Skip to main content

മരം മുറിക്കേസില്‍ വയനാട്ടില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. വിവാദ ഉത്തരവിന്റെ മറവില്‍ എല്‍.എ പട്ടയ ഭൂമിയിലെ ഈട്ടി മരങ്ങള്‍ മുറിച്ചു കടത്തിയവരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മുട്ടില്‍ സ്വദേശി അബ്ദുള്‍ നാസര്‍, അമ്പലവയല്‍ സ്വദേശി അബൂബക്കര്‍ എന്നിവരാണ് പിടിയിലായത് ഇവര്‍ മരക്കച്ചവടക്കാരാണ്. ബത്തേരി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് വൈകുന്നതില്‍ ഹൈക്കോടതിയില്‍ നിന്ന് സര്‍ക്കാരിന് രൂക്ഷ വിമര്‍ശനമേറ്റതിന് പിന്നാലെയാണ് നടപടികള്‍ തുടങ്ങിയത്. 

മരം മുറിക്കേസിലെ മുഖ്യ സൂത്രധാരന്‍ റോജി അഗസ്റ്റിനും സഹോദരങ്ങളായ ആന്റോ അഗസ്റ്റി, ജോസുക്കുട്ടി എന്നിവര്‍ക്കുമായി സംസ്ഥാന വ്യാപക തെരച്ചിലാണ് ഇപ്പോള്‍ നടക്കുന്നത്. ഇവരുടെ വയനാട് വാഴവറ്റയിലെ വീട്ടില്‍ പോലീസ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. മൂന്ന് പേരുടെയും ഫോണ്‍ സ്വിച്ച് ഓഫാണ്. വനം വകുപ്പ്, ക്രൈബ്രാംഞ്ച്, വിജിലന്‍സ് എന്നിവര്‍ സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നത്. പ്രതികള്‍ കൊച്ചിയില്‍ കഴിഞ്ഞിരുന്ന സ്ഥലങ്ങളിലും പരിശോധനയുണ്ടാകും. മൂന്ന് പേരും സ്വയം കീഴടങ്ങാനും സാധ്യതയുണ്ട്.

മരം മുറിയുമായി ബന്ധപ്പെട്ട് 701 കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടും ഒരാളെ പോലും അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്നായിരുന്നു കോടതിയുടെ ചോദ്യം. മരംമുറിയില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്യാത്തത് സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വം ആണെന്നും ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.