പ്ലസ്ടൂ വിദ്യാർഥിനി. സ്കൂളിൽ പോകുന്നത് പ്രത്യേകം ഏർപ്പാടാക്കിയ വാഹനത്തിൽ. വീട്ടിൽ മികച്ച സാമ്പത്തികശേഷി. കൂട്ടുകാരുമൊത്ത് പുറത്തുപോകാനൊന്നും അവകാശമില്ല. കൂട്ടുകാർ പലതവണ മാളുകളിലും മറ്റും ഒത്തുകൂടാറുണ്ട്. ചിലപ്പോൾ സുഹൃത്തുക്കളുടെ വീട്ടിൽ. അത്തരം കൂട്ടായ്മകളിലൊന്നും ഈ പ്ലസ്ടൂക്കാരിക്ക് പോകാൻ പറ്റാറില്ല. ഓരോ കൂട്ടായ്മകളുടെ കഥ സുഹൃത്തുക്കളിൽ നിന്നു കേൾക്കുമ്പോൾ ഈ പതിനേഴുകാരിയിൽ സങ്കടവും അമർഷവും നഷ്ടബോധവും തുടങ്ങി സമ്മിശ്രവികാരങ്ങൾ അലതല്ലും. തന്റെ സ്വാതന്ത്ര്യമില്ലായ്മയെക്കുറിച്ച് ആൺകുട്ടികളുൾപ്പടെയുള്ള സുഹൃത്തുക്കളുമായി ഈ കുട്ടി സംസാരിക്കുകയും ചെയ്യും. അങ്ങനെയിരുന്നപ്പോഴാണ് സ്കൂളിൽ നിന്നുള്ള പഠനയാത്ര വന്നത്. അതിരാവിലെ പോയി സന്ധ്യയോടെ തിരിച്ചെത്തുന്ന പരിപാടി. ക്ലാസ്സിലെ എല്ലാവരും തന്നെ പോകാനുള്ള തയ്യാറെടുപ്പിലായി. പക്ഷേ ഈ കുട്ടിക്കുമാത്രം അനുമതി ലഭിച്ചില്ല. ഒടുവിൽ കരച്ചിലും നിരാഹാരസമരവുമൊക്കെ നടത്തി രക്ഷിതാക്കളിൽ നിന്ന് അനുവാദം വാങ്ങി. അതുതന്നെ അച്ഛനുമമ്മയും സ്കൂള് പ്രിൻസിപ്പലിനേയും കൂടെ പോകുന്ന അധ്യാപകരേയുമൊക്കെ നേരിൽ കണ്ട് തങ്ങളുടെ മകളെ പ്രത്യേകമൊന്ന് ശ്രദ്ധിക്കണമെന്ന് ചട്ടം കെട്ടിയതിനു ശേഷം. സുഹൃത്തുക്കളുമായുള്ള ഒരു കൂട്ടായ്മയ്ക്കും ഇതുപോലെ അനുവാദം സംഘടിപ്പിച്ചെടുത്തു. പക്ഷേ, നഗരത്തിലെ മാളിലേക്കെത്തിയത് അപ്പൂപ്പന്റേയും അമ്മൂമ്മയുടേയും അകമ്പടിയോടെ.
