Skip to main content
പാരിസ്

france protest

യു.എസ് രഹസ്യാന്വേഷണ സംഘടനയായ ദേശീയ സുരക്ഷാ ഏജന്‍സി (എന്‍.എസ്.എ) ഫ്രഞ്ച് പൌരന്മാരുടെയും എംബസ്സികളിലെയും ഫോണ്‍, ഇന്റര്‍നെറ്റ്‌ വിവരങ്ങള്‍ വ്യാപകമായ തോതില്‍ ചോര്‍ത്തിയതായി വെളിപ്പെടുത്തല്‍. എന്‍.എസ്.എയില്‍ ജീവനക്കാരനായിരുന്ന എഡ്വേര്‍ഡ് സ്നോഡന്‍ പുറത്തുവിട്ട രേഖകളിലെ വിശദാംശങ്ങള്‍ ഫ്രഞ്ച് പത്രം ലെ മോണ്ട് ആണ് വെളിപ്പെടുത്തിയത്. ഇതേത്തുടര്‍ന്ന് യു.എസ് പ്രസിഡന്റ് ബരാക് ഒബാമ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സോ ഒലാന്ദുമായി ഫോണില്‍ സംഭാഷണം നടത്തി.

 

വെളിപ്പെടുത്തല്‍ ഫ്രാന്‍സില്‍ കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. വാര്‍ത്ത പുറത്തുവന്ന ഉടന്‍ ഫ്രഞ്ച് വിദേശകാര്യ മന്ത്രി ലോരന്റ് ഫാബിയാസ് യു.എസ് സ്ഥാനപതി ചാള്‍സ് റിവ്കിനെ വിളിച്ചുവരുത്തി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഒബാമയുടെ സംഭാഷണത്തിന് ശേഷം യു.എസ് വൈറ്റ്‌ഹൌസ്‌ പുറത്തിറക്കിയ പ്രസ്താവന വെളിപ്പെടുത്തല്‍ തങ്ങളുടെ സുഹൃദ് രാജ്യങ്ങളിലും സഖ്യകക്ഷികളിലും ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ സാധുവാണെന്ന് സമ്മതിച്ചു.

 

2012 ഡിസംബര്‍ പത്തിനും 2013 ജനുവരി എട്ടിനുമിടയിലെ ഒരു മാസക്കാലയളവില്‍ ഏഴു കോടി ഫോണ്‍ സംഭാഷണങ്ങളും സന്ദേശങ്ങളുമാണ് എന്‍.എസ്.എ ചോര്‍ത്തിയതെന്ന് ലെ മോണ്ട് പറയുന്നു. തീവ്രവാദി ബന്ധം സംശയിക്കുന്നവരുടെ മാത്രമല്ല രാഷ്ട്രീയ, വാണിജ്യ നേതാക്കളും ഇതിന് ഇരയായതായി പത്രം സൂചിപ്പിക്കുന്നു.

 

ജര്‍മനി, യു.കെ, ബ്രസീല്‍ എന്നീ രാജ്യങ്ങളിലും യൂറോപ്യന്‍ യൂണിയന്‍ ഓഫീസുകളിലും  എന്‍.എസ്.എ നടത്തിയ വിവരചോരണവും സ്നോഡന്‍ പുറത്തുവിട്ട രേഖകള്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ബ്രസീല്‍ പ്രസിഡന്റ് ദില്മ റൂസഫിന്റെ സംഭാഷണങ്ങള്‍ ചോര്‍ത്തിയതിനെ പരമാധികാരത്തിന്റെ ലംഘനം എന്നാണു ബ്രസീല്‍ വിശേഷിപ്പിച്ചത്.

 

യു.എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി പാരിസില്‍ എത്തിയതിന് പിന്നാലെയായിരുന്നു പത്രത്തിന്റെ വെളിപ്പെടുത്തല്‍. സിറിയ, ഇറാന്‍ പ്രശ്നങ്ങളില്‍ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച ചര്‍ച്ചകള്‍ക്കാണ് കെറി എത്തിയത്. വിവരചോരണത്തെ സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് കെറി നേരിട്ട് മറുപടി നല്‍കിയില്ല. തീവ്രവാദം നേരിടുന്നതിലുള്ള സുരക്ഷാ ഭീഷണികള്‍ ഒരു ദൈനംദിന, 24/7 പ്രശ്നമാണെന്നായിരുന്നു കെറിയുടെ മറുപടി.