Skip to main content
കൈറോ

Arab League

സിറിയന്‍ സര്‍ക്കാരിനെതിരെ അന്താരാഷ്ട്ര നടപടി വേണമെന്ന് അറബ് ലീഗ് ഞായറാഴ്ച ആവശ്യപ്പെട്ടു. ഈജിപ്ത് തലസ്ഥാനമായ കൈറോയില്‍ ചേര്‍ന്ന യോഗത്തില്‍ സര്‍ക്കാര്‍ നടത്തിയ രാസായുധ ആക്രമണം ‘വൃത്തികെട്ട കുറ്റകൃത്യ’മാണെന്ന് ലീഗ് ആരോപിച്ചു. എന്നാല്‍, യു.എസ്സും ഗള്‍ഫ് പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയിലെ സഖ്യകക്ഷികളും ആലോചിക്കുന്ന സൈനിക നടപടിയെ കുറിച്ച് തുറന്ന അഭിപ്രായം ലീഗ് നടത്തിയില്ല.

 

സിറിയന്‍ പ്രശ്നത്തില്‍ ഐക്യരാഷ്ട്ര രക്ഷാസമിതിയില്‍ നിലനില്‍ക്കുന്ന ആഭ്യന്തര തര്‍ക്കങ്ങള്‍ പരിഹരിക്കണം എന്നായിരുന്നു ലീഗിന്റെ ആദ്യനിലപാട്. എന്നാല്‍, സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍-അസാദിനെ റഷ്യ ശക്തമായി പിന്തുണക്കുന്ന സാഹചര്യത്തില്‍ യു.എന്‍ അംഗീകാരത്തോടെയുള്ള നടപടി അസാധ്യമായ സാഹചര്യത്തിലാണ് ലീഗിന്റെ പുതിയ പ്രസ്താവന. ഐക്യരാഷ്ട്രസഭക്കൊപ്പം ‘അന്താരാഷ്ട്ര സമൂഹ’വും സിറിയന്‍ സര്‍ക്കാറിനെതിരെ അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസരിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് ലീഗ് പ്രസ്താവനയില്‍ പറയുന്നത്.

 

സിറിയക്കെതിരെയുള്ള സൈനിക നടപടിക്ക് യു.എസ് കോണ്‍ഗ്രസിന്റെ അംഗീകാരം ആവശ്യപ്പെട്ട പ്രസിഡന്റ് ഒബാമയുടെ നടപടി അറബ് നേതാക്കളെ അമ്പരിപ്പിച്ചു. എന്നാല്‍, അറബ് ലീഗില്‍ നിന്ന് സൈനിക നടപടിക്ക് ആഹ്വാനം പുറപ്പെടുവിച്ചുകൊണ്ടുള്ള പ്രസ്താവന പുറപ്പെടുവിക്കാന്‍ സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ശ്രമമുണ്ടായെങ്കിലും വിജയിച്ചില്ല.