Skip to main content
തിരുവനന്തപുരം

ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് കവി പ്രഭാവര്‍മ്മയ്ക്ക്. ശ്യാമമാധവം എന്ന ഖണ്ഡകാവ്യത്തിനാണ് പുരസ്‌കാരം. 25000 രൂപയും പ്രശസ്തി പത്രവും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം. ഈ മാസം 27-ന് അവാര്‍ഡ്  സമ്മാനിക്കും. കവിയും ചലച്ചിത്രഗാന രചയിതാവും പത്രപ്രവര്‍ത്തകനും ടെലിവിഷന്‍ അവതാരകനുമാണ് ഇദ്ദേഹം. 'ശ്യാമമാധവ'ത്തിന് ഈ വര്‍ഷത്തെ മലയാറ്റൂര്‍ പുരസ്‌കാരവും ലഭിച്ചിരുന്നു.

 

 വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ് പ്രസിഡന്റ് പ്രൊഫ.എം.കെ. സാനു ആണ് പുരസ്കാരം പ്രഖ്യാപിച്ചത്. പ്രശസ്തകവിയും സിനിമാഗാന രചയിതാവുമായ വയലാര്‍ രാമവര്‍മ്മയുടെ സ്മരണക്കായാണ് വയലാര്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.  

 

സൗപർണിക, അർക്കപൂർണിമ, ചന്ദനനാഴി, ആർദ്രം എന്നിവയാണ് പ്രഭാവർമ്മയുടെ കാവ്യസമാഹാരങ്ങൾ. ‘പാരായണത്തിന്റെ രീതിഭേദങ്ങൾ’ എന്ന പ്രബന്ധസമാഹാരവും ‘മലേഷ്യൻ ഡയറിക്കുറിപ്പുകൾ’ എന്ന യാത്രാവിവരണവും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. സാഹിത്യ അക്കാദമി അവാർഡ്‌, മഹാകവി പി. പുരസ്‌കാരം, ചങ്ങമ്പുഴ അവാർഡ്‌, കൃഷ്‌ണഗീതി പുരസ്‌കാരം, വൈലോപ്പിളളി അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.