Skip to main content

വിഭാഗീയതയ്ക്കും പരസ്യ പോര്‍വിളികള്‍ക്കും പിന്നാലെ എല്‍.ഡി.എഫ് ഘടകകക്ഷിയായ ഐ.എന്‍.എല്‍ പിളര്‍ന്നു. ഇന്ത്യന്‍ നാഷണല്‍ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിനെ പുറത്താക്കിയതായി സംസ്ഥാന അധ്യക്ഷന്‍ എ.പി അബ്ദുള്‍ വഹാബും അബ്ദുള്‍ വഹാബിനെ പുറത്താക്കിയതായി കാസിം ഇരിക്കുറും അറിയിച്ചു. പാര്‍ട്ടിയെ രക്ഷിക്കാനുള്ള സര്‍ജിക്കല്‍ ഓപ്പറേഷനാണ് പുറത്താക്കല്‍ നടപടിയെന്ന് വാര്‍ത്താ സമ്മേളനത്തില്‍ അബ്ദുള്‍ വഹാബ് വിശദീകരിച്ചു. പൊതുസമൂഹത്തില്‍ പാര്‍ട്ടിയുടെ പ്രതിഛായ തകര്‍ക്കാനും ആക്കം കൂട്ടാനുമാണ് കാസിം ഇരിക്കൂര്‍ ശ്രമിച്ചതെന്ന് വഹാബ്.

ഐ.എന്‍.എല്‍ ജനറല്‍ സെക്രട്ടറി കൂടിയായ മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ നിയമനത്തെ ചൊല്ലിയാണ് പാര്‍ട്ടിയില്‍ തര്‍ക്കം രൂക്ഷമായത്. നേതാക്കളുടെ മക്കളെ പാര്‍ട്ടിയുമായി കൂടിയാലോചന ഇല്ലാതെ പേഴ്‌സണല്‍ സ്റ്റാഫില്‍ തിരുകി കയറ്റിയെന്ന് വഹാബ് പറഞ്ഞു. അഖിലേന്ത്യാ അധ്യക്ഷനാണ് അബ്ദുള്‍ വഹാബിനെ പുറത്താക്കിയതെന്ന് കാസിം ഇരിക്കൂര്‍ പ്രതികരിച്ചു.

ജനറല്‍ സെക്രട്ടറിയെ വച്ച് കൊണ്ട് മുന്നോട്ട് പോവുക സാധ്യമല്ല. കാസിം ഇരിക്കൂറിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നീക്കി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഇതൊരു സര്‍ജിക്കല്‍ ഓപ്പറേഷനാണ്. ഇത്തിരി വേദനയുണ്ടാകും. കാസിം ഇരിക്കൂറിന് പകരം ജനറല്‍ സെക്രട്ടറിയുടെ ചുമതല സിപി നാസര്‍കോയ തങ്ങള്‍ക്ക് നല്‍കും. കൊച്ചിയിലെ യോഗത്തില്‍ നടന്ന അനിഷ്ട സംഭവങ്ങള്‍ മൂന്നംഗ സമിതി അന്വേഷിക്കും.

ഐ.എന്‍.എല്ലിലെ ഏക എം.എല്‍.എയും മന്ത്രിയുമായ അഹമ്മദ് ദേവര്‍കോവില്‍ കാസിം ഇരിക്കൂറിനൊപ്പമാണ്. മന്ത്രി ഏത് പക്ഷത്താണെന്ന് അദ്ദേഹം വ്യക്തമാക്കട്ടെയെന്നാണ് അബ്ദുള്‍ വഹാബ് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്. മന്ത്രി വരും പോകും, പ്രവര്‍ത്തകരാണ് പാര്‍ട്ടിയുടെ ശക്തി. നിലവില്‍ പാര്‍ട്ടിയിലെ പ്രബല വിഭാഗം അബ്ദുള്‍ വഹാബിനൊപ്പമാണ്. പാര്‍ട്ടി ഔദ്യോഗിക വിഭാഗത്തിനൊപ്പമാണ് മന്ത്രി നിലയുറപ്പിക്കേണ്ടതെന്നും വഹാബ്.

സംസ്ഥാന സെക്രട്ടറിയേറ്റില്‍ 22 പേരില്‍ 14 പേര്‍ തങ്ങള്‍ക്കൊപ്പമാണെന്നും അബ്ദുള്‍ വഹാബ്. മന്ത്രി മറുപക്ഷത്ത് ചേര്‍ന്നാല്‍ സംസ്ഥാന കൗണ്‍സില്‍ തുടര്‍ന്നുള്ള കാര്യങ്ങള്‍ ആലോചിക്കുമെന്നും വഹാബ്. സംസ്ഥാന പ്രസിഡന്റ് ഏത് പക്ഷത്താണോ അതാണ് ഔദ്യോഗിക പക്ഷമെന്ന് വഹാബ്.

മുസ്ലിം ലീഗുമായി വഹാബിന് അന്തര്‍ധാരയുണ്ടെന്നും കൊച്ചിയില്‍ യോഗത്തിനിടെ നടന്നത് ആസൂത്രിത ആക്രമമാണെന്നും കാസിം ഇരിക്കൂര്‍ പറയുന്നു. വഹാബിനെ പുറത്താക്കി ബി ഹംസഹാജിയെ പുതിയ പ്രസിഡന്റ് ആയി കാസിം ഇരിക്കൂര്‍ വിഭാഗം തെരഞ്ഞെടുത്തു. പി.കെ കുഞ്ഞാലിക്കുട്ടിയുടെയും അബ്ദുള്‍ വഹാബിന്റെയും സ്വരം ഒന്നാണെന്നും കാസിം ഇരിക്കൂര്‍.