Skip to main content

interacting mother

കൗമാരക്കാരുടെ സംഘത്തോട് ഈയിടെ ഒരു ചോദ്യം ചോദിച്ചു: നിങ്ങൾക്ക് എങ്ങനെയുള്ള അമ്മയെയാണ് വേണ്ടത്? ഉത്തരം കോറസ്സായി വന്നു - ഇന്ററാക്ടിങ് മദർ. ഇപ്പോൾ കൈവശമുള്ള അമ്മമാരെ ഈ ഗണത്തിൽ പെടുത്താനാവില്ലേ എന്ന ചോദ്യത്തിന് അതിശക്തമായ നിഷേധ സ്വരം. ഒന്നോ രണ്ടോ പേർ നേർത്ത ശബ്ദത്തിൽ -- 'കുറച്ചൊക്കെ' എന്നു സമ്മതിച്ചു. ഭൂരിപക്ഷം, പക്ഷേ ഇടഞ്ഞു തന്നെ നിന്നു. തങ്ങളുടെ അമ്മമാർ ഇന്ററാക്ടിങ് അല്ലെന്ന്‍ മാത്രമല്ല, ഇന്റർഫിയറിങ് ആണെന്നൊരു കുഴപ്പം കൂടിയുണ്ടത്രേ!

 

ഇന്ററാക്ടിങ് മദർ

 

കാര്യം നമ്മുടെ മക്കളൊക്കെയാണെങ്കിലും ചോദിച്ചുകഴിഞ്ഞാൽ അവരിങ്ങനെയേ പറയൂ, എന്ന്‍ സമാധാനിക്കുന്ന അമ്മമാർ ആത്മപരിശോധനയ്ക്കു വൈകി എന്നാണ് പുതിയ കാലത്തെ പല സംഭവങ്ങളും ഓർമിപ്പിക്കുന്നത്.

 

വീട്ടുകാർ നോക്കിനിൽക്കെ പാറമടയിൽ ചാടി മരിച്ച ഒൻപതാം ക്ലാസ്സുകാരിയും ക്ലാസ് മുറിയിൽ ഒന്നിച്ചു ജീവനൊടുക്കിയ പെണ്‍കുട്ടികളും ദിശാസൂചികകളായി നമ്മുടെ മുന്നിലുണ്ട്.

 

ഈ കുട്ടികളെല്ലാം വീടിന്റെ ഓമനകളായിരുന്നു. എന്നിട്ടും മരണമല്ലാതെ വേറെ വഴിയില്ല എന്ന നിസ്സഹായതയിൽ അവർക്കൊരു താങ്ങാവാൻ വീട്ടുകാർക്കു കഴിയാതെ പോയി. ഇവിടെയാണ് മക്കളുടെ മനസ്സറിയുന്ന, അവരോട് അടുത്തിടപഴകുന്ന അമ്മ ഓരോ വീടിന്റേയും അത്യാവശ്യമാകുന്നത്.

 

തങ്ങളുടെ ചെറുപ്പകാലവുമായി തട്ടിച്ചു നോക്കിയാൽ ഇപ്പോഴത്തെ കുട്ടികൾ എത്രയോ ഭാഗ്യമുള്ളവരാണ് എന്ന്‍ അമ്മമാര്‍ പറയാറുണ്ട്. കൊഞ്ചിച്ചു വളർത്തുന്നു, ചോദിക്കുന്നതെല്ലാം കൊടുക്കുന്നു, പ്രയാസങ്ങൾ അറിയുന്നില്ല... അങ്ങനെ പലതും. പക്ഷേ, ഇതിനിടയിൽ മറന്നുപോകുന്ന ചിലതുമില്ലേ? അമ്മമാര്‍ ചെറുപ്പം ചെലവഴിച്ച ലോകം ഇതിനേക്കാൾ ചെറുതും നല്ലതുമായിരുന്നു. ഇന്ന്‍ വളർന്ന്‍, സൗകര്യങ്ങളേറെയായെങ്കിലും വഷളായിപ്പോയ ലോകത്താണ് പാവം മക്കൾ ജീവിക്കുന്നത്. പഠനഭാരവും സൗഹൃദങ്ങളുടെ ഭാരവും വിചിത്രമായ സാഹചര്യങ്ങളും കൊണ്ടു വലയുന്ന തലമുറയാണവർ. ഒടുങ്ങാത്ത മത്സരം ജീവിതത്തിന്റെ എല്ലാ മേഖലയിലും, എല്ലാ ഘട്ടങ്ങളിലും അവരെ കാത്തിരിക്കുന്നു. മൊബൈൽ ഫോണും വെബ് കാമറകളുമായി സൈബർ ലോകം അവർക്കു ചുറ്റും വല വിരിച്ചു നിൽക്കുന്നു. ഇതിനെല്ലാം പുറമേ മക്കളെ പീഡിപ്പിക്കുന്ന അച്ഛന്മാരുടേയും അവരെ വില്ക്കാൻ കൂട്ടുനില്ക്കുന്ന അമ്മമാരുടേയും കഥകൾ നിത്യേന പുറത്തുവരുന്നു. ശരിതെറ്റുകളെക്കുറിച്ചുള്ള സംശയങ്ങൾ, ആരെ വിശ്വസിക്കാൻ പറ്റും എന്ന ആധി ഇതെല്ലാം നിരന്തരം അവരെ ചൂഴ്ന്നു നില്ക്കുകയാണ്. ഇതിനിടയിൽ എവിടെയാണൊരു സമാധാനം തേടാനാവുന്നത്? സ്വന്തം വീട്ടിൽ - അമ്മയുടെ തണലെങ്കിലും അവരുടെ അവകാശമല്ലേ? ഈ അവകാശം അനുവദിച്ചുകൊടുക്കാൻ അമ്മമാർ ബാധ്യസ്ഥരാണ്.

