Skip to main content
തിരുവനന്തപുരം

സംസ്ഥാന പിന്നാക്ക സമുദായ വികസന കോര്‍പ്പറേഷന്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 14.94 കോടി രൂപ ലാഭമുണ്ടാക്കിയതായി പട്ടികജാതി-പിന്നാക്ക ക്ഷേമ-ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ അറിയിച്ചു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ലാഭത്തില്‍ 40 ശതമാനത്തോളം വര്‍ദ്ധനയുണ്ടായതായും ലാഭവിഹിതമായി ഒരു കോടി രൂപ സര്‍ക്കാരിന് ലഭിച്ചതായും മന്ത്രി പറഞ്ഞു.

 

മുന്‍വര്‍ഷം 10.48 കോടിയായിരുന്നു ലാഭം. കഴിഞ്ഞ രണ്ടര വര്‍ഷത്തിനുള്ളില്‍ പിന്നാക്ക സമുദായങ്ങളില്‍പ്പെട്ട 90382 ഗുണഭോക്താക്കള്‍ക്ക് വിവിധ വായ്പാ പദ്ധതികള്‍ വഴി 428.589 കോടി രൂപ വിതരണം ചെയ്തു. വിവാഹ വായ്പ, സ്വയം സഹായ ഗ്രൂപ്പുകള്‍ക്കുള്ള മൈക്രോ ഫിനാന്‍സ് സ്‌കീം, വിദ്യാഭ്യാസ വായ്പ, ഗൃഹനവീകരണ വായ്പ, സ്വയം തൊഴില്‍ വായ്പ എന്നിവയാണ് കോര്‍പ്പറേഷന്‍ നടപ്പാക്കി വരുന്ന പ്രധാന പദ്ധതികള്‍. ഇതിനുപുറമേ വിദ്യാര്‍ത്ഥികള്‍, ഉദ്യോഗാര്‍ത്ഥികള്‍, സ്വയം തൊഴില്‍ സംരംഭകര്‍ എന്നിവര്‍ക്കാവശ്യമായ വിദഗ്ദ്ധ പരിശീലന പരിപാടികളും കെ.എസ്.ബി.സി.ഡി.സി സംഘടിപ്പിച്ചു വരുന്നതായും മന്ത്രി അറിയിച്ചു