Skip to main content

നിയമസഭാ കയ്യാങ്കളിക്കേസ് പിന്‍വലിക്കാനാകില്ലെന്ന് സുപ്രീം കോടതി. നിയമസഭയില്‍ നടന്നത് സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണെന്ന് പറഞ്ഞ കോടതി സര്‍ക്കാരിന്റെ ഹരജി തള്ളുകയായിരുന്നു. ഇത്തരം പ്രവൃത്തികള്‍ അംഗീകരിക്കാനാകില്ല, കേസിലെ എല്ലാ പ്രതികളും വിചാരണ നേരിടണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. നിയമസഭയില്‍ നടന്നത് ക്രിമിനല്‍ നടപടിയാണ്. അതുകൊണ്ട് തന്നെ അത് അവസാനിപ്പിക്കാനുള്ള അവകാശം സര്‍ക്കാരിനില്ല. ക്രിമിനില്‍ കേസ് പിന്‍വലിക്കാനുള്ള അപേക്ഷ ഭരണഘടനാ വിരുദ്ധമാണെന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

ജനപ്രതിനിധികള്‍ക്ക് എപ്പോഴും പ്രത്യേക പരിരക്ഷ അവകാശപ്പെടാനാകില്ലെന്നും ബെഞ്ച് പറഞ്ഞു. ഇതോടെ ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുള്‍പ്പെടെയുള്ളവര്‍ കേസില്‍ വിചാരണ നേരിടേണ്ടി വരും. കെടി.ജലീല്‍, ഇ.പി ജയരാജന്‍, സി.കെ സദാശിവന്‍, കെ.അജിത്ത് തുടങ്ങിയവരും കേസില്‍ വിചാരണ നേരിടണം.

നിയമസഭാംഗം എന്ന പരിരക്ഷ ക്രിമിനല്‍ കുറ്റം ചെയ്യാനുള്ള പരിരക്ഷയല്ലെന്ന് വ്യക്തമാക്കി കൊണ്ടാണ് കേസ് പിന്‍വലിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് തള്ളിയത്. ഭരണപക്ഷത്തെ അംഗങ്ങള്‍ക്കും കയ്യാങ്കളിയില്‍ തുല്യ ഉത്തരവാദിത്തം ഉണ്ട് എന്ന സര്‍ക്കാര്‍ വാദം അംഗീകരിക്കാനാകില്ലെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢിന്റെ വിധി പ്രസ്താവത്തില്‍ പറയുന്നു.  

ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, എംആര്‍ ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.  കയ്യാങ്കളി കേസ് അവസാനിപ്പിക്കാന്‍ അനുമതി തേടി സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. നിയമസഭയ്ക്കുള്ളില്‍ പൊതുമുതല്‍ നശിപ്പിച്ച കേസ് പിന്‍വലിക്കാന്‍ സര്‍ക്കാരിന് സാധിക്കില്ലെന്ന് കേസില്‍ വാദം കേള്‍ക്കവെ കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.