Skip to main content

mobile phone ban

 

വർധിച്ചുവരുന്ന ബലാൽസംഗങ്ങളുടെ പശ്ചാത്തലത്തിൽ സ്കൂളുകളിലും കോളേജുകളിലും മൊബൈൽ ഫോൺ നിരോധിക്കണമെന്ന് കർണ്ണാടക നിയമസഭയുടെ സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമത്തിനായുള്ള സമിതി ശുപാർശ ചെയ്തിരിക്കുന്നു. കാരണം പെൺകുട്ടികളെ വശീകരിച്ച് കെണിയിൽ പെടുത്തി ബലാൽസംഗം ചെയ്യുന്നതിൽ വില്ലൻ സ്ഥാനത്താണ് മൊബൈൽ ഫോണിനെ സമിതി കണ്ടെത്തിയിരിക്കുന്നത്. ശരിയായിരിക്കാം. സന്ദേശങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്നതിൽ മുഖ്യപങ്ക് മൊബൈൽ ഫോണിനുണ്ടാകാം. അതുകൊണ്ട് ബലാൽസംഗം വർധിക്കുന്നതിന് കാരണമായി അതിന്റെ ഉപയോഗത്തെ സമിതി കണ്ടത് ഉചിതമായില്ല. മാറ്റത്തിന്റെ ഈ കാലഘട്ടത്തിൽ മനുഷ്യന്റെ ഇടപെടലിൽ സംഭവിച്ചിരിക്കുന്ന സാംസ്കാരികമായ മാറ്റത്തെത്തുടർന്ന്‍ ചിന്തയിലും വൈകാരികതയിലും സ്വാസ്ഥ്യത്തിലും അതിന്റെ പ്രതിഫലനങ്ങളുണ്ട്. എന്നാല്‍, ഈ കാലഘട്ടത്തിലെ ഒരു മഹാപ്രതിഭാസത്തെ നിസ്സാരമായി കാണുന്ന പരിമിതവീക്ഷണമാണ് മൊബൈൽ ഫോൺ നിരോധിക്കാൻ നിയമസഭാസമിതിയെ പ്രേരിപ്പിച്ചത്. നിയമസഭാസമിതി എന്നാൽ നിയമസഭ തന്നെയാണ്. ഒരു ജനായത്ത സംവിധാനത്തിൽ ഒരു വിഷയത്തേക്കുറിച്ച് സമഗ്രമായി പഠിച്ച് പരിഹാരം നിർദ്ദേശിക്കാൻ യോജ്യമായ സംവിധാനം. ആ സംവിധാനം ഈ വലിയ വിഷയത്തെ അപ്രായോഗികവും നിലവിലുള്ള പ്രശ്നത്തെ കൂടുതൽ സങ്കീർണ്ണവുമാക്കുന്ന രീതിയിൽ സമീപിക്കാൻ പാടില്ലായിരുന്നു.

 

