Skip to main content

തദ്ദേശ തിരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടി നിയമസഭാ തിരഞ്ഞെടുപ്പിലൂടെ മറികടക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. അതിന്റെ ആദ്യപടി എന്നോണമാണ് ഉമ്മന്‍ചാണ്ടിയെ നേതൃനിരയിലേക്ക് കൊണ്ട് വന്നതും. ഇപ്പോള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്ത് വില കൊടുത്തും കേരളം തിരിച്ചു പിടിക്കണമെന്ന കോണ്‍ഗ്രസിന്റെ നിലപാടിന് ആക്കം കൂട്ടുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയോടുള്ള രാഷ്ട്രീയാഭിമുഖ്യം പരസ്യമാക്കിയിട്ടുള്ള നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി തിരഞ്ഞെടുപ്പ് അംഗത്തിന് ഒരുങ്ങുന്നു എന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കോഴിക്കോട് ബാലുശ്ശേരി നിയോജകമണ്ഡലമാണ് ധര്‍മ്മജന് വേണ്ടി പരിഗണിക്കുന്നവയില്‍ ഒരു സീറ്റ്. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്ന് ധര്‍മ്മജന്‍ ബോള്‍ഗാട്ടി പറഞ്ഞു

പതിറ്റാണ്ടുകളായി ഇടതുപക്ഷത്തോട് ചേര്‍ന്നുനില്‍ക്കുന്ന മണ്ഡലമാണ് ബാലുശ്ശേരി. സി.പി.എം. സ്ഥാനാര്‍ഥി പുരുഷന്‍ കടലുണ്ടി 15,000ത്തിലധികം വോട്ടുകള്‍ക്കാണ് കഴിഞ്ഞ തവണ ജയിച്ചത്. ധര്‍മ്മജന്റെ സ്ഥാനാര്‍ഥിത്വത്തിലൂടെ മണ്ഡലം പിടിക്കാനാവുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. 

അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനിടെ ബാലുശ്ശേരിയിലെ വിവിധ പരിപാടികളില്‍ കഴിഞ്ഞ ദിവസം ധര്‍മ്മജന്‍ പങ്കെടുത്തിരുന്നു. കലാരംഗത്തും പൊതുരംഗത്തുമുളള നിരവധി പേരെ വീട്ടിലെത്തി കാണുകയും കോണ്‍ഗ്രസ് ജില്ലാ നേതാക്കളുമായി സംസാരിക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് സംസ്ഥാന നേതാക്കളുമായി ആശയവിനിമയം തുടരുന്നുമുണ്ട്. മുസ്ലീംലീഗിന്റെ കൈവശമാണ് ബാലുശ്ശേരി മണ്ഡലം. ഇത് കോണ്‍ഗ്രസ് ഏറ്റെടുക്കുകയാണെങ്കില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി സ്ഥാനാര്‍ഥി ആയേക്കും.