 

മക്കളെ മനസ്സിലാക്കുന്ന അമ്മ എന്നു പറഞ്ഞാൽ അവർ പറയുന്നതെന്തും സമ്മതിച്ചും സാധിച്ചും കൊടുക്കുന്നയാൾ എന്നല്ല അർത്ഥം. നിസ്സാര കാര്യങ്ങളിൽ പോലും തീരുമാനമെടുക്കാൻ അനുവദിക്കാതെ അവരുടെ ജീവിതത്തിൽ നിരന്തരം ഇടപെട്ട് കുളമാക്കുന്നയാളുമല്ല നല്ല അമ്മ. മറിച്ച് ബുദ്ധിപരമായ ഇടപെടലുകളിലൂടെ അവരറിയാതെ അവരുടെ ജീവിതത്തിന്റെ ചരട് കയ്യിലെടുക്കാം. സൗഹൃദങ്ങളാണു പല കുട്ടികളുടെയും വീക്ക്‌നെസ്സ്. അവരുടെ സുഹൃത്തുക്കളെ അമ്മമാരും അറിയണം. അവരുടെ ചുറ്റുപാടുകൾ, പ്രശ്‌നങ്ങൾ... അങ്ങനെ മക്കൾ ഇടപെടുന്നവരെക്കുറിച്ചെല്ലാം അമ്മമാർക്കും ധാരണ വേണം. പ്രശ്‌നപരിഹാരങ്ങൾക്കായി ധൈര്യപൂർവ്വം സമീപിക്കാവുന്നയാളാണ് അമ്മ എന്നൊരു വിശ്വാസം കുട്ടികൾക്ക് ആവശ്യമുണ്ട്. തെറ്റും ശരിയും അതതു സമയങ്ങളിൽ അവരെ മുഷിപ്പിക്കാതെ പറഞ്ഞുകൊടുക്കാം. ഇനി തെറ്റു പറ്റിപ്പോയാൽ അതെത്ര ഗുരുതരമായാലും അവർക്കൊരു താങ്ങാകുകയും വേണ്ടേ?

 

കരുത്തുള്ള അമ്മ-കരുതലുള്ള അമ്മ

 

'എന്റെ അമ്മ പാവമാണ്' എന്നു പലരും പറഞ്ഞു കേൾക്കാറില്ലേ? അമ്മമാർ പാവങ്ങളാകുകയാണോ വേണ്ടത്? മാറിയ സാഹചര്യങ്ങൾക്കനുസരിച്ച് പുനർവിചിന്തനം ചെയ്യേണ്ട വിഷയമാണിത്.

 

എനിക്കൊരു പ്രശ്‌നമുണ്ടായാൽ അമ്മ എന്നേക്കാൾ തളരും എന്നു ബോധ്യമുള്ള കുട്ടി ആപൽഘട്ടങ്ങളിൽ അമ്മയുടെ സഹായം തേടുമോ? 'ഇക്കാര്യം വീട്ടിലറിഞ്ഞാൽ എന്റമ്മ ചത്തുകളയും' എന്നു വിചാരിക്കുന്ന കുട്ടി ഞാനങ്ങു ചത്തേക്കാം എന്റെ പാവം അമ്മ ജീവിച്ചോട്ടെ എന്നായിരിക്കും ചിന്തിക്കുക. ഓരോ അമ്മയും സ്വയം ശാക്തീകരിക്കേണ്ടതിന്റെ ആവശ്യകത ഇവിടെയാണ്. തളരാതെ, തകരാതെ താങ്ങിനിർത്താൻ കരുത്തുള്ള കൈകളാണെന്ന്‍ ഉറപ്പുണ്ടെങ്കിൽ മാത്രമേ കൈവിട്ടു പോയേക്കാവുന്ന കളികൾക്കു മുമ്പ് കുട്ടികൾ അമ്മയെ തേടിയെത്തൂ. അമ്മയുടെ വാക്കുകളിലൂടെ, പ്രവൃത്തിയിലൂടെ ആ വശ്വാസം അവരിൽ വളരണം.

 

എന്തുകൊണ്ട് അമ്മ

 

ഇതിനെല്ലാംകൂടി അമ്മ തന്നെ വേണോ? അച്ഛന്മാർക്ക് ഇതിൽ കാര്യമൊന്നുമില്ലേ? എന്നു തോന്നുന്നുണ്ടെങ്കിൽ ഓർക്കുക: പ്രതിസന്ധി ഘട്ടങ്ങൾ മറികടക്കാൻ പുരുഷനേക്കാൾ സാമർഥ്യം, കരുത്ത് എല്ലാം പ്രകൃതി തന്നിരിക്കുന്നത് സ്ത്രീക്കാണ്. ഇത്തരം കാര്യങ്ങൾ പെട്ടെന്ന് മനസ്സിലാക്കാനും പ്രയാസമുണ്ടാക്കുന്ന സാഹചര്യങ്ങളോടു പൊരുത്തപ്പെടാനും വൈകാരിക സംതുലനം പാലിക്കാനുമുള്ള ശേഷി അമ്മമാർക്കാണു കൂടുതൽ. 'സർവം സഹയ്ക്ക്' പുതിയ ഭാഷ്യങ്ങൾ എഴുതിച്ചേർക്കാൻ ഇനിയും മടിയെന്തിന്?

Tags