Skip to main content

ആറുമാസത്തോളം നീണ്ട് നിന്ന പ്രയത്നത്തിലൂടെയാണ് വ്യാജ പുരാവസ്തു ശേഖരത്തിന്റെ മറവില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോന്‍സണെ പരാതിക്കാര്‍ കുടുക്കിയത്. സംശയം തോന്നിയെങ്കിലും തെളിവുകളില്ലാത്തതിനാല്‍ ആറുമാസം മുമ്പേ പരാതിക്കാര്‍ ഡിജിറ്റല്‍ തെളിവുകള്‍ അതീവ രഹസ്യമായി ശേഖരിക്കാന്‍ തുടങ്ങിയിരുന്നു. പണം നല്‍കി വഞ്ചിക്കപ്പെട്ടെന്ന് മനസിലായതോടെയാണ് യാക്കൂബും ഷമീറും അടക്കമുള്ളവര്‍ മോന്‍സണെ കുടുക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി കൊച്ചിയിലെ ഹോട്ടലില്‍ നടത്തിയ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങള്‍ തന്ത്രപൂര്‍വ്വം ഇവര്‍ ചിത്രീകരിച്ചു.

''നിങ്ങള്‍ക്ക് വൈറ്റ് മണി തന്നെ തരാം. എന്നാല്‍ ആരെയും പേടിക്കണ്ടല്ലോ. എന്റെ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടില്ലേ. കേന്ദ്ര ഗവണ്‍മെന്റിന്റെ പതിമൂന്ന് സര്‍ട്ടിഫിക്കറ്റുകള്‍ തനിക്കുണ്ട്. റിസര്‍വ്വ് ബാങ്കിന്റെ കാര്‍ഡ്. ഹയര്‍ സെക്യൂരിറ്റ് അക്കൗണ്ടുള്ള കേരളത്തിലുള്ള ഒരാള്‍ ഞാന്‍ മാത്രമാണ്. യൂസഫലിക്കയ്ക്ക് പോലുമില്ല. 2018 മുതല്‍ എനിക്കുണ്ട്,'' പരാതിക്കാര്‍ ശേഖരിച്ച വീഡിയോയില്‍ മോന്‍സണ്‍ പറയുന്നു. കാറിനുള്ളിലേക്ക് ടോര്‍ച്ചടിക്കുന്ന സെക്യൂരിറ്റികളെ കൊല്ലാന്‍ തനിക്കും തോന്നിയിട്ടുണ്ടെന്ന് മോന്‍സണ്‍ വീഡിയോയില്‍ പറയുന്നു. തൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരനെ കാറിടിച്ച് കൊന്ന നിസാമിന് പരോള്‍ സംഘടിപ്പിച്ച് നല്‍കിയത് താനാണെന്നും മോന്‍സണ്‍ വീഡിയോയില്‍ പറയുന്നു.