ബീഹാറില്‍ കഴിഞ്ഞ ഞായറാഴ്ച ബി.ജെ.പി റാലിക്കിടെ നടന്ന സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ ഗുജറാത്ത് മുഖ്യമന്ത്രിയും പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ നരേന്ദ്ര മോഡി ശനിയാഴ്ച സന്ദര്‍ശിച്ചു. പാറ്റ്ന ജില്ലയിലെ ഗൌരിച്ചക്കിലെ രാജ് നാരായണ്‍ സിങ്ങ്, കൈമൂര്‍ ജില്ലയിലെ ശഹീദ് വികാസ് സിങ്ങ് എന്നിവരുടെ ബന്ധുക്കളെയാണ് മോഡി സന്ദര്‍ശിച്ചത്.
ഗോപാല്‍ഗഞ്ച് സ്വദേശിയായിരുന്ന മുന്ന ശ്രീവാസ്തവയുടെ വസതിയിലേക്ക് പോകുന്ന വഴി കനത്ത മൂടല്‍മഞ്ഞ് കാരണം മോഡിയുടെ ഹെലിക്കോപ്റ്റര്‍ പാറ്റ്നയിലേക്ക് തിരിച്ചിറക്കി. ഇവിടെ നിന്ന്‍ മോഡി റോഡു മാര്‍ഗ്ഗം സുപൌല്‍, ബെഗുസരായ്, നളന്ദ എന്നീ സ്ഥലങ്ങളിലേക്ക് പോകുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ മംഗല്‍ പാണ്ഡെ അറിയിച്ചു.
വെള്ളിയാഴ്ച തന്നെ ബീഹാറില്‍ എത്തിയിരുന്നെങ്കിലും മോശം കാലാവസ്ഥ കാരണം രണ്ട് മണിക്കൂര്‍ വൈകിയാണ് മോഡി സന്ദര്‍ശനം ആരംഭിച്ചത്. കനത്ത സുരക്ഷയാണ് മോഡിയ്ക്ക് നല്‍കിയിരിക്കുന്നത്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ സഹായധനം മോഡി നല്‍കും.