Skip to main content

 

ബാംഗ്ലൂർ നഗരവാസികളായ കുടുംബം. എട്ടും മൂന്നും വയസ്സുളള ആൺകുട്ടികൾ മക്കൾ. അച്ഛനമ്മമാർ ഐ.ടിക്കാർ. രണ്ടാമന്റെ ജനനത്തോടെ അമ്മ അവധിയില്‍ പ്രവേശിച്ചു. മകൻ യു.കെ.ജിയെങ്കിലുമായെങ്കിൽ മാത്രമേ ജോലിക്കു പോയിത്തുടങ്ങുകയുള്ളു എന്ന് തീരുമാനം. അതിന്റെ ഉഷാർ മൂന്നു വയസ്സുകാരനിൽ കാണാനുമുണ്ട്. നല്ല കുറുമ്പാണ്. അടങ്ങിയിരിക്കുന്ന സമയമില്ല. ഇപ്പോൾ പ്ലേ സ്കൂളിൽ പോകുന്നുണ്ട്. അതുവഴി മൂപ്പർക്കിപ്പോൾ ഇത്തരി ഗൗരവമൊക്കെ വന്നു തുടങ്ങുന്നുവെന്നാണ് അമ്മയുടെ ഭാഷ്യം. കുറുമ്പുകൊണ്ട് ഏറ്റവുമധികം ബുദ്ധിമുട്ടുന്ന അമ്മ തന്നെ ഈ സർട്ടിഫിക്കറ്റ് കൊടുക്കുമ്പോൾ അദ്ദേഹത്തിൽ കാര്യമായ മാറ്റങ്ങൾ കണ്ടു തുടങ്ങിയെന്ന് ന്യായമായും കരുതാം. ഇപ്പോൾ അമ്മയുടെ വായിൽ നിന്നും കുറുമ്പുകഥകളേക്കാൾ ഗൗരവക്കഥകളാണ് കേൾക്കാറുള്ളത്.സ്കൂളിൽ നിന്നു വന്നാൽ കസർത്തിന്റെ ആവശ്യമില്ലാതെ സ്വന്തം നിലയ്ക്ക് ഭക്ഷണം കഴിക്കുന്നു എന്നിങ്ങനെ. കൂട്ടത്തിൽ ചില ഉത്തരവാദിത്വങ്ങളും മൂപ്പര് കാണിക്കാറുണ്ടത്രെ. ആവശ്യമില്ലാതെ എവിടെയെങ്കിലും ലൈറ്റോ ഫാനോ ഓണായി കിടന്നാൽ ഇദ്ദേഹം കസേരെയൊക്കെ പിടിച്ചുകൊണ്ടിട്ട് അത് ഓഫാക്കും. ആരെങ്കിലും ലൈറ്റ് ഓഫാക്കാൻ മറന്നുപോയാൽ അവരെ വിളിച്ചുകൊണ്ടുവന്ന് ഓഫാക്കിക്കും.

 

ഈ ലൈറ്റ് ഓഫാക്കൽ ശീലം ശ്രദ്ധിക്കാവുന്നതാണ്. ഇപ്പോൾ ഈ മൂന്നു വയസ്സുകാരന് അറിയില്ല എന്തിനാണ് ലൈറ്റും ഫാനും ഒക്കെ ഓഫാക്കുന്നതെന്ന്. എന്നാല്‍ അത് ശീലമായിക്കഴിഞ്ഞിരിക്കുന്നു. ഇതു അച്ഛനമ്മമാരുടെ ശീലം കണ്ടാണ് പഠിച്ചത്. ഇപ്പോൾ അച്ഛനമ്മമാർ മറന്നുപോയാൽ അവരെക്കൊണ്ടുപോലും അവയൊക്കെ ഓഫാക്കിക്കുന്നു. ഇതാണ് ശീലത്തിന്റെ പ്രത്യേകത. ഇത് വ്യക്തിയുടെ ജീവിതത്തിന്റെ ഭാഗമാകുന്നു. അച്ഛനമ്മമാരുടെ ഉത്തരവാദിത്വം വർധിക്കുന്നതും ഇവിടെയാണ്. അവരുടെ എല്ലാ ശീലവും രീതികളും ഇതുപോലെ കുട്ടികൾ തങ്ങളിലേക്ക് ആവാഹിക്കുന്നു.

