Skip to main content

ആലപ്പുഴ ജില്ലയിലെ വിഭാഗീയതയെത്തുടര്‍ന്ന് പാര്‍ട്ടി തല അന്വേഷണം നേരിടുന്ന മുന്‍മന്ത്രിയും സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗവുമായ ജി സുധാകരന്റെ പുതിയ കവിതയെ ചൊല്ലി വിവാദം. കലാകൗമുദി വാരികയില്‍ നേട്ടവും കോട്ടവും എന്ന പേരിലെഴുതിയ കവിത പാര്‍ട്ടിയില്‍ ജി.സുധാകരന്‍ നേരിടുന്ന അവഗണനയിലുള്ള പ്രതികരണമെന്നാണ് വാദം. പുതിയ തലമുറയെ ക്ഷണിക്കുന്ന കവിത, ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് പ്രസക്തിയില്ല, കവിത നവാഗതര്‍ക്ക്,'' എന്ന് പറഞ്ഞുകൊണ്ടാണ് സുധാകരന്‍ കവിത ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്.

കവിതയിലെ ചില വരികളെ ചൊല്ലിയാണ് വിവാദം.

'' ഒരു തരത്തിലും നന്ദി കിട്ടാത്തൊരാ-

പണികളൊക്കെ നടത്തി ഞാനെന്റയീ

മഹിത ജീവിതം സാമൂഹ്യമായെന്നു

പറയും സ്നേഹിതര്‍ സത്യമതെങ്കിലും'' തുടങ്ങിയ വരികളെ ചൊല്ലിയാണ് വിവാദം.

'' ഇനി ഒരു ജന്മമുണ്ടോ ജന്മാന്തരങ്ങളില്‍

പ്രണയപൂര്‍വ്വം പ്രതീക്ഷയില്‍ അല്ല ഞാന്‍

മനുജപര്‍വ്വം കഴിഞ്ഞിനി ശേഷിപ്പു

ചരിത വീഥിതന്‍ നേട്ടവും കോട്ടവും

അതിലൊരാശങ്ക വേണ്ടെന്ന സ്നേഹിതര്‍

കഴിവതൊക്കെയും ചെയ്തെന്നും സ്നേഹിതര്‍

ഇനി നടക്കട്ടെ ഈവഴി ആകാംക്ഷാ

ഭരിതരായ നവാഗതര്‍ അക്ഷീണ

മനസ്സുമായി നവപഥവീഥിയില്‍,'' എന്നു പറഞ്ഞുകൊണ്ടാണ് കവിത അവസാനിക്കുന്നത്.