Skip to main content

leela poster

 

എറണാകുളം ഗോൾഡ് സൂക്കിലെ 'ക്യൂ' സിനിമാസിൽ നിന്ന് ഏപ്രിൽ 22ന് ലീല സിനിമ കഴിഞ്ഞിറങ്ങിയപ്പോൾ ഒരു കൗമാരക്കാരി അവളുടെ അമ്മയെ വട്ടം പിടിച്ചുകൊണ്ടാണ് പടിയിറങ്ങിയത്. അവൾ ഇറങ്ങുന്നതിനിടയിൽ പറയുന്നുണ്ടായിരുന്നു 'എനിക്ക് പേടിയാവുന്നു' എന്ന്. ലീല പേടിപ്പെടുത്തുന്ന ഹൊറർ സിനിമാ വിഭാഗത്തിൽ പെടുന്ന ഒന്നല്ല. എന്നിട്ടും ആ കുട്ടി ആൾക്കൂട്ടത്തിനിടയിൽ അച്ഛനമ്മമാരുടെ കൂടെ അവരോട് ചേർന്നു നീങ്ങുമ്പോൾ പറയുന്നു, പേടിയാവുന്നു എന്ന്. ധനനഷ്ടം, സമയനഷ്ടം എന്നീ വികാരങ്ങൾക്കുപ്പുറം ഈ സിനിമയ്ക്ക് വരേണ്ടിയിരുന്നില്ല എന്ന തോന്നലോടെയാണ് മിക്കവരും ആ സിനിമാഹാൾ വിട്ടിറങ്ങിയത്.

 

ഒരു സിനിമയെടുക്കുമ്പോൾ പരിഗണിക്കുന്ന ചില വിഷയങ്ങളുണ്ട്. സാമ്പത്തിക വിജയം, ആസ്വാദ്യത, സിനിമ എന്ന കലാരൂപം, സമൂഹിക പ്രസക്തി, സാർവലൗകികത എന്നിങ്ങനെ. അതൊന്നിനേയും ഈ ലീല അഭിസംബോധന ചെയ്യുന്നില്ല. ഏതു വിഭാഗത്തിൽ പെട്ടതാണെങ്കിലും കാണികൾ എന്ന ഘടകമില്ലെങ്കിൽ സിനിമ ഇല്ല. ഏതു വിഷയം വേണമെങ്കിലും സിനിമയ്ക്ക പ്രമേയവുമാകാം. ന്യായീകരണങ്ങൾ എത്ര വേണമെങ്കിലും നിരത്തുകയും ചെയ്യാം. സിനിമാക്കാരുടെ ഉത്തരവാദിത്വമൊന്നുമല്ല നാടു നന്നാക്കുക എന്നത്. അതും സമ്മതിക്കാം. അതുപോലെ കാണികൾക്കും അവരുടെ സ്വാതന്ത്ര്യം ഉണ്ട്. അതും പ്രധാനം.

 

രാഷ്ട്രീയപരമായും സാഹിത്യപരമായും അമിത പൈങ്കിളിവത്കരണത്തിനു വിധേയമായ, ആചാര നിഷ്ഠമല്ലാത്ത, എന്നാൽ ആചാരങ്ങളുടെ ആധിക്യമുള്ള, സമൂഹമാണ് കേരളം. അതുമൂലം ഒരുപാടു വൈരുദ്ധ്യങ്ങളും. ദൈവത്തിന്റെ സ്വന്തം നാട് എന്ന് പറയുമ്പോൾ തന്നെ ദൈവനിഷേധവും അതിന്റെ രാഷ്ട്രീയവുമൊക്കെ ചേർന്നുള്ള വൈരുദ്ധ്യങ്ങൾ. ഇവകൊണ്ടെല്ലാം സംഭവിച്ചത് വളരെ ദുർബലമായ മാനസികമായ അവസ്ഥയിൽ മലയാളി എത്തിച്ചേർന്നിരിക്കുന്നു എന്നതാണ്. അതിന്റെ ഫലമാണ് മലയാളിയുടെ മദ്യാസക്തി. മാനസികബലം ഉണ്ടാകാതെ മദ്യനയം കൊണ്ടെന്നും മലയാളിയുടെ ലഹരി ഉപയോഗം കുറയാൻ പോകുന്നില്ല. അവശേഷിക്കുന്ന ആരോഗ്യഘടകങ്ങളുടെ കൂടെ കടയ്ക്കൽ കത്തിവയ്ക്കുന്ന വിധമായിപ്പോയി രഞ്ജിത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ലീല. ആ വസ്തുത പറയാതെ നിവൃത്തിയില്ല.

