തിലിറങ്ങും.

 

അപരിചിത നഗരങ്ങളില്‍ അസമയത്ത് ഒറ്റയ്ക്കു സഞ്ചരിക്കേണ്ടി വരുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ തനിക്കു നേരിട്ടറിയാമെന്ന്‍ മഞ്ജു വാര്യര്‍ പറഞ്ഞു. പെട്ടെന്ന് സ്വീകരിക്കപ്പെടുന്ന ആശയമാണ് ഇതെന്ന് തനിക്ക് ഉറപ്പുണ്ടെന്നും പുരുഷകേന്ദ്രീകൃതമായ മേഖലയിലേക്ക് ധൈര്യപൂര്‍വ്വം കടന്നുവന്ന്‍ ടാക്‌സി സര്‍വ്വീസിനു സന്നദ്ധരായ സ്ത്രീകളോട് തനിക്കു ബഹുമാനമുണ്ടെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു.

 

പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകുന്നതോടെ ദിവസത്തില്‍ ഏതു സമയത്തും മൊബൈലിലൂടെയും ഓണ്‍ലൈനിലൂടെയോ 'ഷീ ടാക്‌സി' ബുക്കു ചെയ്യാനാകും. ഒറ്റയ്‌ക്കോ കുടുംബസമേതമോ യാത്രചെയ്യാനുദ്ദേശിക്കുന്ന വനിതകള്‍ക്ക് ടോള്‍ഫ്രീ നമ്പര്‍ വഴി ഉപഭോക്തൃ സേവന വിഭാഗത്തില്‍ ബന്ധപ്പെടാം. അവിടെനിന്നും ഒരു തിരിച്ചറിയല്‍ നമ്പറും യാത്ര പോകാനുള്ള ടാക്‌സി കാറിന്റെ നമ്പറും ഉപഭോക്താവിനു ലഭിക്കും. ഓരോ വാഹനവും മീറ്റര്‍ സംവിധാനമുള്ളതും ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ വഴി പണമടയ്ക്കാനുള്ള ഇലക്ട്രോണിക് പേയ്‌മെന്റ് സംവിധാനത്തോടു കൂടിയതുമായിരിക്കും.

 

ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും ഒരു പോലെ സുരക്ഷ ഉറപ്പാക്കാനുതകുന്ന വിവിധ സുരക്ഷാക്രമീകരണങ്ങള്‍ വാഹനത്തിലുണ്ടാകും. കാറിനുള്ളില്‍ ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും അടിയന്തര സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കാനുള്ള അലര്‍ട്ട് സ്വിച്ചുകള്‍ ഘടിപ്പിക്കും. വനിതാ ഡ്രൈവര്‍മാരുടെ മൊബൈലില്‍ സുരക്ഷാ മുറിയിപ്പിനുള്ള പ്രത്യേക ആപ്ലിക്കേഷനും സജ്ജീകരിക്കും. ജി.പി.എസ് വഴി കണ്‍ട്രോള്‍ റൂമില്‍ നിന്നു ടാക്‌സിയെ നിരീക്ഷിക്കുകയും ചെയ്യും.

 

നഗരത്തിലെ എല്ലാ അത്യാഹിത സേവന വിഭാഗങ്ങളുടെയും പൊതു സുരക്ഷാ ഉദ്യോഗസ്ഥരുടെയും വിശദാംശങ്ങളും യാത്രക്കാര്‍ക്കായി വാഹനത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടാകും. മികച്ച ഡ്രൈവിംഗിനുള്ള പരിശീലനത്തിനൊപ്പം വനിതാ ഡ്രൈവര്‍മാര്‍ക്ക് സ്വയരക്ഷക്കുള്ള പരിശീലനവും നല്‍കും.

 

സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനും മാരുതി സുസുക്കി ലിമിറ്റഡും ടെക്‌നോപാര്‍ക്ക് കേന്ദ്രീകരിച്ചുള്ള റെയ്ന്‍ കണ്‍സെര്‍ട്ട് ടെക്‌നോളജീസുമാണ് പദ്ധതിയുമായി സഹകരിക്കുന്നത്