Skip to main content

കേരളത്തിലെ ഗുരുക്കന്മാരുടെ ഗുരുസ്ഥാനമാണ് പ്രൊഫ.എം.കെ സാനു മാസ്റ്ററിനുള്ളത്. സാനു മാസ്റ്റര്‍ ഫെബ്രുവരി ഒന്നിന് എറണാകുളത്ത് നടന്ന ഒരു ചടങ്ങില്‍ കക്ഷി രാഷ്ട്രീയത്തിന് അധീതമായി ജനാധിപത്യം ഉണ്ടാവണമെന്ന് പറയുകയുണ്ടായി. തൊണ്ണൂറുകളുടെ മധ്യത്തില്‍ എത്തിയ അദ്ദേഹം ഇത് പറയുന്നത് ഒരുപക്ഷെ സ്വന്തം ജീവിതത്തില്‍ കക്ഷി രാഷ്ട്രീയത്തിന് അധീതമായി ജനാധിപത്യത്തെ കാണാന്‍ കഴിയാത്തതില്‍ നിന്നുള്ള പരാജയ ബോധത്തില്‍ നിന്നായിരിക്കാം എന്ന് വേണം കരുതാന്‍. 

കൊച്ചിയില്‍ ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നഗരത്തിലെ കൗണ്‍സിലര്‍മാര്‍ക്ക് നല്‍കിയ ആദരിക്കല്‍ ചടങ്ങിലാണ് അദ്ദേഹം ഇത് പറഞ്ഞത്. അദ്ദേഹം ഇത് പറയാന്‍ തിരഞ്ഞെടുത്ത വേദി ഏറ്റവും ഉചിതമാണ്. കാരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് താത്വികമായി രാഷ്ട്രീയ അടിസ്ഥാനത്തില്‍ അല്ല. അതുകൊണ്ട് തന്നെയാണ് കൗണ്‍സിലുകളില്‍ പ്രതിപക്ഷം എന്നൊരു സങ്കല്‍പ്പം ഇല്ലാത്തത്. കക്ഷി രാഷ്ട്രീയത്തിന് അധീതമായി തങ്ങളുടെ പ്രദേശങ്ങളിലെ വികസനത്തിന് വേണ്ടി പ്രവര്‍ത്തിക്കണം എന്നാണ് കൗണ്‍സിലുകളുടെ കാഴ്ചപ്പാട്. 

ഗുരുശ്രേഷ്ഠനെന്ന നിലയില്‍ ആദരിക്കപ്പെട്ട് നില്‍ക്കുമ്പോള്‍ പോലും അദ്ദേഹം എപ്പോഴും കക്ഷി രാഷ്ട്രീയത്തോട് ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിച്ച പ്രതികരിച്ച ചിത്രമാണ് സാനു മാസ്റ്ററിന്റെ ജീവിതത്തിലേക്ക് നോക്കുമ്പോള്‍ കാണുന്നത്. സാനു മാസ്റ്ററെ പോലുള്ള ഗുരുശ്രേഷ്ഠനായ വ്യക്തിക്ക് പോലും കേരളത്തില്‍ രാഷ്ട്രീയ നിലപാട് സ്വീകരിക്കേണ്ടി വരുന്നതിന്റെ സാഹചര്യം എന്തായിരിക്കാം. തൊണ്ണൂറുകളുടെ മധ്യത്തില്‍ എത്തിയ അദ്ദേഹം ഇത് പറയുമ്പോള്‍ സ്വാഭാവികമായിട്ടും ആ വാക്കുകൡല ആത്മാര്‍ത്ഥയെ സംശയിക്കേണ്ട ആവശ്യമില്ല. എന്തുകൊണ്ട് ഇത്തരത്തില്‍ ഒരു സാഹചര്യം കേരളത്തില്‍ നിലനില്‍ക്കുന്നു. യഥാര്‍ത്ഥത്തില്‍ കേരളം നേരിടുന്ന മുഴുവന്‍ പ്രശ്‌നങ്ങളുടെയും കാരണം എന്താണെന്നുള്ളത് സാനു മാസ്റ്ററിന്റെ ഈ ആഹ്വാനത്തില്‍ നിന്ന് മനസ്സിലാകുന്നു. കേരളത്തിലെ ജനാധിപത്യം കക്ഷി രാഷ്ട്രീയത്തില്‍ അകപ്പെട്ട് തടവില്‍ ആക്കപ്പെട്ടിരിക്കുന്നു. തടവിലാക്കപ്പെട്ട ജനാധിപത്യത്തിന് മോചനം ഉണ്ടാവാതെ കേരളത്തിന് രക്ഷയില്ല എന്നാണ് സാനു മാസ്റ്റര്‍ സ്വജീവിതത്തിന്റെ വെളിച്ചത്തില്‍ ഓരോ മലയാളിയോടും പറയുന്നത്.