രാജ്യം മുഴുവൻ വൈഫൈയിലേക്ക് നീങ്ങാൻ പോകുന്ന വേളയിൽ ഇത്തരമൊരു നിർദ്ദേശം സഭാസമിതി മുന്നോട്ടുവച്ചത് മാറുന്ന കാലത്തെക്കുറിച്ചുള്ള വേണ്ടത്ര അറിവ് ഇല്ലാത്തതുകൊണ്ടുമായിരിക്കാം. വെർച്വൽ ലോകമാണ് ഇന്ന് സാധാരണലോകത്തെ നിയന്ത്രിക്കുന്നത്. ഇവിടെ സഭാസമിതി ചെയ്യാൻ ശ്രമിക്കുന്നത് സാധാരണ ഭൗതികലോകം കൊണ്ട് വെർച്വൽ ലോകത്തെ തിരുത്താനാണ്. അത് ഇന്ന് അസാധ്യമാണ്. കാരണം വെർച്വൽ ലോകം ഇന്ന് യാഥാർഥ്യമാണ്. അതാണ് വ്യക്തിപരമായും പ്രാദേശികമായും സാർവ്വലൗകികമായും സംസ്കാരത്തേയും സ്വഭാവത്തേയും നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത്. ബംഗലൂരു ഇന്ത്യയിലെ ഐ.ടി. നഗരമാണ്. ബാംഗ്ലൂര്‍ എന്ന പേര് മാറ്റിയിട്ടും ഇവിടത്തെ സംസ്കാരം ഇന്ന് കന്നഡ സംസ്കാരമല്ല. അത് പാശ്ചാത്യകാഴ്ചപ്പാടിന് പ്രാമുഖ്യമുള്ള മിശ്രിത സംസ്കാരത്തിന്റെ പ്രഭവകേന്ദ്രമാണ്. ഈ സാംസ്കാരിക മാറ്റം ബംഗലൂരുവിലും കർണ്ണാടകത്തിന്റെ മറ്റ് പ്രദേശങ്ങളിലും മാത്രമല്ല സ്വാധീനം ചെലുത്തുന്നത്. ഇങ്ങ് കേരളമുൾപ്പടെയുള്ള തെന്നിന്ത്യൻ സംസ്ഥാനങ്ങളിലും ബംഗലൂരു സംസ്‌കാരം അതിതീവ്രമായ സ്വാധീനം ചെലുത്തുന്നുണ്ട്. അതൊരു പുതുതലമുറ സംസ്കാരമായാണ് ബംഗലൂരുവിന് പുറത്തുള്ളവർ ഏറ്റുവാങ്ങുന്നത്. ബംഗലൂരു സംസ്കാരത്തിൽ പുതുസംസ്കാരത്തിന്റെ തീക്ഷ്ണഘടകങ്ങൾ ഉണ്ടുതാനും. കാരണം കഴിഞ്ഞ കാലത്തിൽ നിന്ന് പുതിയ യുഗത്തിലേക്ക് ലോകത്തെ കൊണ്ടുപോയിക്കൊണ്ടിരിക്കുന്ന ഡിജിറ്റൽ സാങ്കേതികവിദ്യാപ്രയോഗത്തിന്റെ ഇന്ത്യയിലെ പ്രഭവകേന്ദ്രവും തലസ്ഥാനവും കൂടിയാണ് ബംഗലൂരു.

 

ഒരു പ്രാദേശിക സംസ്കാരം നശിക്കുമ്പോൾ സംഭവിക്കുന്ന അപഭ്രംശത്തിന്റെ ഉത്തമ ഉദാഹരണം കൂടിയാണ് ബംഗലൂരു. ഏതു പ്രാദേശിക സംസ്കാരവും അവിടെയുള്ള ജീവതത്തിന്റെ ചിട്ടപ്പെടുത്തലുമായി ബന്ധപ്പെട്ടതാണ്. ആ ചിട്ടകളുടെ സൗന്ദര്യാത്മകമായ ചെപ്പുകളാണ് പല രൂപത്തിലും ഭാവത്തിലും കാണപ്പെടുകയും കേൾക്കപ്പെടുകയും ചെയ്യുന്ന സാംസ്കാരിക മുദ്രകൾ. ഏത് മാറ്റത്തേയും ചിട്ടപ്പെടുത്താനുള്ള സൂക്ഷ്മഘടകങ്ങൾ ഏതു സംസ്കാരത്തിലും അവശേഷിക്കും. അത് സൂക്ഷ്മമായതിനാൽ പലപ്പോഴും നേർക്കാഴ്ചയിൽ കാണാൻ കഴിഞ്ഞെന്നുവരില്ല. കണ്ടാൽ പഴഞ്ചനെന്നോ കാലഹരണപ്പെട്ടതെന്നോ തോന്നിയെന്നുമിരിക്കും. അത് മിക്കപ്പോഴും പഴഞ്ചൻ നോട്ടം കൊണ്ട് സംഭവിക്കുന്നതാണ്. മുഷിഞ്ഞ ബാഹ്യരൂപം കണ്ട് വിലയിരുത്തലിലെത്തുന്നതുപോലെ. വൃത്തിയാക്കാനും പുതുവസ്ത്രങ്ങൾ തുന്നി സൗകുമാര്യത്തോടെ അണിയിക്കാനും വഴക്കമില്ലാത്തവർ നിർണ്ണായക നിമിഷങ്ങളിൽ നിർണ്ണായക ഇടങ്ങളിൽ വന്നു ഭവിക്കുന്നതുമൂലം വരുന്ന പ്രശ്നമാണിത്.

