Skip to main content

സൂക്ഷ്മത്തില്‍ സൂക്ഷ്മമായതിന്റെ ഗ്രാഹ്യപ്രകടനരൂപമാണ് ഗണിതശാസ്ത്രം. ഗണിതശാസ്ത്രത്തിന്റെ പ്രയോഗമാണ് ഭൗതികലോകം. അത് പഠിച്ച് പ്രയോഗിക്കുന്നവരാണ് എഞ്ചിനീയർമാർ. നാളെ ഒരപകടമുണ്ടാവുമ്പോൾ ജുഡീഷ്യല്‍ അന്വേഷണമുൾപ്പടെ ഒട്ടേറെ അന്വേഷണങ്ങൾ നടത്താറുണ്ട്. ഈ അന്വേഷണങ്ങൾ പലപ്പോഴും ദുരന്തം സൃഷ്ടിച്ച ആഘാതത്തില്‍ ജനങ്ങൾക്കുണ്ടാകുന്ന വൈകാരികാവസ്ഥയുടെ തൃപ്തിക്കുവേണ്ടിയാകുന്നു. ഏതാനും ദിവസം കഴിയുമ്പോൾ ആ ദുരന്തവും അകന്ന ഓർമ്മയായി അവശേഷിക്കുന്നു. വർഷങ്ങൾക്കുശേഷം വരുന്ന അന്വേഷണറിപ്പോർട്ടില്‍ പറയുന്ന കാര്യങ്ങൾ മിക്കപ്പോഴും റിപ്പോർട്ടിന്റെ ഭാഗമായി ഒതുങ്ങുന്നു. ഈ പശ്ചാത്തലത്തില്‍ വേണം എഞ്ചിനീയറിംഗ് പ്രവേശനത്തിന് കണക്കിന്റെ മാർക്കിന് ഇളവു പ്രഖ്യാപിച്ചുകൊണ്ടുള്ള മേയ് 29-ലെ മന്ത്രിസഭാതീരുമാനം വിലയിരുത്തേണ്ടത്. സയൻസ് വിഷയങ്ങൾക്ക് മൊത്തം അറുപതുശതമാനം മാർക്കുള്ള വിദ്യാർഥിക്ക് കണക്കില്‍ നാല്‍പ്പത്തിയഞ്ചു ശതമാനമേ മാർക്കുള്ളുവെങ്കിലും പ്രവേശനത്തിന് അനുമതി നല്‍കുന്നതിനാണ് തീരുമാനം.

 

എഞ്ചിനീയറിംഗിന് ചേരുന്ന വിദ്യാർഥിയുടെ അടിസ്ഥാന യോഗ്യത രണ്ടാണ്. ഒന്ന്‍ പഠന മികവ്. രണ്ട്, ആ വിഷയത്തില്‍ വിദ്യാർഥിക്കുള്ള അഭിരുചി. എഞ്ചിനീയറിംഗിന് ചേരുന്ന വിദ്യാർഥിയെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ് കണക്കിലുള്ള ശേഷി. മറ്റ് സയൻസ് വിഷയങ്ങളില്‍ അല്‍പ്പം കുറവുണ്ടായാല്‍പ്പോലും കണക്കില്‍ ശക്തമായ അടിത്തറയുള്ള വിദ്യാർഥിക്ക് ആ കുറവിനെ തരണം ചെയ്യും. കണക്കിന് അമ്പതുശതമാനം പോലുമെന്നുള്ളത് വിദ്യാർഥിയുടെ വിഷയത്തിലുള്ള ഗ്രാഹ്യക്കുറവാണ് കാണിക്കുന്നത്. വിശേഷിച്ചും മുൻപത്തേതിനേക്കാൾ വളരെ ഔദാര്യപൂർവം മാർക്കിടുന്ന ഈ കാലഘട്ടത്തില്‍. അതിനാല്‍ കണക്കില്‍ ശരാശരിയിലും താഴെയുള്ള ഒരു വിദ്യാർഥിക്കുമാത്രമേ നാല്‍പ്പത്തിയഞ്ചു ശതമാനം മാർക്കു ലഭിക്കുകയുള്ളു. അങ്ങിനെയുളള വിദ്യാർഥി കടന്നുവരേണ്ട മേഖലയല്ല എഞ്ചിനീയറിംഗ്. അത് ആ കുട്ടിയോടും രാഷ്ട്രത്തോടും ചെയ്യുന്ന വഞ്ചനയാണ്.

