Skip to main content
തിരുവനന്തപുരം

ഈ വര്‍ഷത്തെ വള്ളത്തോള്‍ പുരസ്കാരത്തിന് പെരുമ്പടവം ശ്രീധരന് അര്‍ഹനായി. ഒരു ലക്ഷത്തി പതിനൊന്നായിരത്തി നൂറ്റിപ്പതിനൊന്നു രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. നിലവില്‍ കേരള സാഹിത്യ അക്കാദമി പ്രസിഡന്റായ പെരുമ്പടവത്തിന് നേരത്തെ കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

 

ഒക്ടോബര്‍ 16-നു തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും. ചലച്ചിത്ര സെന്‍സര്‍ബോര്‍ഡ്, കേരള സാഹിത്യ അക്കാദമി, സാഹിത്യപ്രവര്‍ത്തക സഹകരണസംഘം നിര്‍ദേശക സമിതി എന്നിവയില്‍ അംഗമായിരുന്നു പെരുമ്പടവം. ഒരു സങ്കീര്‍ത്തനം പോലെ എന്ന കൃതിയിലൂടെയാണ് ഇദ്ദേഹം പ്രശസ്തനായത്.

 

ഒറ്റച്ചിലമ്പ്, ആരണ്യഗീതം, അഭയം, അഷ്ടപദി, അന്തിവെയിലിലെ പൊന്ന്, ആയില്യം, സൂര്യദാഹം, ഇടത്താവളം തുടങ്ങി നിരവധി കൃതികള്‍ പെരുമ്പടവം രചിച്ചിട്ടുണ്ട്. പന്ത്രണ്ടോളം ചലച്ചിത്രങ്ങള്‍ക്ക് തിരക്കഥ രചിക്കുകയും ചെയ്തിട്ടുണ്ട്.

 

എം ടി, ഒഎന്‍വി, വിഷ്ണുനാരായണ്‍ നമ്പൂതിരി, കാവാലം, പുതുശ്ശേരി രാമചന്ദ്രന്‍, സുകുമാര്‍ അഴിക്കോട്, സുഗതകുമാരി തുടങ്ങിയവര്‍ മുന്‍ വര്‍ഷങ്ങളിലെ വള്ളത്തള്‍ പുരസ്‌കാരത്തിന് അര്‍ഹരായവരാണ്