 

നിഷ്കളങ്കമായി ആവർത്തനത്തിലൂടെ ജനിതക സ്മൃതിയിലേക്ക് ചില കാര്യങ്ങൾ പ്രവേശിക്കുന്നതിനാലാണ് ഈ ശീലം സംഭവിക്കുന്നത്. ആചാരങ്ങൾ പ്രസക്തവും ശാസ്ത്രീയവുമായ സാമൂഹ്യ ഉപാധി ആകുന്നതും ഇവിടെയാണ്. ആചാരങ്ങൾ വ്യക്തിയിലൂടെ സമൂഹത്തിന്റെ ശീലമായി മാറുന്നതാണ്. പിന്നീടത് സമൂഹത്തിൽ നിന്ന് വ്യക്തിയിലേക്ക് സന്നിവേശിക്കപ്പെട്ടുകൊണ്ടിരിക്കും. ചില ആചാരങ്ങൾ അനാചാരങ്ങളായും പരിണമിക്കാറുണ്ട്. അപ്പോൾ ആചാരങ്ങളെ ശാസ്ത്രീയമായി പരിഷ്കരിക്കുകയാണ് വേണ്ടത്. അല്ലാതെ ഒരാചാരം അനാചരമായതിന്റെ ലക്ഷണങ്ങളിലൂടെ കണ്ട് അവയെ പൂർണ്ണമായി തിരസ്കരിക്കുകയല്ല. അതുപോലെ തന്നെ ആചാരങ്ങളെ കാലാനുസൃതമായി പരിഷ്കരിക്കേണ്ടതും അതേപോലെ പ്രസക്തമാണ്. ഈ പരിഷ്കാരം നടക്കാത്തതിനാലാണ് അവ അനാചാരങ്ങളിലേക്ക് വഴുതി വീഴുന്നത്.

 

വിദ്യാഭ്യാസവും യഥാർഥത്തിൽ സംഭവിക്കുകയാണ് വേണ്ടത്. ഈ മൂന്നുവയസ്സുകാരന്റെ കോശങ്ങളിലേക്ക് ആവശ്യമില്ലാതെ ഇട്ടിരിക്കുന്ന ലൈറ്റും ഫാനും ഓഫാക്കണമെന്ന അറിവു പോലെ. ഗാന്ധിയൻ വിദ്യാഭ്യാസ മാതൃകയും ഇതു തന്നെ. ഒരു കുട്ടി ഏതെങ്കിലുമൊന്നിലേക്ക് നിഷ്കളങ്കതയോടെ സ്വാഭാവികമായി ഇടപഴകുകയും ആ ഇടപഴകലിൽ അതിന്റെ പ്രയോഗവും സാധ്യമാകുന്നു. അവ്വിധം ഏതാണോ പഠിക്കേണ്ടത് അതിന്റെ പ്രയോഗം സിദ്ധമായതിനും ശേഷം മുതിരുമ്പോൾ ക്രമേണ താൻ എന്താണോ പഠിച്ചത് അതിന്റെ ശാസ്ത്രവും ശാസ്ത്രത്തിന്റെ വ്യാകരണവും പറഞ്ഞുകൊടുക്കുന്നു. അപ്പോൾ തനിക്ക് പരിചിതമായതിന്റെ അറിയപ്പെടാത്ത രഹസ്യങ്ങൾ കൗതുകപൂർവ്വം വിദ്യാർഥി സ്വീകരിക്കുന്നു. അവിടെ സമ്മർദ്ദത്തിനു പകരം കുട്ടിയിൽ കൗതുകമായിരിക്കും ഉണ്ടാവുക. അതിനാൽ പഠനം ഭാരമാകുന്നില്ല.

 

ഇത് രക്ഷിതാക്കൾ അറിയേണ്ട വസ്തുതയാണ്. തങ്ങളുടെ കുട്ടി എങ്ങനെയുളളവളായിരിക്കണം അല്ലെങ്കിൽ എങ്ങനെയുള്ളവനായിരിക്കണം എന്ന് മാതാപിതാക്കൾ തീരുമാനിക്കണം. തുടർന്ന് ആ വിധം തങ്ങള്‍ ജീവിക്കാൻ ശീലിക്കണം. ഇരുപത്തിയൊന്നു ദിവസം ചില ശീലങ്ങൾ ആവർത്തിച്ചാൽ അത് ജീവിതത്തിന്റെ ഭാഗമാകും. കുട്ടികളോട് സ്നേഹമുണ്ടെങ്കിൽ മാതാപിതാക്കൾ ചെയ്യേണ്ട അടിയന്തരകാര്യം ഇതാണ്. ചുരുക്കത്തിൽ കുട്ടികൾ ജനിക്കുമ്പോൾ വേണമെന്നുവെച്ചാൽ മാതാപിതാക്കൾക്ക് വൃത്തിയായി ജീവിക്കാനുള്ള അവസരം വീണുകിട്ടുന്നു.

 

നമ്മുടെ മൂന്നു വയസ്സുകാരൻ ബാല്യവും കൗമാരവും യൗവ്വനവുമൊക്കെ കടന്നു ചെല്ലുമ്പോൾ ആവശ്യമില്ലാത്ത ലൈറ്റ് ഓഫ് ചെയ്യൽ ശീലം കൂടെയുണ്ടാകും. അദ്ദേഹം ഏത് ഓഫീസിൽ പോയാലും ഈ ശീലം ആവർത്തിക്കും. അന്നപ്പോൾ അദ്ദഹം പ്രാഥമികമായി തന്റെ ശീലത്തിന്റെ ഭാഗമായിട്ടാണ് ലൈറ്റും ഫാനും ഓഫ് ചെയ്യുന്നതെങ്കിലും ചില അറിവുകൾ കൂടി ഉണ്ടാകും. ആ അറിവ് അദ്ദേഹത്തിന്റെ ശീലത്തിന്റെ പിന്നിലെ ശാസ്ത്രീയത പകർന്നുകൊടുക്കും. അതു പുതിയ അനുഭവമായിരിക്കും ആ യുവാവിന് പ്രദാനം ചെയ്യുക. അദ്ദേഹത്തിന്റെ ശീലം അതില്ലാത്ത സഹപ്രവർത്തകരിലേക്കും അറിയാതെ പകരും. അപ്പോള്‍ സാമൂഹ്യപരമായും ദേശീയമായും എന്തിന് ആഗോളപരമായിപ്പോലും ആ പ്രവൃത്തി മാറുന്നു.

