സിറിയയില്‍ ആഗസ്ത് 21-ന് നടന്ന രാസായുധ ആക്രമണം തങ്ങള്‍ക്ക് പറ്റിയ പിഴവാണെന്ന് വിമതര്‍ പറഞ്ഞതായി റിപ്പോര്‍ട്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരോപിച്ച് സിറിയക്കെതിരെ യു.എസ്സിന്റെ നേതൃത്വത്തില്‍ സൈനിക നടപടിക്ക് ഒരുക്കം നടക്കുന്നതിനിടയിലാണ് സ്വതന്ത്ര ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായ മിന്റ് പ്രസ് ന്യൂസ് വാര്‍ത്ത പുറത്തുവിട്ടത്.
തലസ്ഥാനമായ ഡമാസ്കസിന് സമീപം ആക്രമണം നടന്ന ഘൌട്ടയില്‍ വിമത പോരാളികളും ബന്ധുക്കളുമായി നടത്തിയ അഭിമുഖത്തെ തുടര്‍ന്ന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് സൗദി അറേബ്യന്‍ രഹസ്യാന്വേഷണ ഏജന്‍സി നല്‍കിയ ആയുധങ്ങള്‍ കൈകാര്യം ചെയ്തതിലെ പിഴവാകാം സംഭവത്തിന് പിന്നിലെന്ന് വിമതര്‍ വെളിപ്പെടുത്തുന്നത്.
ജെ എന്നറിയപ്പെടുന്ന വിമത നേതാവിനെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. അല്‍-നുസ്ര വിഭാഗത്തില്‍ പെട്ടവരാണ് സംഭവത്തിന് പിന്നിലെന്ന് ഇദ്ദേഹം പറയുന്നു. അല്‍-ക്വയ്ദയുമായി ബന്ധമുള്ള ഈ വിഭാഗം മറ്റ് വിമത വിഭാഗങ്ങളുമായി രഹസ്യ വിവരങ്ങള്‍ പങ്കുവെക്കാറില്ലെന്നും ജെ അറിയിച്ചു.
സൗദി അറേബ്യയിലെ ബന്ദര്‍ ബിന്‍ സുല്‍ത്താന്‍ രാജകുമാരന്റെ നേതൃത്വത്തിലുള്ള രഹസ്യാന്വേഷണ വിഭാഗമാണ് രാസായുധങ്ങള്‍ വിതരണം ചെയ്തതെന്ന് ഘൌട്ട നിവാസികള്‍ കരുതുന്നതായി റിപ്പോര്‍ട്ട് പറയുന്നു.