Skip to main content

കേരളത്തില്‍ ആള്‍ക്കൂട്ട നിയന്ത്രണം ഫലപ്രദമായി നടപ്പാക്കുന്നില്ലെന്ന് ഹൈക്കോടതി. കടകള്‍ തുറക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നയപരമായ തീരുമാനമെടുക്കേണ്ട സമയമായെന്നും കോടതി അഭിപ്രായപ്പെട്ടു. വസ്ത്ര വില്‍പ്പനശാലകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.

പൊതു ഇടങ്ങളില്‍ സാമൂഹിക അകലം പാലിക്കപ്പെടുന്നില്ലെന്ന് കോടതി വിമര്‍ശിച്ചു.  ആകെയുള്ളത് ആളുകള്‍ മാസ്‌ക് ധരിക്കുന്നു എന്നത് മാത്രമാണ്.  കേരളത്തിലെ പൊതുഇടങ്ങളിലെ കാഴ്ച ഇതാണെന്നും ജസ്റ്റിസ് ടി.ആര്‍ രവി അഭിപ്രായപ്പെട്ടു.

വിദഗ്ധ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് തീരുമാനങ്ങളെടുക്കുന്നത് എന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വിദഗ്ധസമിതിയുടെ ശുപാര്‍ശ നടപ്പാക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും കോടതിയില്‍ പറഞ്ഞു. ഹര്‍ജിയില്‍ അടുത്ത വ്യാഴാഴ്ചക്കകം നിലപാടറിയിക്കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.