Skip to main content

കണ്ണൂര്‍ മാട്ടൂലില്‍ എസ്.എം.എ രോഗം ബാധിച്ച് ചികിത്സയിലായ ഒന്നര വയസുകാരന്‍ മുഹമ്മദിനായി ഇതുവരെ സമാഹരിച്ചത് 46.78 കോടി രൂപ. 7.77ലക്ഷം ആളുകള്‍ മുഹമ്മദിന് ചികിത്സാ സഹായം അയച്ചെന്ന് ചികിത്സാ സമിതിയുടെ റിപ്പോര്‍ട്ട്. അടുത്ത മാസം ആറിന് മുഹമ്മദിന് വേണ്ടിയുള്ള മരുന്ന് നാട്ടിലെത്തിക്കും. ബാക്കിയുള്ള തുക സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച മറ്റ് കുട്ടികള്‍ക്ക് നല്‍കുമെന്നും കുടുംബം വ്യക്തമാക്കി.

മാട്ടൂലിലെ ഒന്നര വയസുകാരന്‍ മുഹമ്മദിനെ സഹായിക്കാന്‍ കേരളമൊന്നാകെ വലിയ ശ്രമങ്ങളാണ് നടത്തിയത്. ലോകത്തിലെ ഏറ്റവും വില കൂടിയ, 18 കോടിയുടെ മരുന്നാണ് ഈ രോഗത്തിന്റെ ചികിത്സയ്ക്ക് വേണ്ടത്. ഒരു ഡോസ് മരുന്നിനാണ് 18 കോടി രൂപ വില.

മാട്ടൂലിലെ റഫീഖ്- മറിയുമ്മ ദമ്പതികളുടെ മൂന്നു മക്കളില്‍ മൂത്തവളാണ് അഫ്ര. പതിനഞ്ചു വയസുകാരിയായ അഫ്രയ്ക്കും ഇതേ രോഗമാണ്. ഇതിനിടെയാണ് അനുജന്‍ മുഹമ്മദിനും സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി സ്ഥീരികരിക്കുന്നത്. ലോകത്ത് 10,000 കുട്ടികളില്‍ ഒരാള്‍ക്ക് എസ്.എം.എ സ്ഥീരികരിക്കുന്നതായിട്ടാണ് ആരോഗ്യ രംഗത്തെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

നിലവില്‍ ഇന്ത്യയില്‍ 800-ലധികം കുട്ടികളാണ് എസ്.എം.എ ബാധിതരായുള്ളതെന്നാണ് കണക്കാക്കപ്പെടുന്നത്. കര്‍ണാടകയില്‍ മാത്രം 200ലധികം കുട്ടികള്‍ക്ക് രോഗബാധയുള്ളതായി നേരത്തെ ഫെബ്രുവരിയില്‍ ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തിരുന്നു.