Skip to main content

കേരളചരിത്രത്തിലെയും മാധ്യമചരിത്രത്തിലേയും ഒരു കറുത്തദിനമാണ് ജോസ് തെറ്റയില്‍ എം.എല്‍.എയുടെ അവിഹിതവേഴ്ചയുടെ ദൃശ്യങ്ങൾ ചാനലുകൾ പ്രക്ഷേപണം ചെയ്തത്. സാമൂഹികമായ പ്രതിബദ്ധതയുടേയോ ശരാശരി ഔചിത്യത്തിന്റേയോ പേരില്‍ ഈ മാധ്യമങ്ങൾക്ക് ഇനി എന്തെങ്കിലും അവകാശപ്പെടാനുള്ള അധികാരമാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിന്റെ മുപ്പത്തിയെട്ടാം വാർഷികത്തിന്റെ സമയത്ത് നഷ്ടമാകുന്നത്. മാധ്യമങ്ങൾക്ക് നിയന്ത്രണം ആവശ്യമല്ലെന്ന് ശക്തിയുക്തം വാദിച്ചിരുന്നവർ മറിച്ച് അഭിപ്രായപ്പെട്ടുതുടങ്ങി. പൊതുസമൂഹവും ഈ ആവശ്യത്തിലേക്ക് നീങ്ങുന്നതിന്റെ ശക്തമായ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ട്. ഇതു സംബന്ധിച്ച കേസ് അതിലൊന്നാണ്.

 

ഇപ്പോഴും മാധ്യമം സാന്നിദ്ധ്യം തന്നെയാണ്. മാധ്യമങ്ങളുടെ പ്രസക്തി അതിന്റെ നടത്തിപ്പുകാരുടെ സമീപനം കൊണ്ടാണെങ്കിലും നഷ്ടമാകുന്നത് ഒരു ജനാധിപത്യസമൂഹത്തിന് അപകടം വരുത്തിവയ്ക്കും. നഷ്ടപ്പെട്ടത് വീണ്ടെടുക്കാനും വീണ്ടുവിചാരത്തിനുമുള്ള അവസരമാണ് ഇത്. ആ സമീപനമായിരിക്കണം ഇപ്പോഴുണ്ടാവേണ്ടതും. അതിനുള്ള പ്രാഥമികമായ തിരിച്ചറിവ് സാധാരണജനങ്ങളെ വിഡ്ഢികളായി കണ്ടുകൊണ്ട് റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുകയും പ്രക്ഷേപണം ചെയ്യാതിരിക്കുകയും ചെയ്യുക എന്നതാണ്. എന്നാല്‍ ആ ദിശയ്ക്ക് കേരളത്തിലെ മുഖ്യധാരാമാധ്യമങ്ങൾ തിരിയുന്നതിന്റെ ലക്ഷണം കാണുന്നില്ലെന്ന്‍ മാത്രമല്ല, തെറ്റയില്‍ പ്രക്ഷേപണത്തിന്റെ പാതയിലൂടെത്തന്നെയാണ് ഇപ്പോഴും യാത്ര. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മുൻ പി.എ ടെന്നി ജോപ്പൻ അറസ്റ്റിലായതിന്റെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന വിവരണങ്ങള്‍.

 

