
വ്യത്യസ്തമായ അവതരണം കൊണ്ട് പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടിയ ചിത്രമായിരുന്നു കാര്‍ത്തി നായകനായ കൈതി. ലോകേഷ് കനകരാജ് ഒരുക്കിയ ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ഒരുങ്ങുകയാണ്. ഹിന്ദി റീമേക്കില്‍ അജയ് ദേവ്ഗണ്‍ നായകനായി എത്തും. അജയ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്ക് വച്ചത്.
റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ് ഡ്രീം വാരിയര്‍ പിക്‌ച്ചേര്‍സുമായി ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവരുമെന്നാണ് സൂചന. അടുത്ത വര്‍ഷം ഫെബ്രുവരി 12ന് ചിത്രം തീയേറ്ററുകളിലെത്തും.
ഒറ്റ രാത്രികൊണ്ട് നടക്കുന്ന സംഭവങ്ങളെ ആസ്പദമാക്കി ഇറക്കിയ ആക്ഷന്‍ ത്രില്ലറായിരുന്നു കൈതി. 100 കോടി ക്ലബ്ബില്‍ ഇടംനേടിയ ചിത്രത്തിന്റെ രണ്ടാംഭാഗം വരുമെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. മലയാളി താരം നരേന്‍ ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഹരീഷ് പേരടി, രമണ, ദീന ജോര്‍ജ്, ഹരീഷ് ഉത്തമന്‍, അര്‍ജ്ജുന്‍ ദാസ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.
