Skip to main content
പാലക്കാട്

അഷ്ടവൈദ്യന്‍ മേഴത്തൂര്‍ വൈദ്യമഠം ചെറിയ നാരായണന്‍ നമ്പൂതിരി (83) അന്തരിച്ചു. എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വൈകീട്ട് നാലു മണിയോടു കൂടിയായിരുന്നു അന്ത്യം.ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. 

 

വൈദ്യമഠത്തിലെ പ്രധാന ചുമതലക്കാരനായി ചെറിയനാരായണന്‍നമ്പൂതിരി സ്ഥാനമേറ്റ കാലത്താണ് വൈദ്യമഠം ആയുര്‍വേദ ചികിത്സാരംഗത്തെ പ്രശസ്ത സ്ഥാപനമായി വളര്‍ന്നത്. കവി, പരിഭാഷകന്‍, വിവര്‍ത്തകന്‍ എഴുത്തുകാരന്‍ തുടങ്ങി വിവിധ മേഖലകളില്‍ പ്രാമുഖ്യം തെളിയിച്ചിട്ടുണ്ട്. പതിനെട്ടിലധികം കൃതികള്‍ രചിച്ചിട്ടുണ്ട്. ഹസ്ത്യായുര്‍വേദം (ആനചികിത്സാഗ്രന്ഥമായ പാലകാപ്യത്തിന്റെ വിവര്‍ത്തനം), ആല്‍ബത്തിലെ ഓര്‍മകള്‍ (ആത്മകഥ), ചികിത്സാനുഭവം, ആയുര്‍വേദത്തിന്റെ പ്രഥമപാഠങ്ങള്‍ (അഷ്ടാംഗഹൃദയം സൂത്രസ്ഥാനം), കാവ്യതീര്‍ഥാടനങ്ങള്‍ (കവിതാസമാഹാരം), ദേവായനങ്ങളിലൂടെ (യാത്രാനുഭവം), ആയുര്‍വേദത്തിന്റെ കേരള അനുഷ്ഠാനപാരമ്പര്യം (ലേഖനം), ദേവീമാഹാത്മ്യം സംഗ്രഹം തുടങ്ങിയവ ശ്രദ്ധേയമായ കൃതികളാണ്.  

 

കേരള സര്‍ക്കാരിന്റെ ആയുര്‍വേദാചാര്യ പുരസ്‌കാരം (2009), ശ്രീരാമസത്രസമിതിയുടെ ശ്രീരാമാനുഗ്രഹ പുരസ്‌കാരം (2008), ഭക്തശിരോമണി വാഴക്കുന്നംസ്മാരക പുരസ്‌കാരം, കോയമ്പത്തൂര്‍ ആയുര്‍വേദ ഫാര്‍മസിയുടെ ബ്രഹത്രയീരത്‌ന പുരസ്‌കാരം (2011), ഡല്‍ഹി മലയാളി സാംസ്‌കാരികസംഘടനയുടെ ഗായത്രിപുരസ്‌കാരം, ശ്രീകൃഷ്ണപുരം വി.ടി.ബി. കോളേജിലെ വി.ടി. അനുസ്മരണസമിതിയുടെ വി.ടി. പുരസ്‌കാരം, കൊടിക്കുന്ന് ദേവസ്വം ദേവീപുരസ്‌കാരം തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങളും വൈദ്യമഠം ചെറിയനാരായണന്‍നമ്പൂതിരിക്ക് ലഭിച്ചിട്ടുണ്ട്.