Skip to main content

ദളിതര്‍ക്കെതിരെയുള്ള അക്രമവും വിവേചനവും സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് പൂര്‍ണ്ണമായും അവസാനിപ്പിക്കണമെന്നും ദളിതരെ വെടിവെക്കാന്‍ മുതിരുന്നവര്‍ക്ക് പകരം തന്നെ വെടിവെക്കാമെന്നും മോദി പറഞ്ഞു. തെലങ്കാനയിലെ തന്റെ ആദ്യ സന്ദര്‍ശനത്തില്‍ ഞായറാഴ്ച ഒരു പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

 

തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വിഷയത്തില്‍ പ്രധാനമന്ത്രി ശക്തമായ രീതിയില്‍ പ്രതികരിക്കുന്നത്. ശനിയാഴ്ച ദില്ലിയില്‍ ജനങ്ങളുമായി നടത്തിയ ഒരു സംവാദത്തിലും സമാനമായ പ്രസ്താവന മോദി നടത്തിയിരുന്നു. പശുസംരക്ഷകര്‍ എന്ന രീതിയില്‍ അക്രമത്തിന് മുതിരുന്നവര്‍ പലരും സാമൂഹ്യവിരുദ്ധര്‍ ആണെന്ന് മോദി വിശേഷിപ്പിച്ചിരുന്നു. പ്ലാസ്റ്റിക് ഉള്ളില്‍ ചെന്നാണ് ഒട്ടേറെ കന്നുകാലികല്‍ ചാകുന്നതെന്നും പശുക്കളെ സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം ചെയ്യേണ്ടത് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യുകയാണെന്നും മോദി പറഞ്ഞിരുന്നു.

 

തന്റെ സംസ്ഥാനമായ ഗുജറാത്തിലെ ഉനയില്‍ തുകല്‍ സംസ്കരണ ജോലിയില്‍ ഏര്‍പ്പെട്ട ദളിത്‌ യുവാക്കളെ പശുസംരക്ഷകര്‍ എന്ന് സ്വയം വിശേഷിപ്പിച്ചവര്‍ പരസ്യമായി അപമാനിക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തെ തുടര്‍ന്ന്‍ അഭൂതപൂര്‍വമായ ദളിത് പ്രക്ഷോഭം അരങ്ങേറിയ പശ്ചാത്തലത്തിലാണ് മോദിയുടെ പ്രതികരണം.

 

അതേസമയം, ദളിത്‌ പ്രശ്നങ്ങള്‍ രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇത് അവര്‍ക്കും സമൂഹത്തിനും ദോഷമേ ചെയ്യുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.