 

സ്വകാര്യ മാനേജ്‌മെന്റുകളുടെ ലക്ഷ്യം ലാഭമുണ്ടാക്കുക എന്നതു മാത്രമാണ്. മദ്യവ്യവസായത്തേക്കാൾ ലാഭകരമാണ് സ്വകാര്യപ്രൊഫഷണല്‍ കോളേജുകൾ എന്നുകണ്ടാണ് ആ വ്യവസായത്തില്‍ നിന്നുള്ളവർപോലും ആ രംഗം വിട്ട് ഈ രംഗത്തേക്കു വന്നിട്ടുള്ളത്. സ്വകാര്യ മാനേജ്‌മെന്റുകളുടെ അഭ്യർഥന മാനിച്ചാണ് ഈ ഇളവ് ചെയ്തുകൊടുത്തതെന്ന്‍ മന്ത്രിസഭായോഗ വിശദീകരണത്തിനിടയില്‍ മുഖ്യമന്ത്രി പറയുകയുണ്ടായി. ഈ രീതിയില്‍ എങ്ങിനെയങ്കിലും എഞ്ചിനീയറിംഗ് ബിരുദം പാസ്സായി സമൂഹത്തിലേക്കു വരുന്നവർ ഉത്തരവാദിത്വപ്പെട്ട ജോലികൾ നിർവഹിക്കേണ്ടിവരികയാണെങ്കില്‍ അവിടെ സംഭവിക്കുന്ന വീഴ്ചകൾ നാളെയുടെ മഹാദുരന്തങ്ങൾക്ക് കാരണം തന്നെയാകും. ചിലപ്പോൾ ഇവ്വിധം കടന്നുവരുന്ന ചിലർ അതിസമർഥരായിക്കൂടെന്നില്ല. അത് വിരളമാണ്. ആ വിരളതയെ സാധാരണവല്‍ക്കരിക്കുന്നത് യുക്തിസഹമല്ല.

 

സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകാരുടെ പ്രലോഭനവും രക്ഷകർത്താക്കളുടെ മോഹവും നിമിത്തം വർഷം പ്രതി ഒട്ടേറെ വിദ്യാർഥികളാണ് ഇപ്പോൾ എഞ്ചിനീയറിംഗ് ഉൾപ്പടെയുള്ള പ്രൊഫഷണല്‍ കോഴ്‌സുകൾക്ക് ചേരുന്നത്. ഇതില്‍ ഭൂരിഭാഗത്തിനും അത്യാവശ്യം യോഗ്യതാമാർക്കും അതില്‍ കൂടുതലും ഉള്ളവരുമാണ്. എന്നിട്ടും നല്ലൊരു ശതമാനം പഠനം മുന്നോട്ടുകൊണ്ടുപോകാൻ ബുദ്ധിമുട്ടുന്നു. വിദ്യാർഥികൾ തോല്‍ക്കുന്നു. ഇതു സംബന്ധിച്ച് കഴിഞ്ഞവർഷം പുറത്തുവന്ന റിപ്പോർട്ടുകൾപ്രകാരം മിക്ക സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലേയും വിദ്യാർഥികൾ പരീക്ഷയില്‍ ദയനീയമായ വിധം പരാജയപ്പെടുന്നതായാണ് കണ്ടത്. ഇതിന്റെ വെളിച്ചത്തില്‍ ഈ കോളേജുകൾ നിലവാരം മെച്ചപ്പെടുത്തിയില്ലെങ്കില്‍ അംഗീകാരം പിൻവലിക്കുമെന്നുവരെ പ്രഖ്യാപിക്കപ്പെട്ടതാണ്. ഈ പശ്ചാത്തലമൊക്കെയുണ്ടായിട്ടാണ് ഇപ്പോൾ കണക്കിന്റെ മാർക്ക് യോഗ്യത അമ്പതില്‍നിന്ന് നാല്‍പ്പത്തിയഞ്ചായി കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. സർക്കാർ വലിയ ഒരു ആനുകൂല്യം നല്‍കിയിരിക്കുന്നു എന്ന പ്രതീതിയോടെയാണ് മുഖ്യമന്ത്രി ഇക്കാര്യം പത്രസമ്മേളനത്തില്‍ അറിയിച്ചത്.

