സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ നടന്ന ജി 20ഉച്ചകോടി സമാപിച്ചു. സിറിയന്‍ വിഷയത്തില്‍ ധാരണയാകാതെയാണ് ഉച്ചകോടി സമാപിച്ചത്. സിറിയയില്‍ തിരക്കിട്ട സൈനിക നടപടി പാടില്ലെന്ന് യു.എസ്സിനു മേല്‍ രാജ്യാന്തര സമൂഹത്തിന്റെ സമ്മര്‍ദ്ദമേറി. സിറിയന്‍ വിഷയത്തില്‍ നടപടിയെടുക്കുന്നതിനെക്കുറിച്ച് ഉച്ചകോടിയില്‍ ഭിന്നത നിലനിന്നു. യു.എസ് സിറിയയില്‍ സൈനിക നടപടി വേണമെന്ന കടുത്ത നിലപാടിലാണ്.
അതേസമയം സിറിയയില്‍ നടത്തുന്ന ഏത് ഇടപെടലിനും യു.എന്‍ അനുമതി ആവശ്യമാണെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഉച്ചകോടിയില്‍ വ്യക്തമാക്കി. ലോകത്തിന്റെ ഏതു ഭാഗത്തുനിന്നുള്ള രാസായുധ ആക്രമണങ്ങളെയും ഇന്ത്യ എതിര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ സിറിയയില്‍ രാസായുധം പ്രയോഗിച്ചത് സിറിയന്‍ ഭരണകൂടമാണെന്ന് വ്യക്തമായ സാഹചര്യത്തില്‍ നടപടി കൈക്കൊള്ളേണ്ടത് അനിവാര്യമാണെന്നു യു.എസ് പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു. സിറിയന്‍ പ്രശ്നത്തില്‍ യു.എന്‍ രക്ഷാസമിതിയുമായി സഹകരണത്തിനില്ലെന്നും യു.എസ് കൂട്ടിച്ചേര്‍ത്തു. യു.എന്‍ അനുമതിയില്ലാതെ സൈനിക നടപടി നടത്താന്‍ അനുവദിക്കില്ലെന്ന് റഷ്യയും ചൈനയും വ്യക്തമാക്കി. മാത്രമല്ല യു.എസ് പെട്ടെന്ന് നടപടി കൈക്കൊള്ളുകയാണെങ്കില്‍ സിറിയക്കാവശ്യമായ സഹായം ചെയ്യുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമര്‍ പുടിന്‍ കൂട്ടിച്ചേര്‍ത്തു.
ഉച്ചകോടിയില്‍ വ്യഴാഴ്ച രാത്രി ലോകനേതാക്കളെ അഭിസംബോധന ചെയ്ത യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ സിറിയയില്‍ സൈനികനീക്കവുമായി മുന്നോട്ടുപോകുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കിയിരുന്നു.