മകളോടുള്ള സ്നേഹം കൊണ്ടാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്നാണ് മാതാപിതാക്കൾ കരുതുന്നത്. എന്നാൽ, അവർ ഈ കുട്ടിയിൽ നിന്നും അനുദിനം അകന്നുകൊണ്ടിരിക്കുകയാണെന്ന് അവർ തിരിച്ചറിയുന്നില്ല. ഇവളുടെ അച്ഛനമ്മമാർ വളരെ കണിശക്കാരാണെന്നും തീരെ സ്വാതന്ത്ര്യമനുവദിക്കാത്തവരാണെന്നും എല്ലാവർക്കുമറിയാം. വാസ്തവത്തിൽ ഈ കുട്ടിയുടെ സുഹൃത്തുക്കളുടെയിടയിൽ അവരെക്കുറിച്ച് മോശമായ ധാരണയാണ്. ആ ധാരണ സൃഷ്ടിച്ചതാകട്ടെ, സ്വന്തം മകളും. സ്വന്തം അച്ഛനമ്മമാരെ മറ്റുള്ളവരുടെ മുന്നിൽ മോശക്കാരായി ചിത്രീകരിക്കുന്നുവെങ്കിൽ അത് മകളും അച്ഛനമ്മമാരും തമ്മിലുള്ള ബന്ധത്തിലെ ബന്ധമില്ലായ്മയാണ്. തനിക്ക് സ്വാതന്ത്ര്യം അനുവദിക്കാത്തതിലെ അമർഷമായിരിക്കും പതിനഞ്ചും പതിനാറും വയസ്സിലൊക്കെ ഈ വിദ്യാർഥിനിയിൽ ഉണ്ടായിരിക്കുക. എന്നാൽ പതിനേഴു വയസ്സുകഴിഞ്ഞ് പതിനെട്ടിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്ന ഈ യുവതിയോടുള്ള പഴയ സമീപനം തുടരുന്നതിലൂടെ ആ യുവതി മനസ്സിലാക്കുക തന്നിൽ വിശ്വാസമില്ലാത്തവരാണ് തന്റെ മാതാപിതാക്കളെന്നാണ്. അതിനുപരി ഈ വിദ്യാർഥിനിയിലുണ്ടാകുന്ന സ്വഭാവവ്യതിയാനങ്ങൾ ദൂരവ്യാപകവും ദോഷകരവുമായ പ്രത്യാഘാതങ്ങൾ ഉളവാക്കുന്നതാണ്. ചുറ്റുമുള്ള ലോകം മുഴുവൻ പേടിക്കേണ്ടതാണെന്നാണ് മാതാപിതാക്കളുടെ അമിത വേലികെട്ടലിലൂടെ ഓരോ നിമിഷവും മനസ്സിലാക്കുന്നത്. അത് വ്യക്തിത്വത്തിന്റെ ഭാഗമായി മാറും. ആരിലും വിശ്വാസമില്ലാതാവുന്ന ഘടകം ആ കുട്ടിയുടെ സ്വഭാവത്തിന്റെ ഭാഗമായാൽ അതിശയമില്ല. അതാണ് സംശയരോഗത്തിലേക്ക് നയിക്കുന്നത്. അതോടൊപ്പം ഉണ്ടായിവരുന്ന ആത്മവിശ്വാസമില്ലായ്മ മറ്റൊരുഭാഗത്ത്. ഇത് സ്വയം ബഹുമാനമില്ലായ്മയിലേക്കാണ് നയിക്കുക. അങ്ങേയറ്റം അപകടകരമാണിത്. സ്വയം ബഹുമാനിക്കാൻ കഴിയാത്തവരാണ് പലപ്പോഴും മറ്റുള്ളവരുടെ അവഹേളനത്തിന് പാത്രമാകുന്നവിധം പെരുമാറിപ്പോകുന്നത്.
സ്വാതന്ത്ര്യമില്ലായ്മയും സ്വയം ബഹുമാനമില്ലായ്മയും അംഗീകാരം കിട്ടായ്മയും അച്ഛനമ്മമാരുമായുളള മാനസികമായ അകൽച്ചയുമെല്ലാം നിമിത്തം മാനസിക സംഘർഷത്തിലകപ്പെടുന്ന ഈ കുട്ടി എപ്പോഴും വിഷമത്തിലായിരിക്കും. മുതിരുന്നതിനനുസരിച്ച് അത് വിഷാദത്തിലേക്കും നയിച്ചുകൂടായ്കയില്ല. വിഷമമനുഭവിക്കുന്നവർ സന്തോഷിക്കാൻ കിട്ടുന്ന ഒരവസരവും പാഴാക്കുകയില്ല. അവരുടെ ലക്ഷ്യം എങ്ങനെയെങ്കിലും താൻ അനുഭവിക്കുന്ന വിഷമത്തിൽ നിന്ന് പുറത്തുചാടുക എന്നാതാണ്. അങ്ങിനെയാണ് സന്തോഷം ലഭിക്കുന്ന വഴികളെന്ന് കരുതി പലപ്പോഴും വൻവിലക്കുകളുടെ നടുവിൽ ജീവിക്കുന്നവർ വൻ അബദ്ധങ്ങളിൽ ചെന്നുപെടുക. മാതാപിതാക്കളുടെ വ്യക്തിത്വവികാസമില്ലായ്മയുടെ ഇരയായി ഒരു പെൺകുട്ടി യൗവനത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഉദാഹരണമാണ് ഈ പ്ലസ്ടൂ വിദ്യാർഥിനി.