Skip to main content
ന്യൂഡല്‍ഹി

ഡാറ്റാ സെന്റര്‍ കേസില്‍ ടി.ജി നന്ദകുമാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. കേസ് സിബിഐക്കു വിടുന്നതിനെ ചോദ്യം ചെയ്തും കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കക്ഷിചേര്‍ക്കണമെന്നും ആവശ്യപ്പെട്ട് നന്ദകുമാര്‍ നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. അഡ്വക്കെറ്റ് ജനറല്‍ കെ.പി ദണ്ഡപാണി കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം തൃപ്തികരമാണെന്ന് കോടതി പറഞ്ഞു.

 

ഡാറ്റാ സെന്റര്‍ കേസിലെ സി.ബി.ഐ അന്വേഷണത്തെപ്പറ്റി കോടതിയെ അറിയിച്ചത് മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണെന്ന എ.ജിയുടെ വിശദീകരണമാണ് കോടതി അംഗീകരിച്ചത്. എ.ജിയുടെയും ചീഫ് സെക്രട്ടറിയുടെയും  സത്യവാങ്മൂലത്തില്‍ ഒരേ നിലപാടായാതിനാലാണ് നന്ദകുമാറിന്റെ ഹര്‍ജി തള്ളണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്.

 

നേരത്തെ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് എ.ജി കോടതിയില്‍ അറിയിച്ചിരുന്നു. എ.ജിക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ. വേണുഗോപാലാണ് ഹാജരായത്. കേസില്‍ കക്ഷിയായ സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജും കേസ് പരിഗണിച്ചപ്പോള്‍ കോടതിയില്‍ ഹാജരായിരുന്നു