Skip to main content
ന്യൂഡല്‍ഹി

ആണവ ബാധ്യതാ നിയമം ദുര്‍ബലപ്പെടുത്താന്‍ യു.പി.എ സര്‍ക്കാര്‍ നീക്കം. ഇതിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. യു.എസ് സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് സര്‍ക്കാര്‍ ആണവ ബാധ്യതാ നിയമത്തില്‍ ഇളവു വരുത്താന്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. ആണവ ദുരന്തമുണ്ടായാല്‍ നഷ്ടപരിഹാരം നല്‍കേണ്ട നടപടിയില്‍ നിന്നാണ് യു.എസ് കമ്പനികളെ ഒഴിവാക്കുന്നത്. സര്‍ക്കാര്‍ നീക്കത്തിനെതിരെ സുരക്ഷാ നിരീക്ഷകരും വിദഗ്ധരും രംഗത്തെത്തിയിട്ടുണ്ട്.

 

ആണവ ദുരന്തമുണ്ടായാല്‍ നിലയങ്ങളുടെ നടത്തിപ്പുകാര്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് ആണവ ബാധ്യതാ നിയമത്തില്‍ പറയുന്നത്. യു.എന്‍ പൊതുസഭ സമ്മേളനത്തിനു മുന്നോടിയായി യു.എസ് പ്രസിഡന്റ് ബരാക് ഒബാമയുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പുതുക്കിയ കരാറില്‍ ഒപ്പുവച്ചേക്കും. ഇന്ത്യയില്‍ ആണവ നിലയങ്ങളുടെ നടത്തിപ്പുകാര്‍ ന്യൂക്ലിയാര്‍ പവര്‍ കോര്‍പ്പറേഷനാണ്.

 

ആണവ മേഖലയില്‍ വിദേശനിക്ഷേപം വര്‍ധിപ്പിക്കുന്നതിനും നിയമത്തില്‍ ഇളവ് കൊണ്ടുവരണമെന്ന് സമ്മര്‍ദ്ദം ശക്തമായിരുന്നു. ആണവ ബാധ്യതാ നിയമത്തില്‍ നല്‍കാവുന്ന ഇളവുകള്‍ സംബന്ധിച്ച് സര്‍ക്കാറിന് അറ്റോര്‍ണി ജനറല്‍ നിയമോപദേശം നല്‍കി. എന്നാല്‍ നഷ്ടപരിഹാരം നല്‍കുന്നതിനുള്ള ബാധ്യതയില്‍ നിന്ന് വിദേശകമ്പനികള്‍ക്ക് ഇളവു നല്‍കുന്ന കാര്യം ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യയ്ക്ക് തീരുമാനിക്കാമെന്നാണ് എ.ജിയുടെ നിയമോപദേശം. അതേസമയം ഇതുസംബന്ധിച്ച് അന്തിമ തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.