 

ലോകമെന്നത് നന്മയുടെയും തിന്മയുടെയും മിശ്രമാണ്. ഏതെങ്കിലും ഒന്നു മാത്രമായി നിലനിൽപ്പ് സാധ്യമല്ല. ആ തിന്മകളിൽ ഏതെങ്കിലും അപൂർവ്വ സംഭവങ്ങളെ സാമാന്യവത്ക്കരിച്ചു കാണിക്കുന്ന പ്രവണത എൻ.ജി.ഒകളുടെ കാർമ്മികത്വത്തിൽ ആക്ടിവിസ്റ്റുകളിലൂടെ നടക്കുന്ന പ്രക്രിയയാണ്. ശരിയാണ്, മദ്യപിച്ച് സ്വന്തം മക്കളെ ബലാൽസംഗം ചെയ്യുന്ന അച്ഛൻമാരും കാമപൂർത്തീകരണത്തിനുവേണ്ടി സ്വന്തം കുഞ്ഞിനെ കൊല്ലുന്ന വിദ്യാസമ്പന്നകളായ അമ്മമാരുമൊക്കെ ഉള്ള ഇടമാണ് കേരളം. എന്നിരുന്നാലും, ആ സിനിമാ ഹാളില്‍ ലീല കാണാൻ വന്ന പ്രേക്ഷകരിൽ ഏതാണ്ട് എൺപതു ശതമാനവും കുടുംബവുമായി വന്നവരായിരുന്നു. ഇന്നും കേരളത്തിൽ കുടുംബവ്യവസ്ഥയും ബന്ധങ്ങളും തീർത്തും തകർന്നിട്ടില്ല എന്ന് അത് വ്യക്തമായി സൂചിപ്പിക്കുന്നു.

 

ഉണ്ണി ആറിന്റെ ചെറുകഥയെ ആസ്പദമാക്കി ഒരു വട്ടൻ നായക കഥാപാത്രത്തിലൂടെ പറയുന്ന കഥയാണ് ലീല. കൊമ്പനാനയും മാലാഖയും അതിലെ രണ്ട് പ്രധാന ബിംബങ്ങളാകുന്നു. കൊമ്പനാനയ്ക്കു പുറമേ മറ്റൊരു കൊമ്പനായി വേഷമിടുകയാണ് ബിജു മേനോൻ. അതുപോലെ മാലാഖയായെത്തിയ നായിക പാര്‍വതി നമ്പ്യാരും. നായികയെന്നൊന്നും പറയാനില്ലാ എങ്കിലും. ഇടയ്ക്കിടയ്ക്ക് മദപ്പാടിളകുന്ന എന്നാൽ അത്ര വലിയ അപകടമില്ലാത്ത കൊമ്പന്റെ സ്വഭാവമാണ് ബിജു മേനോന്. കുറേ ചിരിപ്പിക്കുന്ന നിമിഷങ്ങള്‍ ബിജുവിന്റെ സ്വതസിദ്ധമായ രീതിയിൽ നന്നായി അവതരിപ്പിക്കുന്നുണ്ട്. എങ്കിലും ആവർത്തന വിരസതകൊണ്ട് ആസ്വാദ്യത നഷ്ടമാകുന്ന നിമിഷങ്ങൾ അനവധി. രണ്ടാം പകുതിയിലാണ് കഥയിലേക്ക് വികസിക്കുന്നത്. അവസാനമാകുമ്പോഴത്തേക്കും സിനിമ പെർവെർഷൻ എന്ന ആംഗലേയ പദത്തെ ഓർമ്മിപ്പിക്കുന്ന തലങ്ങളിലേക്ക് നീങ്ങുന്നു.

