ഗാന്ധിസ്മൃതിയുടെ പശ്ചാത്തലത്തിൽ ഇനി അയോദ്ധ്യയെ കാണാം
ചാനൽചർച്ചകളിൽ വരുന്ന സെക്കുലറിസ്റ്റുകൾ ഉള്ളിടത്തോളം കാലം ബി.ജെ.പിക്ക് കുശിയാണ്. രാമക്ഷേത്ര പ്രതിഷ്ഠ കഴിഞ്ഞതോടെ ഇന്ത്യയിൽ സെക്യൂലറിസം മരിച്ചെന്നാണ് ഈ ബുദ്ധിജീവികൾ പറഞ്ഞുറപ്പിക്കുന്നത്. ഈ സെക്യൂലറിസ്റ്റുകളെ പോലെ ഇന്ത്യൻ ജനായത്ത സംസ്കാരത്തിൽ വിശ്വാസമില്ലാത്ത വിഭാഗമില്ല. ' ഇതാവർത്തിച്ചു കൊണ്ടിരുന്നാൽ മതസ്പർദ്ധ വർധിക്കുകയേ ഉള്ളു. ബി.ജെ.പിക്ക് രാഷ്ട്രീയമായി അതാണ് ഗുണകരവും ആവശ്യവും . ചരിത്രം ഒഴുക്കാണ്. സംഭവിച്ചതിനെ ഒന്നും മാറ്റി പഴയ സ്ഥിതിയിലാക്കാൻ ( Unhappen ചെയ്യാൻ) പറ്റില്ല. സംഭവിച്ചതിനെ ഓർത്തു വിലപിച്ചിട്ടും കാര്യമില്ല. കാരണം വിലാപാവസ്ഥയിൽ ഉന്മേഷമുണ്ടാവില്ല . അതുകൊണ്ടു സർഗ്ഗാത്മകതയും സംഭവിക്കില്ല. സംഭവിച്ചതിനെ മുൻപുണ്ടായിരുന്നതിനേക്കാൾ ഗംഭീരമാക്കി മാറ്റി പുതുമ സൃഷ്ടിക്കുക. ഗാന്ധിജി ദേശീയ സമരത്തിൽ ഉടനീളം പ്രയോഗിച്ചത് ഈ സർഗ്ഗാത്മകതയാണ്. ഗാന്ധിജിയുടെ ചിരിയില്ലാത്ത മുഖം നമ്മളുടെ മനസ്സിൽ വരാത്തതും ഓർക്കാം. അയോദ്ധ്യയിൽ രാമക്ഷേത്രം എന്നത് യാഥാർത്ഥ്യമായി. അയോദ്ധ്യയിൽ നിന്ന് 22 കിലോമീറ്റർ അകലെ രോണായി ഗ്രാമത്തിൽ അതി വിശാലമായ പള്ളി സമുഛയം ഉയരാൻ പോകുന്നു. അയോദ്ധ്യ എന്നാൽ യുദ്ധമില്ലാത്തയിടം എന്നാണ് അർത്ഥം. രാഷ്ട്രപിതാവ് എല്ലാ യോഗങ്ങളിലും പതിവായി ആലപിച്ചിരുന്ന ഈശ്വര അള്ളാ തേരേ നാം ....... അതിൻ്റെ പരിഭാഷപോലെ അഹിംസയുടെ ഈ യുദ്ധമില്ലാഭൂമിയായ അയോദ്ധ്യയിൽ രാമക്ഷേത്രവും പള്ളിസമുഛയവും രാഷ്ട്രപിതാവിനെ ഓർമിപ്പിച്ച് ഇന്ത്യയുടെ ജ്വലിക്കുന്ന മുഖമായി മാറട്ടെ. മുറിവുകൾ ഉണങ്ങേണ്ടതാണ്. ഈ സെക്യുലറിസ്റ്റുകളാണ് അതിലിട്ട് കുത്തിക്കുത്തി വിടർത്തി അണുബാധയുണ്ടാക്കാൻ നോക്കുന്നത്..