Skip to main content

അച്ഛനറിഞ്ഞാല്‍ പ്രശ്‌നമാ. മിക്ക കുട്ടികളും ചെറിയ ക്ലാസ്സുകളില്‍ ചിലരൊക്കെ വലിയ ക്ലാസ്സുകളിലെത്തിയാലും പറയുന്നു. ഇത് അച്ഛനെ സ്വതവേ വലിയ പേടിയില്ലാത്ത കുട്ടികളില്‍ പോലും പേടി ജനിപ്പിക്കുന്നു. ഇന്ന്‍ കൗമാരപ്രായക്കാരായ ആണ്‍കുട്ടികള്‍ നേരിടുന്ന മുഖ്യകടമ്പയാണ്. തങ്ങളുടെ അച്ഛനമ്മമാരുടെ കണ്ണുകളിലൂടെ നോക്കിയാല്‍ മഹാ അപരാധമായിത്തീരുന്ന ഒട്ടനവധി കാര്യങ്ങളില്‍ അനായാസം ഏര്‍പ്പെടാന്‍ അവസരങ്ങള്‍ ഏറെ. ചിലതിലൊക്കെ അവര്‍ ഏര്‍പ്പെടുകയും ചെയ്യുന്നു. കുട്ടികള്‍ അപരാധങ്ങള്‍ രഹസ്യങ്ങളായി സൂക്ഷിച്ച് വിങ്ങുന്നു. അതിനോടൊപ്പം പഠനഭാരവും പഠിത്തത്തില്‍ കേമനാകാനുള്ള രക്ഷിതാക്കളുടേയും അധ്യാപകരുടേയും സമ്മര്‍ദ്ദം.

കുട്ടികള്‍ വലിയ വിഷമവൃത്തത്തിലകപ്പെടുന്നു. ഇതില്‍നിന്ന്‍ എങ്ങിനെ രക്ഷപെടാനാകും. താല്‍ക്കാലിക ഭ്രാന്തകാലം എന്നാണ് കൗമാരപ്രായത്തെ പാശ്ചാത്യമനശ്ശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുക. അവര്‍ ഈ അവസ്ഥയെ അങ്ങിനെ വിശേഷിപ്പിച്ചത് ഇന്നത്തെ കൗമാരപ്രായക്കാരെ കണ്ടിട്ടല്ല എന്നത് വാസ്തവമാണ്. എങ്കിലും കുറച്ചൊക്കെ അതില്‍ യാഥാര്‍ഥ്യമുണ്ട്. പൗരുഷത്തിന്‍റെ പടിവാതില്‍ക്കല്‍ എത്തിനിന്നുകൊണ്ട് അവര്‍ തങ്ങളുടെ ശരീരത്തേയും മനസ്സിനേയും അപരിചിതരെപ്പോലെ നോക്കിപ്പോന്നു. പരിചയമില്ലാത്ത സ്ഥലത്ത് ചെന്നുപെട്ടാല്‍ കൃത്യമായി എത്തേണ്ടിടത്ത് എത്തണമെങ്കിലും വന്ന കാര്യം നടക്കണമെങ്കിലും ആരെങ്കിലും പരിചയക്കാരോ അല്ലെങ്കില്‍ സഹായത്തിനായി ആരെങ്കിലും മുന്നോട്ടു വരികയോ വേണം. ഇല്ലെങ്കില്‍ ചുറ്റിയതു തന്നെ. കൗമാരക്കാരെയും അപരിചിത പശ്ചാത്തലത്തില്‍ സഹായിക്കാന്‍ അനിവാര്യമാണ്. ഇന്ന്‍ അവര്‍ക്കത് കിട്ടുന്നില്ല.