മുഖ്യമന്ത്രി പറയുന്നു, തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടും, അമ്പേഷണത്തിലിരിക്കുന്ന വിഷയമായതിനാല്‍ കൂടുതലൊന്നും പറയുന്നില്ല എന്ന്‍. അത് ഔചിത്യം. ആ ഔചിത്യം പോലും മാധ്യമങ്ങൾ കാണിക്കുന്നില്ല. പഴയതുപോലെ ജനം വിശ്വസിച്ചുകൊള്ളും എന്നുകരുതി മാധ്യമങ്ങൾ കഥകളുമായി രംഗത്തെത്തി. ജോപ്പൻ എങ്ങിനെയാണ് ഉമ്മൻചാണ്ടിയുടെ സൗഹൃദവലയത്തിലെത്തിയത്, അദ്ദേഹത്തിന്റെ പ്രീതിയും സ്‌നേഹവും പിടിച്ചുപറ്റിയത് എന്നിത്യാദി കഥകളുമായി. ജോപ്പനെ ഒന്നാംതരം വില്ലനായി ചിത്രീകരിച്ചുകൊണ്ടുള്ള കഥകൾ. ഇതു വായിക്കുമ്പോൾ മുഖ്യമന്ത്രിയെ കബളിപ്പിച്ച ജോപ്പൻ, മുഖ്യമന്ത്രിയോ നീതിമാൻ, ആദർശശാലി എന്ന്‍ പറയാതെ പറയുന്നു മാധ്യമങ്ങൾ. മുഖ്യമന്ത്രി സോളാർ തട്ടിപ്പുകേസ്സില്‍ കുറ്റക്കാരനല്ലായിരിക്കാം. എന്നിരുന്നാലും പൊതുസമൂഹമധ്യത്തില്‍ അദ്ദേഹവും സംശയത്തിന്റെ നിഴലിലാണ്. അതിന്റെ തെളിവുതന്നെയാണ് അദ്ദേഹം സ്വന്തമായി മൊബൈല്‍ ഫോണ്‍ സ്വന്തമാക്കാൻ തീരുമാനിച്ചത്. അവിടേയും മുഖ്യമന്ത്രിക്ക് കേരളത്തിലെ മാധ്യമങ്ങളുടെ സ്വഭാവത്തെക്കുറിച്ചുള്ള കൃത്യമായ ബോധ്യമുണ്ടെന്ന് തെളിഞ്ഞു. ഒരു ജാള്യതയുമില്ലാതെ അദ്ദേഹം പറഞ്ഞു സിം കാര്‍ഡ് കിട്ടി, സെറ്റ് മകള്‍ അച്ചു ഉമ്മൻ വാങ്ങിത്തരാമെന്ന്‍ പറഞ്ഞിട്ടുണ്ടെന്ന്. അത് കേട്ട മാധ്യമപ്രവർത്തകരില്‍ ഒരാൾക്കുപോലും തോന്നിയില്ല അതും മുഖ്യമന്ത്രി ചെയ്യുന്നത് അനൗചിത്യവും പരോക്ഷമായി അഴിമതിയെ പ്രോത്സാഹിപ്പിക്കുന്ന നടപടിയുമാണെന്ന്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയുടേയും അനുബന്ധചെലവുകളും യാത്രയും എല്ലാം സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്. അതു വച്ചുനോക്കുമ്പോൾ ആ ചെലവിന്റെ ചെറിയ ഒരു അംശം മാത്രമേ എല്ലാവിധ സൗകര്യങ്ങളുമുള്ള ഒരു മൊബൈല്‍ ഫോണ്‍ സെറ്റിന് വില വരികയുള്ളു.

 

മൊബൈല്‍ അഡ്മിനിസ്‌ട്രേഷനിലേക്ക്  രാജ്യവും സംസ്ഥാനവും മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സർവവിധ സൗകര്യങ്ങളുമുള്ള ഫോണ്‍ സെറ്റ് സർക്കാർ ചിലവില്‍ മുഖ്യമന്ത്രിക്ക് ഉണ്ടാവേണ്ടതാണ്. സൗകര്യങ്ങളെ മുഖ്യമന്ത്രി  ആഡംബരമായാണ് കാണുന്നത്. അതു തന്നെ സുതാര്യതയിലും ജനസമ്പർക്കത്തിലും വിശ്വസിക്കുന്ന മുഖ്യമന്ത്രിക്ക് ചേർന്നതല്ല. ഈ സമീപനങ്ങൾ ആത്മാർഥമെങ്കില്‍ സൗകര്യങ്ങളുള്ള ഫോണ്‍ ഇവ സാധ്യമാക്കുന്നതിന് സഹായകമാകും. ഈ ധാരണയുടെ പശ്ചാത്തലത്തില്‍ ചോദ്യം മാധ്യമപ്രവർത്തകരുടെ ഭാഗത്തുനിന്നുണ്ടായില്ല എന്നു മാത്രമല്ല പിറ്റേ ദിവസത്തെ ചിലപത്രങ്ങൾ ആ  വാർത്തയെ നിർലജ്ജം അറപ്പുളവാക്കുന്ന പൈങ്കിളിയാക്കി മാറ്റി. അതായത് മുഖ്യമന്ത്രിക്ക് മൊബൈല്‍ ഫോണ്‍ അച്ചു ഉമ്മന്റെ വക. മനോഹരമായി പൈങ്കിളിയിലൂടെയും അന്വേഷണാത്മകമെന്ന്‍ തോന്നിപ്പിക്കുന്ന ജോപ്പൻ കഥകളിലൂടെയും സോളാർ തട്ടിപ്പ് കേസ്സിലെ മുഖ്യതെളിവുസാന്നിദ്ധ്യത്തെ ഇല്ലാതാക്കി, മുഖ്യമന്ത്രിയെ മാധ്യമങ്ങൾ പോലീസിന്റെ അമ്പേഷണത്തിനു മുൻപുതന്നെ കുറ്റവിമുക്തനാക്കാൻ ശ്രമിക്കുന്നത് അദ്ദേഹത്തെക്കുറിച്ച് സംശയമില്ലാത്തവരില്‍ പോലും സംശയം ജനിപ്പിക്കുന്നു. വിശേഷിച്ചും  തെറ്റയില്‍ പ്രക്ഷേപണത്തിന് ശേഷം.

Tags