 

അകാരണമായി മനുഷ്യമനസ്സുകളെ ആഘാതമേൽപ്പിക്കുന്നത് കുറ്റകരമാണ്. സമൂഹമെന്നു പറയുന്നത് അദൃശ്യവും ലോലവും എന്നാൽ ശക്തവുമായ ചില ഘടകങ്ങളുടെ മേലാണ് നെയ്തെടുക്കുന്നത്. ആ നൂലുകള്‍ ക്ഷയിക്കുമ്പോൾ അത് പൊട്ടിക്കാനല്ല ശ്രമിക്കേണ്ടത്. രഞ്ജിത് ആ ശ്രമത്തിലേക്ക് അറിഞ്ഞോ അറിയാതെയോ വീണുപോയി. വളരെയധികം സിനിമകള്‍ക്ക് തിരക്കഥയും സംവിധാനവും നിർവ്വഹിച്ച ഒരാൾ ഒരു സിനിമ ചെയ്യുമ്പോൾ അതിന്റെ ക്രാഫ്റ്റ് മികച്ചു നിൽക്കും. അതനുസരിച്ച് അത് കൈകാര്യം ചെയ്യുന്ന പ്രമേയം എന്തു തന്നെയായാലും കാണികളിലേക്ക് അവരുടെ അനുവാദമില്ലാതെ ഇറങ്ങിച്ചെല്ലും . ഈ സിനിമ ആ ഗണത്തിലും പെടുന്നു.

 

ലീലയിലെ കഥാപാത്ര സൃഷ്ടികളും അവരെ സിനിമയ്ക്കു വേണ്ടി പരിവർത്തനം ചെയ്യിച്ചെടുത്തും വിജയിച്ചു. വിജയരാഘവനും ജഗദീഷും ഇതുവരെ അവരുടെ അഭിനയ ജീവിതത്തിൽ കാഴ്ചവച്ചതിൽ നിന്നും വളരെ സവിശേഷതയുള്ള രീതിയിലാണ് ഇതിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഈ നടന്മാരെക്കൊണ്ട് സംവിധായകൻ അവരുടെ നരച്ച താടിയൊക്കെ വളർത്തിയെടുത്താണ് അവതരിപ്പിച്ചതെന്നു തോന്നുന്നു. അഥവാ നരച്ചിട്ടില്ലെങ്കിലും വെളുപ്പിച്ച താടി അവരുടെ സ്വന്തം കുറ്റിത്താടി തന്നെ.  ആനയുടെ പാപ്പാനെപ്പോലെ ബിജുമേനോൻ അവതരിപ്പിച്ച കൊമ്പനോടൊപ്പം എപ്പോഴും നടക്കുന്ന കഥാപാത്രത്തിനാണ് വിജയരാഘവൻ ഗംഭീരമായ ഭാവപ്പകർച്ച നൽകിയിട്ടുള്ളത്. അതുപോലെ മദ്യപാനിയായ അച്ഛന്റെ ഭാഗം കൈകാര്യം ചെയ്യുന്നത് ജഗദീഷ് തന്നെയാണോ എന്ന്‍ കാണികൾക്ക് സംശയം ജനിപ്പിക്കും വിധമാണ് ആ കഥാപാത്രത്തെ കോറിയിട്ടിരിക്കുന്നത്. ഈ നല്ല ഗുണവശങ്ങളെല്ലാം പ്രമേയത്താൽ അപ്രസക്തമാക്കപ്പെട്ടു എന്നു പറയേണ്ടിവരുന്നു. ഒരു സിനിമ പൂർത്തീകരിക്കുന്നതിന്റെ സാമ്പത്തികമായും അല്ലാതെയുമുള്ള വശങ്ങൾ വിസ്മരിക്കേണ്ടതല്ല. എന്നാൽ അതിനേക്കാളും വലുതാണ് വ്യക്തിയും സമൂഹവും അവരുടെ സ്വാസ്ഥ്യവും.

Tags