കൗമാരക്കാരുടെ പ്രശ്‌നങ്ങള്‍ ഗൗരവത്തോടെ കൈകാര്യം ചെയ്യണമെന്നുമൊക്കെ പറയുമ്പോള്‍തന്നെ ഏതെങ്കിലുമൊരു കുട്ടി എന്തെങ്കിലും തെറ്റുചെയ്താല്‍ മഹാ അപരാധം ചെയ്തതുപോലെയാണ് ഇന്നും അധ്യാപകര്‍ കാണുന്നതെന്നുള്ളത് യാഥാര്‍ഥ്യമാണ്. മലപ്പുറം ജില്ലയിലെ ഒരു എയിഡഡ് സ്‌കൂളിലെ അധ്യാപകന്‍ പറഞ്ഞത്, കാര്യം എന്തൊക്കെയായാലും നല്ല ഒന്നാന്തരം അടി കൊടുക്കുകയല്ലാതെ നിവൃത്തിയില്ലെന്നാണ്. സ്‌കൂള്‍ മാനേജറുടെ പിന്തുണയുള്ളതിനാല്‍ പെശിരു കാണിക്കുന്നവര്‍ക്ക് നല്ല പെട കൊടുക്കുമെന്നാണ്. പണ്ടത്തെ കൗമാരക്കാരുടേതുപോലുള്ള ഏര്‍പ്പാടുകളല്ല അവന്മാര്‍ നടത്തുന്നത്. മുതിര്‍ന്ന ക്രമിനലുകള്‍  ചെയ്യുന്ന വേലത്തരങ്ങളാണ് ഒപ്പിക്കുന്നത്. മിക്കതും പോലീസില്‍ അറിയിക്കേണ്ട ഗൗരവമുള്ളതാണ്.

അണ്‍ എയിഡഡ് സ്‌കൂളുകളിലേയും സ്ഥിതി മറിച്ചല്ല. അവിടെ സ്‌കൂളധികൃതര്‍ രക്ഷിതാക്കളെ വിളിപ്പിക്കും. അതിനാല്‍ അതിവിദഗ്ധമായി ചെയ്തികള്‍ ഒളിപ്പിച്ചുകൊണ്ടാണ് അവര്‍ തങ്ങളുടെ മേച്ചില്‍പ്പുറങ്ങളിലേക്ക് പിന്‍വാങ്ങുന്നത്.

ഒരു കാര്യം ആദ്യമായി സമ്മതിക്കേണ്ടിയിരിക്കുന്നു. കുട്ടികള്‍ നിരപരാധികളാണ്. അവരെ ശ്രദ്ധിക്കേണ്ട രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും അവരെ ശ്രദ്ധിക്കാന്‍ കഴിയുന്നില്ല. അതവര്‍ മനസ്സിലാക്കുന്നുമില്ല. ഒരു ക്ലാസ്സില്‍ ഇന്ന്‍ നാല്‍പ്പത് കുട്ടികളുണ്ടെങ്കില്‍ അവരില്‍ എത്രപേരുടെ അച്ഛന്‍മാര്‍ മദ്യപിക്കാത്തവരുണ്ടാകുമെന്ന്‍ കേരളത്തിലെ മദ്യച്ചിലവിന്‍റെ തോത് വെച്ച് ഊഹിക്കാവുന്നതേയുള്ളു. കൂട്ടത്തില്‍ സീരിയല്‍ കാണുന്ന അമ്മയും. വഴക്കുപറച്ചിലിലൂടെ കുട്ടികളെ പഠിപ്പിക്കാമെന്ന്‍ അമ്മമാര്‍ കരുതുന്നു. അതുവരെ കിട്ടിക്കൊണ്ടിരുന്ന വാത്സല്യം കിട്ടാതാകുകയും, അതിലേക്ക് തിരിച്ചുപോകാന്‍ വയ്യാത്ത അവസ്ഥയും എന്നാല്‍ ആ വാത്സല്യത്തെ പൂര്‍ണ്ണമായി വേണ്ടെന്നു വയ്ക്കാനുള്ള മാനസികാവസ്ഥയില്ലായ്മയും എല്ലാം കൂടി കുട്ടികളെ അന്തരാള ഘട്ടത്തിലെത്തിക്കുന്നു.

