Skip to main content

കൊവിഡിനെതിരെ ഏറ്റവും മികച്ച രീതിയില്‍ പൊരുതി കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ലോകശ്രദ്ധ ആകര്‍ഷിച്ച സംസ്ഥാനമാണ് കേരളം. എന്നാല്‍ കുറച്ച് നാളുകളായി കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കേരളം ഒന്നാം സ്ഥാനത്ത് തുടരുകയാണ്. നാല് ദിവസമായി പ്രതിദിന രോഗികളുടെ എണ്ണം ആറായിരത്തിന് മുകളിലാണ്. ആകെ രോഗം ബാധിച്ചവരുടെ എണ്ണത്തില്‍ ദേശീയതലത്തില്‍ കേരളം നാലാമതാണ്. മഹാരാഷ്ട്ര (20,03,657), കര്‍ണാടക (9,34,576), ആന്ധ്രാപ്രദേശ് (8,86,694) സംസ്ഥാനങ്ങളാണ് കേരളത്തിന് മുകളില്‍. കേരളത്തിലിത് വെള്ളിയാഴ്ച 8,77,282 ആണ്.

ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് കൊവിഡ് ബാധിച്ച മഹാരാഷ്ട്രയില്‍ ഇപ്പോള്‍ പ്രതിദിന രോഗികള്‍ മൂവായിരത്തില്‍ താഴെയാണ്. സംസ്ഥാനത്തെ ജനജീവിതം മാറിയതും ഉയര്‍ന്ന ജനസാന്ദ്രതയും രോഗവ്യാപന സാധ്യത ഉയര്‍ത്തുന്നു. സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയര്‍ന്നു നില്‍ക്കാന്‍ കാരണവും ഇതാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതല്‍പ്പേര്‍ പരിശോധനയ്ക്ക് വിധേയരാകുന്നത് മറ്റൊരു കാരണമാണ്. 

പരിശോധന നടത്തുന്നവരില്‍ രോഗം സ്ഥിരീകരിക്കുന്നവരുടെ നിരക്ക് ഒരുഘട്ടത്തില്‍ ഒമ്പതുശതമാനത്തില്‍ താഴെയെത്തിയിരുന്നെങ്കിലും വെള്ളിയാഴ്ചയോടെ അത് 11.63 ശതമാനമായി. രോഗമുക്തരാവുന്നവരുടെ നിരക്ക് ഇപ്പോള്‍ 91.54 ശതമാനമാണ്. മരണനിരക്ക് 0.41 ശതമാനത്തില്‍ നിര്‍ത്താനാകുന്നുണ്ട്. ദേശീയതലത്തില്‍ മരണനിരക്ക് 1.5 ശതമാനത്തോളമാണ്. രാജ്യത്ത് വെള്ളിയാഴ്ച വരെ 1,53,221 പേര്‍ മരിച്ചപ്പോള്‍ കേരളത്തില്‍ 3565 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മഹാരാഷ്ട്ര (50,684), കര്‍ണാടക (12,190), തമിഴ്നാട് (12,307), ഡല്‍ഹി (10,789), പശ്ചിമബംഗാള്‍ (10,097) സംസ്ഥാനങ്ങളിലാണ് കൂടുതല്‍പ്പേര്‍ മരിച്ചത്.