Skip to main content
കോട്ടയം

സംസ്ഥാന സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലാകും ലോകസഭാ തെരഞ്ഞെടുപ്പിലെ ജനവിധിയെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സോളാര്‍ കേസിനെ കോണ്‍ഗ്രസിനെ ഭയപ്പെടുന്നില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കോണ്‍ഗ്രസിനെ വിമര്‍ശിക്കാനും വിയോജിപ്പ്‌ പ്രകടിപ്പിക്കാനും എല്ലാവര്‍ക്കും അവകാശമുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

 

ഇടുക്കിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിനോട്‌ ഇടുക്കി മെത്രാന്‍ മാത്യു ആനിക്കുഴികാട്ടില്‍ മോശമായി പെരുമാറിയെന്ന റിപ്പോര്‍ട്ടുകള്‍ മുഖ്യമന്ത്രി തള്ളി. തന്നെ സന്ദര്‍ശിക്കാനെത്തിയ ഡീനിനെ മെത്രാന്‍ പരസ്യമായി ശകാരിച്ചിരുന്നു. എന്നാല്‍, ഡീന്‍ കുര്യാക്കോസിന് അക്കാര്യത്തില്‍ പരാതിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

സംഭവത്തെ തുടര്‍ന്ന്‍ മെത്രാനെ നികൃഷ്ട ജീവിയെന്ന്‌ തന്റെ ഫേസ്ബുക്ക് പേജില്‍ വിമര്‍ശിച്ച എം.എല്‍.എ വി.ടി ബല്‍റാമിനോട് വിശദീകരണം ചോദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബല്‍റാമിനെ താക്കീത് ചെയ്യാന്‍ കെ.പി.സി.സി തീരുമാനിച്ചിട്ടുണ്ട്. മെത്രാന്റെ പരാമര്‍ശങ്ങളെ വിമര്‍ശിച്ച വി.ഡി സതീശന്‍, ടി.എന്‍ പ്രതാപന്‍ എന്നിവര്‍ക്കെതിരെയും കെ.പി.സി.സി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

 

തൃശ്ശൂറില്‍ നിന്നുള്ള പി.സി ചാക്കോയുടെ മണ്ഡലം മാറ്റവും ഇടുക്കി സിറ്റിംഗ് എം.പിയായ പി.ടി തോമസിന്റെ പിന്‍വാങ്ങലുമായി ബന്ധപ്പെട്ട വിവാദങ്ങളും മുഖ്യമന്ത്രി തള്ളി. മണ്ഡലം മാറണമെന്ന്‌ പി.സി ചാക്കോ നിര്‍ബന്ധം പിടിച്ചിട്ടില്ലെന്നും സ്വയം മാറിനിന്ന് പി.ടി തോമസ്‌ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസിന് അവസരം നല്‍കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

 

സീറ്റ്‌ വിഭജന സമയത്ത്‌ യു.ഡി.എഫില്‍ നിലനിന്നിരുന്ന ആശങ്കകളൊക്കെ സ്ഥാനാര്‍ഥി നിര്‍ണ്ണയം പൂര്‍ത്തിയായതോടെ കഴിഞ്ഞുവെന്ന്‍ മുഖ്യമന്ത്രി പറഞ്ഞു. ആര്‍എസ്‌പിക്ക്‌ സീറ്റ്‌ നല്‍കണമെന്നത്‌ യു.ഡി.എഫ്‌ കൂട്ടായെടുത്ത രാഷ്ട്രീയ തീരുമാനമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതിന്‌ മുന്‍പ്‌ ഒരിക്കലും ഉണ്ടായിട്ടില്ലാത്ത വിധത്തിലുള്ള ഐക്യമായിരിക്കും ഇത്തവണ ഉണ്ടാകുകയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Tags