കുഞ്ഞായാലും വലുതായാലും മനുഷ്യന്‍ അനുനിമിഷം തേടിക്കൊണ്ടിരിക്കുന്നത് സന്തോഷമാണ്. അത് പരിചയമില്ലാത്ത പശ്ചാത്തലത്തില്‍ കൗമാരക്കാരും തേടും. സ്വാഭാവികം. പരിചയമില്ലാത്തയിടമാകുമ്പോള്‍ സുഖം കിട്ടുമെന്ന്‍ പറയുന്ന സ്ഥലത്തേക്ക് അവര്‍ നയിക്കപ്പെടുന്നു. ചിലപ്പോള്‍ പെട്ടു കഴിയുമ്പോഴാണ് അറിയുന്നത്. അപ്പോഴും എന്തു ചെയ്യണമെന്ന്‍ അറിയാത്ത അവസ്ഥ. പേടി കാര്യങ്ങളെ നിയന്ത്രിക്കുന്നു. ഏതെങ്കിലും കാരണവശാല്‍ പിടിക്കപ്പെട്ടാല്‍ കഥ കഴിഞ്ഞതു തന്നെ. പേടിച്ചുവിറച്ചിരിക്കുന്നവര്‍ പീഡിപ്പിക്കപ്പെടുകയും ചെയ്താലുള്ള അവസ്ഥ ചിന്തനീയം.

ഇവരില്‍ ഊര്‍ജം അത്യധികം ഉണ്ടാകുന്ന സമയമാണ്. ആ ഊര്‍ജം ഏതെങ്കിലും രീതിയില്‍ തിരിച്ചുവിട്ടില്ലെങ്കിലാണ് അപരിചിത മേഖലയില്‍ അവര്‍ അപകടത്തില്‍ ചാടുന്നത്. പഠനത്തിന്‍റെ പേരില്‍ നന്നായി കളിക്കുന്ന കുട്ടികളേപ്പോലും അതില്‍ നിന്നും പിന്തിരിപ്പിക്കുന്ന പ്രവണതയാണ് കണ്ടുവരുന്നത്. പഠനത്തില്‍ അവര്‍ മികവ് കാണിക്കണമെങ്കിലും അവരിലെ അധിക ഊര്‍ജം ക്രിയാത്മകമായി വിനിയോഗിച്ചേ മതിയാവൂ. കളിക്കാന്‍ താല്പര്യമുള്ളവരെ അതിലേക്ക് പ്രോത്സാഹനത്തോടെ വിടുകയാണെങ്കില്‍ അവരില്‍ ഉടലെടുക്കുന്ന മത്സരബുദ്ധിയും അല്പം വിപരീതാത്മകതയുമൊക്കെ കളിയിലുടെ ക്രിയാത്മകമായി പുറത്തുവരും. അങ്ങിനെയുള്ള കുട്ടികള്‍ക്ക് ഉള്ളില്‍ ശാന്തത അനുഭവപ്പെടും. അപ്പോള്‍ അവര്‍ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും അവര്‍ക്ക് പ്രിയപ്പെട്ട മേഖല സ്വയം കണ്ടെത്തുകയും ചെയ്യും. അവരില്‍ പേടിയുടെ അംശം താരതമ്യേന കുറയുകയും ചെയ്യും. പേടി കുറയുന്നതിനനസരിച്ചു മാത്രമേ ഒരു കുട്ടി സര്‍ഗാത്മകമാവുകയുള്ളു. മറിച്ച് അവരില്‍ പേടിയുണ്ടാക്കിയാലേ ഉദ്ദേശിച്ച രീതിയില്‍ കൊണ്ടുവരാന്‍ കഴിയുകയുള്ളു എന്നുള്ള ചിന്ത ആ കുട്ടിയേയും നശിപ്പിക്കും സമൂഹത്തിന് അവനെക്കൊണ്ട് ദൂഷ്യങ്ങള്‍ നേരിടേണ്ടിയും വരും.

Tags