Skip to main content

കേരള സര്‍വ്വകലാശാലയില്‍ മലയാള മഹാനിഘണ്ടു മേധാവിയായി നിയമിച്ച പൂര്‍ണിമാ മോഹന്‍ യു.ജി.സി ഫണ്ട് കൈപ്പറ്റിയിട്ടും സംസ്‌കൃത ഭാഷ നിഘണ്ടു തയ്യാറാക്കിയില്ലെന്ന വിവരവും പുറത്ത്. സംസ്‌കൃത സര്‍വ്വകലാശാലാ പ്രൊഫസറായിരിക്കെ കൈപ്പറ്റിയ തുക സര്‍വ്വകലാശാല നിരന്തരം ആവശ്യപ്പെട്ട പ്രകാരം തിരിച്ചടച്ചുവെന്നാണ് വിവരം. നിഘണ്ടു നിര്‍മ്മാണത്തില്‍ പൂര്‍ണിമാ മോഹന് പ്രാപ്തിയില്ലെന്ന് തെളിഞ്ഞതായി കാട്ടി സേവ് യൂണിവേഴ്‌സിറ്റി ക്യാംപയിന്‍ കമ്മിറ്റി ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കി.

മലയാള മഹാനിഘണ്ടു മേധാവി സ്ഥാനത്ത് പൂര്‍ണിമാ മോഹനെ യോഗ്യതാ മാനദണ്ഡങ്ങള്‍ തിരുത്തി നിയമിച്ചത് വിവാദമാകുമ്പോഴാണ് മറ്റൊരു ഭാഷാനിഘണ്ടു പദ്ധതിയില്‍ വരുത്തിയ വീഴ്ച്ചകള്‍ പുറത്തു വരുന്നത്. യു.ജി.സിയുടെ സംസ്‌കൃതഭാഷാ നിഘണ്ടുവിന് 2012ലാണ് തുകയനുവദിച്ച് സര്‍വ്വകലാശാലയ്ക്ക് കൈമാറിയത്. ദ്രാവിഡ ഭാഷയുടേയും ഇന്‍ഡോ യൂറോപ്യന്‍ ഭാഷകളുടെയും മള്‍ട്ടികള്‍ച്ചറല്‍ നിഘണ്ടു തയ്യാറാക്കാനായിരുന്നു ദൗത്യം. 

ഇതിനായി അനുവദിച്ചത് ഏഴു ലക്ഷത്തി എണ്‍പതിനായിരം രൂപ. രണ്ട് വര്‍ഷത്തിനുള്ളില്‍ തീര്‍ക്കേണ്ട ദൗത്യം അഞ്ചു വര്‍ഷം പിന്നിട്ടിട്ടും തുടങ്ങുക പോലും ചെയ്തില്ല. നിരവധി തവണ പണം തിരിച്ചടക്കാന്‍ സര്‍വ്വകലാശാല ആവശ്യപ്പെട്ടശേഷം 2017ല്‍ പണം തിരിച്ചടച്ചു. ഈ വിഴ്ച്ചകള്‍ കൂടി ഉന്നയിച്ചാണ് നിയമനത്തെ നേരത്തെ ചോദ്യം ചെയത സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി പൂര്‍ണ്ണിമയെ പുറത്താക്കണമെന്ന ആവശ്യം ശക്തമാക്കുന്നത്.

നിഘണ്ടു നിര്‍മ്മാണത്തില്‍ പൂര്‍ണിമാ മോഹന് അറിവില്ലെന്ന് ഈ ഉദാഹരണ സഹിതം കാട്ടിയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നത്. സംസ്‌കൃത നിഘണ്ടു വിവാദത്തില്‍ പൂര്‍ണിമാ മോഹന്റെ പ്രതികരണം ലഭ്യമായിട്ടില്ല.