Skip to main content

ചൈനയിലെ ഹാങ്ചൌവില്‍ നടന്ന ലോകത്തെ പ്രധാന സാമ്പത്തിക ശക്തികളുടെ കൂട്ടായ്മയായ ജി-20 ഉച്ചകോടിയില്‍ പാകിസ്ഥാനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദക്ഷിണേഷ്യയില്‍ പാകിസ്ഥാന്‍ തീവ്രവാദം പരത്തുന്നതായും രാഷ്ട്രനയത്തിന്റെ ഒരു ഉപകരണമായാണ് തീവ്രവാദത്തെ പാകിസ്ഥാന്‍ ഉപയോഗിക്കുന്നതെന്നും മോദി കുറ്റപ്പെടുത്തി. അതേസമയം, പാകിസ്ഥാന്റെ പേര് പറയാതെയായിരുന്നു മോദിയുടെ പരാമര്‍ശങ്ങള്‍. തീവ്രവാദത്തെ അനുകൂലിക്കുന്നവരെയും അനുവദിക്കുന്നവരെയും ഒറ്റപ്പെടുത്താനും ഉച്ചകോടിയില്‍ മോദി ആഹ്വാനം ചെയ്തു.

 

ചൈനയുടെ പ്രസിഡന്റ് ശി ജിന്‍പിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയടക്കം രണ്ട് ദിവസമായി നടന്ന ഉച്ചകോടിയുടെ പല വേദികളിലും ഇന്ത്യ തീവ്രവാദം ഒരു പ്രധാന വിഷയമായി ഉയര്‍ത്തി. ഉച്ചകോടിയുടെ പാര്‍ശ്വങ്ങളില്‍ ബ്രിട്ടന്‍, അര്‍ജന്റീന, തുര്‍ക്കി എന്നീ രാഷ്ട്രങ്ങളുടെ നേതാക്കളുമായും മോദി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി.

 

നിരോധിത ഭീകര സംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീന്റെ കമാണ്ടര്‍ ആയിരുന്ന ബുര്‍ഹാന്‍ വാനിയെ ഇന്ത്യ സുരക്ഷാ സൈനികര്‍ വധിച്ച സംഭവത്തെ തുടര്‍ന്ന്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരുന്നു. വാനിയെ പാകിസ്ഥാന്‍ രക്തസാക്ഷിയായിട്ടാണ് വിശേഷിപ്പിച്ചത്. ജൂലൈ എട്ടിന് നടന്ന വധത്തില്‍ പ്രതിഷേധിച്ച് തുടങ്ങുകയും കശ്മീര്‍ താഴ്വരയില്‍ ഇപ്പോഴും തുടരുകയും ചെയ്യുന്ന പ്രതിഷേധങ്ങളില്‍ പാകിസ്ഥാന് പങ്കുണ്ടെന്നും ഇന്ത്യ ആരോപിക്കുന്നു.