 

യൗവനത്തിന്റെ ശേഷിയും ഭ്രമാത്മകതയും തോളോട് തോൾ ചേർന്ന് പോകുന്ന നഗരമാണ് ഇന്ന് ബംഗലൂരു. ഇത് അങ്ങോട്ടുമിങ്ങോട്ടും മാറിമറിഞ്ഞ് നീങ്ങുന്നു. ഈ സംസ്കാരം സ്കൂളുകളിലും കോളേജുകളിലും മറ്റെവിടേയും പോലെ സ്വാധീനം ചെലുത്തും. പുതുയുഗത്തിൽ എല്ലാവരും ബന്ധപ്പെട്ടുകിടക്കുന്നു. 24x7. മൊബൈൽ ഫോൺ നിരോധിച്ചാൽ കുറച്ചൊക്കെ മൊബൈൽ ഫോൺ ഉപയോഗം കുറഞ്ഞെന്നിരിക്കും. എന്നാൽ അതിനേക്കാൾ ശക്തമായി ബന്ധപ്പെടാനും വിനിമയം നടത്താനുമുള്ള രീതിയിലേക്ക് പുതുതലമുറ മാറും. അത് മൊബൈലിനേക്കാൾ ശക്തവും ഗൂഢവുമായിരിക്കും. മൊബൈൽ ഫോൺ അവശേഷിക്കുന്ന പഴുതുകൾ പോലുമില്ലാതെയായിരിക്കും അത് അരങ്ങേറുക. ഇതിനർഥം സ്കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗം അനുവദിക്കണമെന്നല്ല. ബലാൽസംഗം വർധിക്കാനുള്ള കാരണം മൊബൈൽ ഫോൺ ഉപയോഗമല്ലെന്നും അതു കുറയ്ക്കാനുള്ള വഴി ഫോണ്‍ ഉപയോഗം നിരോധിക്കലുമല്ല എന്ന തിരിച്ചറിവിലേക്ക് ഉണരേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുന്നതിനു വേണ്ടിയാണ്.

 

സ്കൂളുകളിലും കോളേജുകളിലും സൗന്ദര്യാത്മകവും സർഗാത്മകവുമായി എങ്ങനെ കുട്ടികളുടെ അധികോർജത്തെ സ്വാതന്ത്ര്യത്തിന്റെ വഴിയിലൂടെ നയിച്ച് ആന്തരികമായ സ്ഥിതാവസ്ഥയിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ കഴിയുമെന്ന ചിന്തയിലേക്കെങ്കിലും നിയമസഭാസമിതി പോലുളള ഉത്തരവാദിത്തപ്പെട്ട സമിതികൾ ചിന്തിച്ചുതുടങ്ങണം. ബംഗലൂരു സംസ്കാരം കേരളത്തേയും ബാധിക്കുന്നുണ്ട്. അതിനാൽ ഈ ദിശയിലേക്ക് ഇവിടേയും ചിന്ത തിരിയേണ്ട സമയം വൈകിയിരിക്കുന്നു. പുതിയ ആയുധം, ഡിജിറ്റൽ ടൂൾ, ചിന്തയും പ്രവൃത്തിയും തമ്മിലുളള സമയത്തിന്റെ അകലം കുറച്ചിരിക്കുന്നു. അതിനാൽ ശേഷിയും. വ്യക്തമായ വീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ എങ്ങനെ സ്കൂൾ-കോളേജ് അന്തരീക്ഷം പരിവർത്തനം ചെയ്യാമെന്നുള്ള മൂർത്തമായ പദ്ധതികളാണ് ഇന്നാവശ്യം. മൊബൈൽ ഫോൺ നിരോധനം ഒരു വേദനാസംഹാരിയുടെ ഗുണം പോലും ചെയ്യില്ല. മാത്രമല്ല കൂടുതൽ അപകടത്തെ വിളിച്ചുവരുത്തുകയും ചെയ്യും.

Tags