 

മറ്റൊരു വസ്തുതകൂടി കണണം. അതായത് എഞ്ചിനീയറിംഗ് ഇവ്വിധം പാസ്സായി പുറത്തിറങ്ങുന്നവരില്‍ തന്നെ നല്ലൊരുശതമാനം ക്ലർക്ക് തസ്തികകളുൾപ്പടെയുളള എഞ്ചിനീയറിംഗ് ഇതരമേഖലകളിലേക്കു മാറുന്നു. ആ വിദ്യാർഥികളുടെ അന്തർലീനമായ കഴിവുകൾ കാണപ്പെടാതെപോയി എന്നുമാത്രമല്ല അവർക്കിഷ്ടമില്ലാത്ത വിഷയം കഷ്ടപ്പെട്ട് പഠിക്കേണ്ടിവന്നതുമൂലം അവരിലുണ്ടാവുന്ന മാനസികാവസ്ഥ സങ്കീർണമായിരിക്കും. സാമൂഹികമായ കാഴ്ച്ചപ്പാടില്‍ അതൊക്കെ വളരെ പ്രാധാന്യമർഹിക്കുന്നതാണ്. നമ്മുടെ ഭരണകർത്താക്കളും നേതാക്കളുമൊക്കെ ചിലവേദികളില്‍ ചിലതിനെയൊക്കെ ഉയർത്തിക്കാണിച്ച് വിലപിക്കുകയും വിമർശിക്കുകയുമൊക്കെ ചെയ്യാറുണ്ട്. അതിന്റെയൊക്കെ കാരണങ്ങൾ ഓരോരോ കാലഘട്ടങ്ങളില്‍ ഇവ്വിധം സ്വീകരിക്കപ്പെട്ട നടപടികളാണ്. അവിടെയാണ് ഭരണകർത്താക്കളുടേയും നേതാക്കളുടേയും ഉത്തരവാദിത്വം ഉണ്ടാവേണ്ടത്. ലാഭക്കൊതിയോടെ പ്രവർത്തിക്കുന്നവരും അവരുദ്ദേശിക്കുന്ന ദിശയില്‍ സമൂഹത്തെ കൊണ്ടുപോകണമെന്ന് ആഗ്രഹമുളളവരും എക്കാലത്തും എവിടെയുമുണ്ടാകും. അത്തരക്കാരെയും ഉൾപ്പെടുത്തി അവരില്‍ നിന്നും സമൂഹത്തെ രക്ഷിച്ചും ശക്തിപ്പെടുത്തിയും മുന്നോട്ടുകൊണ്ടുപോകുക എന്നതാണ് ഭരണകർത്താക്കളുടെ പ്രാഥമിക ധർമ്മം.

 

ഇവിടെ കാതലായ ചില വിഷയങ്ങൾ ഉയർന്നുവരുന്നു. എന്തുകൊണ്ടാണ് ഏറ്റവും കുറഞ്ഞ മാർക്ക് നിശ്ചയിക്കുന്നത്. അതിന്റെ അടിസ്ഥാന കാരണവും പ്രസക്തിയുമെന്ത്. വിദഗ്ധമായ അക്കാദമിക് പഠനത്തിനു ശേഷമാണോ മന്ത്രിസഭ ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തിരിക്കുന്നത്. അത്തരത്തിലൊരു വിദഗ്ധസമിതിയുടെ നിർദ്ദേശത്തെത്തുടർന്നാണെങ്കില്‍ രാഷ്ട്രത്തേയും വ്യക്തിയേയും ബാധിക്കുന്ന എന്തെല്ലാം കാര്യങ്ങൾക്ക് മുൻതൂക്കം നല്‍കിയാണ് ഈ തീരുമാനം മന്ത്രിസഭ എടുത്തിരിക്കുന്നത്. അല്ലെങ്കില്‍ ആരുടെ, ഏത് താല്‍പ്പര്യത്തിനാണ് മുൻതൂക്കം നല്‍കിയിരിക്കുന്നത്.

Tags