മലയാളികളുടെ മുന്നില്‍ ഒട്ടേറെ ചിന്തകളുയര്‍ത്തുന്ന ഒരു പ്രതീകമാണ് പാലാരിവട്ടം പാലം. അഞ്ച് മാസവും 10 ദിവസവും കൊണ്ട് ഇ ശ്രീധരന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ഡി.എം.ആര്‍.സി പാലത്തിന്റെ പണി പൂര്‍ത്തിയാക്കുകയായിരുന്നു. പണി പൂര്‍ത്തിയാക്കിയ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയെ ഇ ശ്രീധരന്‍ വാനോളം പുകഴ്ത്തുകയും ചെയ്തു. ഊരാളുങ്കല്‍ സൊസൈറ്റിയുടെ കഴിവിനെ ഉയര്‍ത്തിക്കാണിക്കുമ്പോള്‍ ഇ ശ്രീധരന്‍ ബി.ജെ.പിയുടെ അപ്രഖ്യാപിത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണ്. അപ്പോഴും സി.പി.എം നേതാക്കളുമായി ബന്ധമുള്ള കേരളത്തിലെ വിവാദ കേന്ദ്രമായി നിലകൊള്ളുന്ന ഊരാളുങ്കല്‍ സൊസൈറ്റിയുടെ വൈദഗ്ദ്യത്തെ കണ്ടില്ലെന്ന് നടിക്കാന്‍ ശ്രീധരന്‍ തയ്യാറായില്ല. എന്നാല്‍ പാലം പണി പൂര്‍ത്തിയായത് സംബന്ധിച്ച് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞപ്പോള്‍ ഊരാളുങ്കല്‍ സൊസൈറ്റിയെ അഭിനന്ദിക്കുകയും ശ്രീധരന്റെ പേര് പരാമര്‍ശിക്കാതെ ഇരിക്കുകയും ചെയ്യുകയുണ്ടായി. ഈ ഒരു നടപടി കേരള സമൂഹത്തില്‍ സാഭവിച്ചിരിക്കുന്ന ഒരു വലിയ പോരായ്മയാണ്. കഴിവിനെയും ശേഷിയേയും കാണാതെ രാഷ്ട്രീയത്തെ മാത്രം കാണുന്ന അവസ്ഥ വളരെ പരിതാപകരമാണ്.
പാലാരിവട്ടം പാലത്തിന്റെ പേര് കേള്‍ക്കുമ്പോള്‍ തന്നെ ആദ്യം മനസ്സിലേക്ക് വരുന്ന പേര് ഇ ശ്രീധരന്റേതാണ്. ഇത് മുഖ്യമന്ത്രി തിരിച്ചറിയേണ്ടതായിരുന്നു. അദ്ദേഹം കേരളത്തിലെ ഓരോരുത്തരുടെയും മുഖ്യമന്ത്രി ആണ്. അവിടെ രാഷ്ട്രീയത്തിന് സ്ഥാനമില്ല. ഒരാളുടെ കഴിവിനെ അഭിനന്ദിക്കുന്നത് രാഷ്ട്രീയ പാര്‍ട്ടിയെ നോക്കിയാവാന്‍ പാടില്ല. ഇ ശ്രീധരന്റെ പേര് മുഖ്യമന്ത്രി മനഃപൂര്‍വ്വം ഒഴിവാക്കിയതാണെന്ന് വാര്‍ത്താസമ്മേളനം കേട്ടവര്‍ക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. രാഷ്ട്രീയം നോക്കി മുഖ്യമന്ത്രി ഇ ശ്രീധരന്റെ പേര് മനഃപൂര്‍വ്വം പരാമര്‍ശിക്കാതെ ഇരുന്നപ്പോള്‍ ഇ ശ്രീധരനാകട്ടെ രാഷ്ട്രീയം നോക്കാതെ ആളുകളുടെ കഴിവിനെ അംഗീകരിക്കുകയും ചെയ്തു. രണ്ട് സമീപനങ്ങള്‍ താരതമ്യം ചെയ്യാനുള്ള അവസരമാണ് ജനങ്ങളുടെ മുന്നിലുള്ളത്. ഒരാളുടെ രാഷ്ട്രീയത്തെയോ സാമ്പത്തിക ചുറ്റുപാടിനേയോ നിറത്തേയോ ജാതിയേയോ വെച്ചാവരുത് ഒരാളെ നോക്കിക്കാണുന്നത് മറിച്ച് അവരുടെ കഴിവിനെ നോക്കിയാവണം. അതില്‍ മുഖ്യമന്ത്രി പരാജയപ്പെടുകയും ഇ ശ്രീധരന്‍ വിജയിക്കുകയും ചെയ്തിരിക്കുന്നു.