Skip to main content

narendra modi

 

സബ്സിഡികള്‍ നിര്‍ത്തലാക്കില്ലെന്നും നികുതി വ്യവസ്ഥ പരിഷ്കരിക്കുമെന്നും സര്‍ക്കാര്‍ സംവിധാനത്തിന്റെ വേഗം വര്‍ധിപ്പിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇപ്പോഴത്തെ രണ്ട് ട്രില്ല്യന്‍ സമ്പദ്വ്യവസ്ഥയില്‍ നിന്ന്‍ രാജ്യത്തെ 20 ട്രില്ല്യന്‍ സമ്പദ്വ്യവസ്ഥയായി മാറ്റാനാണ് സര്‍ക്കാറിന്റെ ശ്രമമെന്ന് മോദി പറഞ്ഞു. വെള്ളിയാഴ്ച എക്കൊണോമിക് ടൈംസ് ദിനപത്രം സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ബജറ്റിനു ആറാഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ, സബ്സിഡികള്‍ നിര്‍ത്തലാക്കില്ലെന്ന്‍ പ്രധാനമന്ത്രി വ്യക്തമാക്കി. പാവപ്പെട്ടവര്‍ക്ക് സബ്സിഡി ആവശ്യമാണെന്നും ഇത് വിതരണം ചെയ്യാന്‍ ലക്ഷ്യവേധിയായ ഒരു സംവിധാനമാണ് വേണ്ടതെന്നും മോദി പറഞ്ഞു.

 

തൊഴില്‍ സൃഷ്ടിക്കുന്നില്ലെങ്കില്‍ പരിഷ്കാരം, സാമ്പത്തിക വളര്‍ച്ച, പുരോഗതി എന്നിവയെല്ലാം പൊള്ളയായ വാക്കുകള്‍ മാത്രമാണെന്നും മോദി പറഞ്ഞു. തൊഴില്‍ സൃഷ്ടിക്കുന്നത് സര്‍ക്കാറിന്റെ മാത്രം പരിപാടിയായി കാണുന്ന രീതിയാണ് ഉളളത്. ഇത് മാറണമെന്നും സൃഷ്ടിക്കുന്ന വികസനം ജനകീയ പ്രസ്ഥാനമാകണമെന്നും മോദി ആവശ്യപ്പെട്ടു.     

 

ഇന്ത്യയിലെ നികുതിവ്യവസ്ഥ സങ്കീര്‍ണ്ണമാണെന്നും ഇതില്‍ പരിഷ്കാരം അത്യാവശ്യമാണെന്നും മോദി പറഞ്ഞു. നികുതി സ്ഥിരതയും വ്യവസായ സൗഹൃദ നയങ്ങളും അനുകൂലമായ നിയന്ത്രണ ചട്ടക്കൂടുകളും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുകയാണെന്ന് മോദി കൂട്ടിച്ചേര്‍ത്തു.

 

ഉദാരവല്‍ക്കരണത്തിന്റെ  ഇരുപത് വര്‍ഷങ്ങളിലും നിയന്ത്രിത മനോഭാവം മാറിയിട്ടില്ലെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. വ്യവസായ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നതില്‍ പ്രശ്നമില്ലെന്ന ചിന്താഗതി മാറണമെന്ന് അദ്ദേഹം പറഞ്ഞു.