Skip to main content
ഒറ്റപ്പാലം

ottappalamകൂറുമാറ്റ നിരോധന നിയമം ലംഘിച്ചതിന് ഒറ്റപ്പാലം നഗരസഭാ ചെയര്‍പേഴ്‌സണും ഡെപ്യൂട്ടി ചെയര്‍പേഴ്‌സണും ഉള്‍പ്പെടെ മൂന്ന് അംഗങ്ങളെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ. ശശിധരന്‍ നായര്‍ അയോഗ്യരാക്കി. നഗരസഭയിലെ മറ്റൊരംഗമായ ജോസ് തോമസ് നല്കിയ ഹര്‍ജിയിലാണ് കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ച ചെയര്‍പേഴ്‌സണ്‍ പാറുക്കുട്ടി, ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ എസ്. സെല്‍വന്‍, അംഗമായ കെ.ബാബു എന്നിവരെ അയോഗ്യരാക്കിയത്. ഇവരെ തദ്ദേശ ഭരണതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ആറ് വര്‍ഷത്തേയ്ക്ക് വിലക്കിയിട്ടുണ്ട്. 

 

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 21-ന് ചെയര്‍പേഴ്‌സണായിരുന്ന കോണ്‍ഗ്രസിലെ റാണി ജോസിനെതിരെ എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഇവരുടെ പിന്തുണയോടെ പാസ്സായിരുന്നു. തുടര്‍ന്നാണ്‌ എല്‍.ഡി.എഫ് പിന്തുണയോടെ പാറുക്കുട്ടി ചെയര്‍പേഴ്‌സണായും, സെല്‍വന്‍ ഡെപ്യൂട്ടിചെയര്‍പേഴ്‌സണായും തിരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ച ശേഷം സ്വന്തം പാര്‍ട്ടിയിലെ ചെയര്‍പേഴ്‌സണെ പ്രതിപക്ഷത്തോടൊപ്പം ചേര്‍ന്ന് അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കുകയും അവരുടെ പിന്തുണയോടെ അധികാരത്തിലെത്തുകയും ചെയ്ത നടപടി കൂറുമാറ്റമാണെന്ന് വിലയിരുത്തിയാണ് കമ്മീഷന്‍ മൂന്ന് പേരെയും അയോഗ്യരാക്കിയത്.

 

കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ നഗരസഭയിലെ 36 അംഗ ഭരണസമിതിയില്‍ എല്‍.ഡി.എഫ്- 15, യു.ഡി.എഫ്- 11, സ്വതന്ത്രര്‍- 6 ഉം ബി.ജെ.പി- 4 എന്നിങ്ങനെ ആയിരുന്നു കക്ഷിനില.  സി.പി.ഐ.എം വിമതരായ സ്വതന്ത്രരുടെ പിന്തുണയോടെയാണ് കോണ്‍ഗ്രസിലെ റാണി ജോസ് ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടതോടെ ചരിത്രത്തിലാദ്യമായി നഗരസഭാ ഭരണം സി.പി.ഐ.എമ്മിന് നഷ്ടപ്പെടുകയായിരുന്നു.