 

ശാസ്ത്രീയവും ബൗദ്ധികവുമായ കാര്യങ്ങൾ നിഷ്കളങ്കതയോടെ പ്രയോഗിക്കുന്നത് ഒരു വ്യക്തിയിൽ ശീലമാവുകയും അത് അയാളുടെ ജീവിതത്തിന്റെ ഭാഗമാവുകയും ചെയ്യുന്നതിനെയാണ് സംസ്കാരം എന്നു പറയുന്നത്. സംസ്കാരം എങ്ങനെ സൃഷ്ടിക്കണമെന്നുള്ളതും ഓർമ്മിപ്പിക്കുന്നതാണ് ഈ മൂന്നുവയസ്സുകാരന്റെ ലൈറ്റണയ്ക്കൽ. അത് പ്രതീകാത്മകമായി എല്ലാ അർഥത്തിലും വെളിച്ചം പരത്തുന്ന ലൈറ്റണയ്ക്കൽ തന്നെ.

Tags

Mindscaping

ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി എന്താകാം? സംശയം വേണ്ട. ഒരു രക്ഷാകര്‍ത്താവായി മാറുന്നതിലാണെന്ന്‍ നിസ്സംശയം പറയാം. സാമൂഹികമായും ഏറ്റവും പ്രസക്തമായ വിഷയമാണത്. ഉന്നത വിദ്യാഭ്യാസവും, ഉയര്‍ന്ന പദവികളും സമ്പത്തും ആധുനിക സംവിധാനങ്ങളും എല്ലാം ഉണ്ടെങ്കിലും ഒരു എല്‍.കെ.ജി കുട്ടിയുടെ ചോദ്യത്തിന് മറുപടി കൊടുക്കാന്‍ രക്ഷാകര്‍ത്താക്കള്‍ക്ക് പറ്റുന്നില്ല. ആ കുട്ടി അഞ്ചു വയസ്സാകുമ്പോഴും, പത്തു വയസ്സാകുമ്പോഴും പതിനഞ്ചു വയസ്സിലെത്തുമ്പോഴും അതേ അവസ്ഥയിലൂടെ കടന്നുപോകുന്നു. അഥവാ ആ കുട്ടിയുടെ മനസ്സില്‍ മാതാപിതാക്കളില്‍ നിന്ന്‍ ഒഴുകിച്ചെന്ന സ്വഭാവത്തിന്റെ ധാതുഘടകങ്ങളുടെ അടിസ്ഥാനത്തില്‍ ഒരുത്തരം സ്വാഭാവികമായി പൊന്തിവരുന്നില്ല. ഇത് വ്യക്തിയേയും സമൂഹത്തേയും പ്രതിസന്ധിയിലാക്കുന്നു. അതിന്റെ അനുരണനങ്ങള്‍ പല രൂപത്തില്‍ പ്രതിഫലിക്കുന്നു. ആ പ്രതിഫലനത്തിന്റെ നേര്‍ക്കാഴ്ചകള്‍ മാധ്യമങ്ങളിലൂടെ എത്രവേണമെങ്കിലും കാണാം. ഈ സാഹചര്യത്തില്‍ നമ്മുടെ ചുറ്റുപാടുകളിലെ കുഞ്ഞുകുഞ്ഞു യഥാര്‍ഥ സംഭവങ്ങളിലൂടെ രക്ഷിതാക്കള്‍ക്കും (പ്രത്യേകിച്ച് കൗമാരക്കാരുടെ), കൗമാരക്കാര്‍ക്കും മധ്യാഹ്നത്തില്‍ നിശ്ചലമായ കിണറ്റുവെള്ളത്തിലെ അടിത്തട്ടുപോലെ കാര്യങ്ങള്‍ കാണാന്‍ സഹായിക്കുന്നതാണ് കരവലയവും , പടവുകാലവും.

കരവലയം ഒരു രക്ഷാകര്‍ത്താവിന്‍റെ വീക്ഷണത്തിലൂടെ നോക്കുമ്പോള്‍ പടവുകാലം കൗമാരക്കാരുടെ ഭാഗത്തുനിന്നു കാണുന്നു. ഒരേ വിഷയത്തിലേക്ക് സ്‌നേഹത്തോടെയുള്ള രണ്ടു നോട്ടങ്ങള്‍.